Wednesday, September 21, 2016

മാതളത്തോട്ടവും,അൽഹൂത്ത ഗുഹയും .( Al Wakan village and Al Hoota cave )


ഒമാനിൽ വന്നിട്ട് ഒന്നരവർഷമാകുന്നു. എന്നിട്ടും ഈ രാജ്യത്തെ കാഴ്ച്ചകൾ കണ്ടു തീർന്നിട്ടില്ല .
പുതുമയുള്ള കാഴ്ചകൾ  പ്രവാസജീവിതത്തിനാകട്ടെ നവോന്മേഷവും സമ്മാനിക്കുന്നുണ്ട്.
ഇത്തവണത്തെ ബലിപെരുന്നാൾ അവധിദിനങ്ങളെ അവിസ്മരണീയമാക്കാൻ ഉതകിയ രണ്ട് യാത്രകളെ കുറിച്ച് ഇവിടെ കുറിക്കാമെന്ന് കരുതുന്നു.

വക്കാൻ ഗ്രാമം (wakan village )


ഈയിടെ ദൃശ്യമാധ്യമങ്ങളിൽ  വന്ന  "ആറരമണിക്കൂർ മാത്രം" പകൽദൈർഘ്യമുള്ള സ്ഥലം എന്ന  വാസ്തവവിരുദ്ധമായ വാർത്തയാലാണ് വക്കാൻ ജനശ്രദ്ധയാകർഷിച്ചത്.ഒമാനിലെ അൽ അവാബി പ്രവിശ്യയിൽ നിന്നും 31 km അകലെയാണ് വക്കാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

വക്കാനിലേക്കുള്ള യാത്രയിലുടനീളം ചെറുതും,വലുതുമായ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. റുസ്താഖ് വഴിയുള്ള യാത്രയിൽ നഖൽ എന്ന സ്ഥലത്തെ വെള്ളച്ചാട്ടത്തിലിറങ്ങി തെളിനീരിൽ മുങ്ങിക്കുളിക്കാം....
ഇടയ്ക്കിടെ ദൃശ്യമാകുന്ന, മരുപ്പച്ചയെ കണ്ണുകളിലേക്ക് ആവാഹിച്ചെടുക്കാം..
വക്കാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത് മലമുകളിലാണ്. രണ്ടര കിലോമീറ്ററോളം കച് റോഡാണ് അതുവഴി ചുരം കയറേണ്ടതുണ്ട്.
ചെങ്കുത്തായ കയറ്റവുമിറക്കവുമൊക്കെയായി സാഹസികത നിറഞ്ഞ യാത്രയ്ക്ക് ശേഷം വക്കാനെന്ന കൊച്ചു ഗ്രാമത്തിലെത്തി.
വിരലിലെണ്ണാവുന്നത്ര കുടുംബങ്ങൾ മാത്രം താമസിക്കുന്ന നാട്!
കുന്നിൻ മുകളിൽ കഷ്ടിച്ച് പത്തോളം വണ്ടികൾക്ക് പാർക്കിങ്ങ് സൗകര്യമുണ്ട്.
                                           മലമുകളിൽ നിന്നുള്ള ദൃശ്യ ഭംഗി.

ഗ്രാമവാസികളുടെ വീടുകൾക്കിടയിലായി മുകളിലേക്ക് കയറിപ്പോകാൻ കോൺക്രീറ്റ് ചവിട്ടുപടികൾ സ്ഥാപിച്ചിട്ടുണ്ട് വീടുകളുടെ വരാന്തകളിൽ ഗ്രാമീണതയുടെ ശാലീനത പേറി സുന്ദരികളായ ബാലികമാർ തേൻ കച്ചവടം നടത്തുന്നുണ്ട്. തദ്ദേശവാസിയായ അറബ്‌വൃദ്ധൻറെ റുമ്മാൻ വില്പനയും തകൃതിയായി നടക്കുന്നു .പടികൾ താണ്ടി മുന്നോട്ട് നടന്നു.അവിശ്വസനീയമായി തോന്നി കണ്മുന്നിലെ കാഴ്ചകൾ .. ചുറ്റിലും  കായ്ച്ചുനിൽക്കുന്ന മാതളനാരങ്ങാതോട്ടം!
കത്തി നിൽക്കുന്ന സൂര്യന്റെ വെയിൽനാളങ്ങൾ അരിച്ചിറങ്ങാൻ മാത്രം ഇടം നൽകുന്ന മുന്തിരിപ്പടർപ്പുകൾ ...തലയുയർത്തി നിൽക്കുന്ന മലമുകളിൽ അതിനേക്കാൾ തലയെടുപ്പോടെ നിൽക്കുന്ന ഈത്തപ്പനമരം ... തോട്ടത്തിലേക്ക് വെള്ളമെത്തുന്ന ഫലജുകൾ ..


