പ്രവാസം നല്‍കുന്ന ഏകാന്തതയില്‍ നിന്നൊരു മുക്തി..ഭാവനകള്‍ക്ക് വര്‍ണ ചിറക് നല്‍കി പറക്കാനൊരിടം.. എന്‍റെ സ്വപ്നങ്ങളുടെ ചില്ലകളില്‍ കോര്‍ത്തിണക്കിയ കൂടായിരുന്നു 'മുല്ലമൊട്ടുകള്‍' എന്നിട്ട് ഒരു സുപ്രഭാതത്തില്‍ ഞാന്‍ നെയ്തെടുത്ത കൂട് ആരോ തകര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നു..അതിന് മാത്രം ഒന്നും ഇല്ലായിരുന്നല്ലോ വേടാ...
സുഹൃത്തുക്കള്‍ മെയില്‍ വഴിയും,കമെന്റുകള്‍ വഴിയും അന്വേഷിച്ചപ്പോള്‍ അതിന് മറുപടി നല്‍കാനുള്ള അവസ്ഥയിലായിരുന്നില്ല..ഞാന്‍..നിങ്ങളുടെ ഡാഷ്ബോര്‍ഡില്‍ അപ്ടെറ്റ് ആയി വന്ന എന്‍റെ കമെന്റുകള്‍ക്കു ക്ഷമ ചോദിക്കട്ടെ.. ബ്ലോഗിലേക്ക് ആള്‍ക്കാരെ കൂട്ടാനുള്ള വിദ്യയാണല്ലേ എന്ന് ചോദിച്ച സുഹൃത്തിനോട്- തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു നിശ്ചിത സമയം ബ്ലോഗിങ്ങിനായി ഉപയോഗിക്കുകയും,ആതിലൊരു പങ്കു എന്‍റെ പോസ്റ്റുകള്‍ വായിച്ചു കമെന്റെഴുതുകയും ചെയ്യുന്ന വിരലിലെണ്ണാവുന്ന നല്ല ചില സുഹൃത്തുകള്‍ ഉണ്ടെനിക്ക്...അവരുടെ സാനിധ്യത്തിനു ആയിരം ഫോളോവേസിനെക്കാള്‍ മൂല്ല്യമുണ്ടെനിക്ക്..
അതൊക്കെയിരിക്കട്ടെ ബ്ലോഗിനെന്തു സംഭവിച്ചു എന്നറിയേണ്ടേ?
പോലീസ് സ്റ്റേഷന്‍ ''ഞാനൊരു ബ്ലോഗ്ഗിണി എന്‍റെ സമ്മതമില്ലാതെ ആരോ എന്‍റെ ബ്ലോഗ് കുത്തി തുറന്നിരിക്കുന്നു..''ബ്ലോഗോ? അതെന്തു സംഭവം എന്ന് ആ പോലീസ് വര്യന്‍ എന്നോട് ചോദിക്കും എന്ന് കരുതി.പക്ഷെ അയാളത് മുന്നിലിരിക്കുന്ന കംപ്യുട്ടെരോടാണ് ചോദിച്ചത്..''വിതിന്‍ ഹവേസ് വീ വില്‍ ഫൈണ്ട് ദിസ് ഹാക്കെര്‍..ഡോണ്ട് വറി..''വിവരം കിട്ടുമ്പോള്‍ വിളിക്കാമെന്നു പറഞ്ഞതിനാല്‍ ഞാന്‍ വീട്ടിലേക്കു മടങ്ങി..
മനസ്സ് ഒന്നിലും ഉറയ്ക്കുന്നുണ്ടായിരുന്നില്ല.ജോലികള്‍ യാന്ത്രികമായി ചെയ്തു തീര്‍ത്തു.ഉച്ച കഴിഞ്ഞു സ്റ്റേഷനില്‍ നിന്നും ഒരു ഫോണ്‍ കാള്‍..''മാഡം,വീ ഗോട്ട് ആന്‍ ഇന്‍ഫര്‍മേഷന്‍..കാന്‍ യൂ കം ഫൈവോ ക്ലോക്ക്..?''എസ് ഷുവര്‍. ഫോണ്‍ വെച്ചു.മനസ്സ് അല്പം ശാന്തമായിരിക്കുന്നു.സ്കൂള്‍ വിട്ടെത്തിയ കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം നല്‍കി ഉറക്കാന്‍ കിടത്തി.അസിക്ക് ചായയും,പലഹാരവും ഉണ്ടാക്കി നല്‍കി.അദ്ദേഹം ഓഫീസില്‍ പോയ പിറകെ വീട് പൂട്ടി ഞാന്‍ സ്റ്റേഷനിലേക്ക് നടന്നു. ഒരു പത്തുമിനിട്ടു വഴിദൂരം..ചൂടുള്ള ഒരു കാറ്റ് എന്നെ തഴുകി കടന്നു പോയി.