വീശിയടിക്കുന്ന കാറ്റ് മുഖത്തെ വിയർപ്പുതുള്ളികളെ ഒപ്പിയെടുക്കുന്നു .
കുട്ടികൾക്കൊപ്പം ഒരു കുട്ടിയെന്നപോലെ ഞാനും പടികളോരോന്നും ചാടിക്കയറി.ഇടയ്ക്ക് വഴിക്കരികിലുള്ള മരം കൊണ്ടുള്ള ഇരിപ്പിടത്തിലിരുന്ന് വിശ്രമിച്ചു.


ഒരു കിളിയായി ജനിച്ചു ,മരിച്ചാൽ  മതിയായിരുന്നുവെന്നാശിച്ചു, ഈ തോട്ടത്തിൽ പാറിനടന്ന് മാതളപ്പഴങ്ങൾ കൊത്തി തിന്ന് കുന്നിൻ ചെരുവിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളച്ചാലുകളിൽ കുടിച്ചും,കുളിച്ചും പിന്നീടെപ്പോഴോ ശരീരത്തിൽ നിന്ന് ജീവന്റെ കണികകൾ അകലും വരേയ്ക്കും.... (അതൊരു വേനൽചൂടേറ്റാവാം)

സ്വർഗീയസുന്ദരമായ തോട്ടത്തിൽ ഇരുന്ന് ഞാൻ മുൻപ് കേട്ട ഒരു കഥയോർത്തു.റുമ്മാൻ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറക്കിയ പഴമാണത്രെ ...അപ്പോൾ ഈ കുന്നിൻ മുകളിലായിരിക്കണം ആദ്യറുമ്മാൻറെ  വിത്തുപാകിയിട്ടുണ്ടാവുക ,
അതാകണം ഇവിടെ മാതളനാരങ്ങയ്ക്കായി ഒരു തോട്ടം.. ഇതൊക്കെ എന്റെ ഭാവനാവിലാസങ്ങൾ മാത്രമാണ് കേട്ടോ...


കുന്നിറങ്ങുമ്പോൾ അല്പം മാതളങ്ങൾ വാങ്ങിച്ചു ,മാർക്കറ്റിൽ കിട്ടുന്നതിന്റെ ഇരട്ടിവിലയ്ക്കാണ് എങ്കിലും ഒരു ഓർമ്മയ്ക്കായി.


അൽ ഹൂത്തഗുഹ (Al Hoota cave )രണ്ട്  പ്ലാനുകളായിരുന്നു പെരുന്നാളിന്റെ അവധിയോടനുബന്ധിച്ചുണ്ടായിരുന്നത്.
ഒന്ന് വക്കാൻ കാണുകയെന്നത്‌.അത് എന്റെ ഇഷ്ടപ്രകാരം ആയിരുന്നു.അതിന്റെ ഭാഗമായി നടത്തിയ യാത്ര ഒന്നാം ദിവസം വഴിതെറ്റലിൽ കലാശിച്ച് സന്ധ്യയായപ്പോഴാണ് അവിടെ എത്താൻ കഴിഞ്ഞത്.(ഗൂഗിൾ മാപ്പിലൊന്നും ഈ സ്ഥലം എത്തിയിട്ടില്ല ) രാത്രി കാഴ്ച്ചകൾ കാണാൻ കഴിയാത്തത് കൊണ്ട് അന്ന് മടങ്ങി .
                                       
പിന്നീട് പ്ലാൻ ബി യെ കുറിച്ചായി എല്ലാവരുടെയും ചിന്ത അൽ ഹൂത്തഗുഹ. അവിടത്തെ കണ്ണ് കാണാത്ത മീനെ കാണാൻ എല്ലാവർക്കും ധൃതിയായിരുന്നു.പോകാൻ ഗൂഗിൾ കാട്ടിത്തന്ന എളുപ്പവഴി ഉപയോഗിച്ച് റുസ്താഗ് വഴി പോയ ഞങ്ങൾ ഓഫ്‌റോഡ് ഡ്രൈവിൽ കുടുങ്ങി 'പെട്ടെന്ന്' പറഞ്ഞാൽ മതിയല്ലോ .. വളരെ ദുർഘടം പിടിച്ച ചെങ്കുത്തായ മലകൾ കയറി ഇറങ്ങിവേണം പോകാൻ എന്ന് മനസ്സിലാക്കി ഓടിയ ദൂരമത്രയും ഇരട്ടിദൂരം ഓടി മസ്കറ്റ് എക്സ്‌പ്രസ് ഹൈവേയിലൂടേ ,ഫഞ്ച വഴി
നിസ്‌വയിലെത്തി അവിടെനിന്നും ബഹളയിലെത്തുകയായിരുന്നു.

                                                      ഡാ ജാങ്കോ ഞാൻ പെട്ടു ....:)
വഴി തെറ്റിയത് കൊണ്ട് ഒരു ഗുണമുണ്ടായത് അൽ ഹസം കാസിൽ കാണാൻ കഴിഞ്ഞെന്നതാണ് .പഴയകാലഒമാൻ ഭരണാധികാരികളായ "ഇമാമുമാർ " ഇടം.ഈ കൊട്ടാരത്തിൽ ജിന്നുകൾക്കായി ഒരു റൂമുണ്ടായിരുന്നു എന്നത് കൗതുകമുണർത്തുന്ന കാര്യമായിരുന്നു.എല്ലാ അറകളിൽ നിന്നും ഭൂഗർഭ അറകളിലേക്ക് തുറക്കാവുന്ന വാതിലുകളും,ദർബാറുകളും വെള്ളം അകത്തേക്കൊഴുകിയെത്തുന്ന ചെറു അണക്കെട്ടുകളും വിശാലമായ മട്ടുപ്പാവും,പതിനെട്ടാം നൂറ്റാണ്ടിലെ ആയുധ ശേഖരവും കാണേണ്ട കാഴ്ച്ച തന്നെ!
                                   

കേട്ടിട്ടില്ലേ.. അൽ ഹൂത്തി ഗുഹയെ പറ്റി ?
ജബൽ ഷംസിന്റെ താഴ്വരയിൽ കിടക്കുന്ന ദശലക്ഷങ്ങൾ പഴക്കമുള്ള ഈ ഗുഹ കണ്ടെത്തുന്നത് 1960 കളിലാണ്.
മസ്കറ്റിൽ നിന്നും നിസ്‌വയിലെത്തി അവിടെ നിന്നും 54 km ബഹള എന്ന സ്ഥലത്തേക്ക് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

മുതിർന്നവർക്ക് ആറര റിയാലും കുട്ടികൾക്ക് മൂന്നര റിയാലുമാണ് പ്രവേശനഫീസ് .ഒരു ദിവസം 750 പേർക്കാണ് പ്രവേശനം.ഗുഹാ കവാടം വരെ ട്രെയിനിൽ സവാരിയുണ്ടെങ്കിലും ഞങ്ങൾ പോയ സമയം ട്രെയിൻ പണിമുടക്കത്തിലായിരുന്നു .അത് കൊണ്ട് ഗുഹാകവാടം വരെ നീണ്ട നല്ല ഒരു നടത്തം കിട്ടി.ട്രെയിനിൽ സഞ്ചരിക്കുന്നതിനേക്കാൾ നന്നായി പ്രകൃതി മനോഹാരിത കാണാനും,ക്യാമറയിൽ ഒപ്പിയെടുക്കാനും കഴിഞ്ഞു.
ഒരു തുരങ്കം വഴിയാണ് ഗുഹയിലേക്ക് പ്രവേശിക്കുന്നത് .നീണ്ട വഴികൾ അവസാനിക്കുന്നിടത്ത് ഗുഹാമുഖം ആരംഭിക്കുകയായി.ഗുഹയ്ക്കകത്ത് അങ്ങിങ്ങായി സ്ഥാപിച്ചിരിക്കുന്ന വിളക്കുകൾ നൽകുന്ന പ്രകാശത്തിലും ഗുഹയിൽ അന്ധകാരത്തിന്റെ സ്പർശം വ്യക്തമാണ് .