ഉത്കണ്ഠയോടെ പോലീസ് സ്റ്റേഷന്റെ പടികള്‍ കയറി.ബലൂചി ആയ ഒരു പോലീസുകാരന്‍ അകത്തേക്ക് ആനയിച്ചു.പോലീസ് ഓഫീസറുടെ കാബിനിലേക്ക്.ഗാമ്പീര്യമുള്ള ശബ്ദത്തില്‍ ആ ഓഫീസര്‍ പറഞ്ഞു''നിങ്ങളുടെ ബ്ലോഗില്‍ അതിക്രമിച്ചു കയറിയ ആള്‍ ഇവിടെ ഉണ്ട്.ഇപ്പോള്‍ വിളിക്കാം..താമസിയാതെ കാബിനിന്റെ ഡോര്‍ തുറന്നു മറ്റൊരു പോലീസുകാരനോപ്പം അയാള്‍ എത്തി.എന്‍റെ മനസ്സ് ദ്രുതഗതിയില്‍ മിടിക്കാന്‍ തുടങ്ങി.കൂസലില്ലാത ആ മുഖം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി,ഒന്നല്ല അനവധി തവണ..ഒരു കൊള്ളിയാന്‍ ആഞ്ഞു വീശി.ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ ഇടി വെട്ടി.മഴ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി.അപ്രതീക്ഷിതമായി ഏറ്റ ജല കണികകളുടെ പ്രഹരത്തില്‍ മരുഭൂമി അന്തം വിട്ടിരുന്നു.അല്‍പനേരം സ്തബ്ദയായി നിന്നെങ്കിലും സഹജമായ ക്ഷമാശീലത്തോടെ മഴയുടെ നൊമ്പരങ്ങളെ അവള്‍ ആവാഹിച്ചെടുക്കാന്‍ തുടങ്ങി.കരയുകയാണോ പ്രകൃതി?അതോ സ്വാന്തനമായി പെയ്യുകയാണോ?
''ദാ.. ഇവിടെ ഒരു ഒപ്പിട്ടാല്‍ മതി.ഇയാള്‍ക്കെതിരെ നിയമനടപടി എടുക്കാം..'' നീട്ടി പിടിച്ച കടലാസുമായി പോലീസ് ഓഫീസറുടെ സ്വരം കാതില്‍ വന്നു. നഷ്ട്ടപ്പെട്ട ശബ്ദം പണിപ്പെട്ടു പുറത്തെടുത്ത് ഞാന്‍ പറഞ്ഞു ''വേണ്ട,എനിക്ക് പരാതി ഇല്ല.'' കൂടുതലൊന്നും പറയാതെ പുറത്തേക്കു നടന്നു.മഴ താണ്ഡവം ആടുകയാണ്.മഴയില്‍ ഇറങ്ങി നടന്നാലോ എന്നോര്‍ത്തു.പെരുമഴക്കാലത്തെ റസിയയെ പോലെ..പ്രിയപ്പെട്ടവന്റെ പ്രാണന് വേണ്ടി യാതന അനുഭവിക്കുന്ന റസിയ എവിടെ ഈ ഞാനെവിടെ ... മഴ പിടിച്ചു കെട്ടിയത് പോലെ നിന്നു. ഇനി തനിയാവര്‍ത്തനം..
തണുത്ത്തുടങ്ങിയ എന്‍റെ കൈകളിലേക്ക് ചൂടുപകര്‍ന്നു കൊണ്ടു ഒരു കരസാമീപ്യം! ഞെട്ടി മുഖമുയര്‍ത്തിയപ്പോള്‍ അയാള്‍ ഹാക്കെര്‍! കൈകളില്‍ പിടിച്ചു പകച്ച എന്‍റെ കണ്ണുകളിലേക്കു നോക്കി അയാള്‍ ചോദിക്കുന്നു...''ബ്ലോഗിങ്ങിനായി ചിലവഴിക്കുന്ന സമയം നിനക്ക് എനിക്കായി ചിലവഴിച്ചു കൂടെ?''ഒരു നിമിഷം കൊണ്ടു ഞാനൊരു മരപാവയായി മാറി.കീ കൊടുത്താല്‍ ചലിക്കുന്ന പാവ.ഹാക്കര്‍ കാണിച്ചു തന്ന വഴിയിലൂടെ നടന്നു ഒരു വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറി ഇരിക്കുമ്പോള്‍ മിന്നല്‍ പിണരുകള്‍ ആഞ്ഞു വീശുന്നുണ്ടായിരുന്നു.വീണ്ടും മഴ പെയ്യുമോ?
[[ ഹാക്കിങ്ങിനെ ഞാന്‍ വെറുത്തു,പിന്നെ ശപിച്ചു.എന്നാലും എന്‍റെ ശങ്കരേട്ടനെ എനിക്കിഷ്ട്ടമായിരുന്നു..(കടപ്പാട്,വാഴക്കോടന്‍.)]]