                     

ഗുഹയ്ക്കകത്തെ ശില്പചാരുതയിൽ ലയിച്ച് നടക്കുമ്പോൾ കാലത്തിന്റെ മായികവും,യാഥാർത്ഥ്യവുമായ  ഭാവങ്ങളല്ലേ അവയ്‌ക്കെന്ന് സ്വാഭാവികമായി തോന്നിപ്പോകും .
യുഗങ്ങളോളം പഴക്കമുണ്ട് ചുണ്ണാമ്പുകല്ലായൂർന്നിരിക്കുന്ന ഓരോ കണികയ്ക്കും !
                                                ഗുഹയ്ക്കത്തേക്കുള്ള വഴി
ഗുഹയിൽ സ്ഥാപിച്ച ഏണിപ്പടികളിലൂടെ അധികം ശബ്ദമുണ്ടാക്കാതെ നടക്കാൻ ഗൈഡ് ഞങ്ങൾക്ക് നിർദ്ദേശം നൽകി.ഗുഹയിലെ ജീവജാലങ്ങളുടെ സംരക്ഷണാർത്ഥം -അവരുടെ സ്വെര്യതയ്ക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാൻ - ഗുഹയിൽ ഫോട്ടോഗ്രാഫിയും പാടില്ലാത്രേ! ഗുഹാമുഖത്തെത്തിയപ്പോൾ ഒരു തണുത്ത കാറ്റ് ഞങ്ങളെ അടിമുടി തലോടി ആ സ്നേഹക്കുളിരിൽ മുങ്ങി പ്രപഞ്ച വിസ്മയമങ്ങളിലൊന്നായ ഗുഹയിൽ അവാച്യമായൊരു ലഹരിയിൽ മുങ്ങി നടക്കുമ്പോൾ കാലം ഏറ്റവും വലിയ ഹീറോയായി വെള്ളിത്തിരയിലെന്ന പോൽ കണ്മുന്നിൽ ശിലാശില്പങ്ങളായി നൃത്തമാടി.

രസികനായ ഒരു ഗൈഡ് താനേ രൂപം കൊണ്ട ശില്പഭംഗിയെ പട്ടാളക്കാരനെയും, ബുദ്ധനെയും,കുഞ്ഞിന് പാൽനൽകുന്ന അമ്മയേയും, പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ കൂട്ടത്തിൽ ഒരു ശില ചൂണ്ടി കുട്ടികളോട് ഇത് ടോം ആൻഡ് ജെറിയിലെ ചീസ് എന്ന് പറഞ്ഞത് കുട്ടികളിലും വലിയവരിലും ചിരി സമ്മാനിച്ചു.

പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ സഞ്ചാരസാഹിത്യത്തിൽ പറഞ്ഞാൽ ,(ഒരു ഭൂഗർഭ പലായനം എന്ന തലക്കെട്ടിൽ കാംഗോ ഗുഹകളെ കുറിച്ച് അദ്ദേഹം എഴുതിയിരുന്നു -ഒരു ആഫ്രിക്കൻ യാത്ര-)
" ഉള്ളിലേക്ക് കടന്നുചെല്ലുംതോറും അതിപുരാതനവും കാറ്റും വെളിച്ചവുമേൽക്കാത്തതുമായ മണ്ണിന്റെയും,കല്ലിൻ്റെയും,ജലത്തിൻ്റെയും വിഷാദംപൂണ്ട ഗന്ധം വർധിക്കുന്നു .അറകളിൽ വർണ്ണവെളിച്ചങ്ങൾ തെളിയിക്കുമ്പോൾ മായാലോകങ്ങൾ ജനിക്കുന്നുവെങ്കിലും അവ അണയുമ്പോൾ വീണ്ടും നാം മണ്ണിന്റെ ഉള്ളറയുടെ നിശിതമായ ഏകാന്തബോധത്തിലേക്ക് മടങ്ങുന്നു .ഭൂമിയുടെ അന്തരാളം ഒരു നല്ല സ്ഥലമല്ല എന്നാണ് എന്റെ ബലമായ അഭിപ്രായം.ഏത് കുറ്റാകൂറ്റിരുട്ടിനെയും   ആകാശവും,ചക്രവാളങ്ങളും മയമുള്ളതാക്കുന്നു.ഭൂമിക്കുള്ളിൽ ഇരുട്ട് വന്യജന്തുവും,കാലം പ്രേതാത്മാവുമാണ്." ഗുഹാശില്പങ്ങൾ രൂപം കൊള്ളുന്ന പർവ്വതനിർമ്മാണ പ്രതിഭാസത്തെ കുറിച്ചും,ചുണ്ണാമ്പുകല്ലിന്റെ മൂന്നു വകഭേദങ്ങളെ കുറിച്ചും വളരെ നന്നായി പ്രതിപാദിക്കുന്നുമുണ്ട് അദ്ദേഹം.

ഗുഹയുടെ മുകളിൽ നിന്നും താഴത്തേയ്ക്കുള്ള കോണിപ്പടിയിറങ്ങി മറുവശത്തെന്നുന്നത് എട്ട് മീറ്ററോളം ആഴമുള്ള ഒരു തടാകത്തിലേക്കാണ്.
ഒരു മലയടിവാരത്തെ  വലിയ ഗുഹയ്ക്കകത്തെ കുടിവെള്ള സ്രോതസ്സ് !!
ആദിമ മനുഷ്യർ അവിടെ വസിച്ചിരുന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും കാലം അടയാളം പോലും അർപ്പിക്കാത്തവിധം അവയെ തുടച്ചു നീക്കിയതാണോ എന്ന്  ആർക്ക് പറയാനാവും...

അവിടെയാണ് കാലങ്ങളോളം ഇരുട്ടിൽ കഴിഞ്ഞു ആവാസവ്യവസ്ഥയുടെ ഭാഗമായി കാഴ്ചയില്ലാത്ത ജീവിക്കുന്ന മത്സ്യങ്ങൾ വസിക്കുന്നയിടം.
ഗുഹാമുഖത്ത് വെച്ച് വീശിയടിച്ച അതെ തണുത്ത കാറ്റ് ഗുഹാനദിക്കരയിലെത്തിയപ്പോഴും വീശിയടിച്ചു.നടിയെന്ന് പറയാൻ വയ്യ എട്ട് മീറ്റർ ആഴമുള്ള ഒരു തടാകം.തടാകത്തിന്റെ മുകൾ ഭാഗം പാറക്കെട്ടാണ്.അവ താഴ്ന്ന് വന്ന് തടാകത്തിന്റെ ദൃശ്യങ്ങളെ
തീർത്തും കവർന്നുകഴിഞ്ഞിരിക്കുന്നു.
ഒരു കുഞ്ഞു ബോട്ട് ഉപയോഗിച്ച് അകത്തേക്ക് കടന്നാൽ മാത്രമേ ആ ജലപ്പരപ്പ് എത്രമാത്രം നീളമുണ്ടെന്നും,എവിടെയാണതിന്റെ അറ്റമെന്നും കണ്ടുപിടിക്കാനാകൂ..

തടാകത്തിലേക്ക് സന്ദർശ്ശകർക്ക് പ്രവേശനമില്ല.കരയിൽ നിന്നുകൊണ്ട് ജലത്തിലൊഴുകുന്ന കണ്ണില്ലാത്ത മീനുകളെ സ്വന്തം കണ്ണുകൾ കൊണ്ട് പരതാം...ഗൈഡിന്റെ കണ്ണുവെട്ടിച്ച് ഫോട്ടോ എടുക്കുന്ന തിരക്കിലാണെല്ലാവരും .. :) മങ്ങിയ വെളിച്ചമാണെങ്കിലും നന്നായി നോക്കിയപ്പോൾ വെളുത്ത നിറത്തിലുള്ള രണ്ടു മൂന്നു കുഞ്ഞുമീനുകളെ ഞങ്ങളും കണ്ടു.നയണേതരമത്സ്യത്തെ അടുത്ത് കാണാനുള്ള സൗകര്യം ഗുഹയുടെ തന്നെ മ്യുസിയത്തിൽ ഒരുക്കിയിട്ടുണ്ട് .അവിടെ നിന്നാണ് സന്ദർശ്ശകർക്കുള്ള ടിക്കറ്റുകൾ വില്പന നടത്തുന്നതും.

ചെറു ചെറു സംഘങ്ങളായാണ് സന്ദർശ്ശകർ ഗുഹ സന്ദർശ്ശിക്കുന്നത്.ഞങ്ങൾ ഇറങ്ങിയിട്ട് വേണം മറ്റുള്ളവർക്ക് അകത്ത് കയറാൻ.. കാഴ്ച്ചകൾ കണ്ടു തീർന്നുവെങ്കിലും,എങ്ങു നിന്നോ ഇടയ്ക്കെപ്പെഴോ ചിലപ്രതേകസ്ഥലത്ത് മാത്രം വന്നു വീശിയ കാറ്റിനെ കുറിച്ചുള്ള നഷ്ടബോധം കൊണ്ടെന്നപോലെ ഗുഹയെ പിരിയാൻമടിച്ച്  ഒരുനിമിഷം ഞാനവിടെ തനിച്ച് നിന്നു.
പിന്നീട്, ഗുഹയോട് മൂകമായി യാത്രചോദിച്ചു പിരിഞ്ഞു.
അതെപ്പോഴും, എവിടെയും അനിവാര്യമാണല്ലോ .അല്ലേ....


1 comment:

അന്നൂസ് said...

യാത്രികര്‍ക്ക് സന്തോഷം നല്‍കുന്ന എഴുത്ത്. ആശംസകള്‍.