Showing posts with label അനുഭവം.. Show all posts
Showing posts with label അനുഭവം.. Show all posts

Wednesday, February 17, 2016

ഓർമ്മത്തുള്ളികൾ



ചാവക്കാടിനെ മിനിഗൾഫ് എന്ന് വിളിക്കുന്നത് പോലെ എന്റെ നാടായ മാട്ടൂലും ഒരു ചെറുഗൾഫ് ആയി പറയപ്പെടാറുണ്ട്.മിക്ക വീടുകളിലും ഒരു ഗൾഫുകാരനെയെങ്കിലും കാണാമെന്നതും,
അടിക്കടി ഉയരുന്ന മാളികകളും,സൗധങ്ങളും,റോഡുകളിലൂടെ ഒഴുകുന്ന സ്വകാര്യ വാഹനങ്ങളുടെ ആധിക്യവും,ഇതിനെ സാധൂകരിക്കുന്നുണ്ട്.

ഒരു ഗൾഫുകാരന്റെ മകളായിട്ടായിരുന്നു എന്റെ ജനനവും.
ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്.എന്റെ ഉമ്മയുടെ ഉപ്പയ്ക്ക് സിംഗപ്പൂരിൽ കച്ചവടം ആയിരുന്നു.കൂടെകൂടെയുള്ള ശ്വാസം മുട്ടലും,നെഞ്ചുവേദനയും നിമിത്തം ഉപ്പാപ്പ അവിടം വിടുകയും,നാട്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.

ഉപ്പയേക്കാൾ മുന്നേ ഞാൻ കണ്ടത് ഉപ്പാപ്പായെ ആയിരുന്നു.എനിക്ക് ഹരിശ്രീ കുറിച്ചു തന്നതും, എന്നെ സ്കൂളിൽ ചേർത്തതും അദ്ദേഹം തന്നെയായിരുന്നു.(ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌ അതിനെ കുറിച്ചായിരുന്നു )ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഉപ്പാപ്പയുടെ മരണം.ഇക്കാലയളവിൽ ഉപ്പാപ്പ എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.

"മക്കൾ മധുരം,മക്കളുടെ മക്കൾ ഇരട്ടി മധുരം " എന്ന ചൊല്ല് അർത്ഥവത്താക്കുന്ന ബന്ധമായിരുന്നു പേരക്കിടാങ്ങളുമായി ഉപ്പാപ്പയ്ക്കുണ്ടായിരുന്നത്.
ലാളിത്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.സ്വന്തം മക്കളിലേക്ക് അത് പകരാൻ ഉപ്പാപ്പ മറന്നില്ല.അത് കൊണ്ടാവണം സാധാരണക്കാരായ ആൾക്കാർ എങ്ങിനെയാണോ ജീവിക്കുന്നത് എന്നതിൽ  കവിഞ്ഞ് ഒരു ജീവിതം അവരാരും നയിച്ചിരുന്നില്ല .

വീട്ടിലാർക്കെങ്കിലും അസുഖം വന്നാൽ മാട്ടൂൽ ഗവന്മെന്റ് ആശുപത്രിയിൽ ആയിരുന്നു പോയിരുന്നത്.
റേഷൻ കടയിൽ നിന്നും ലഭ്യമാകുന്ന ആനുകൂല്യങ്ങൾ യാതൊരു മടിയുമില്ലാതെ സ്വീകരിച്ചിരുന്നു.
എന്നാൽ പുത്തൻതലമുറയിൽ  പെട്ട അഹങ്കാരിയായ എനിക്ക് ഈ വകകാര്യങ്ങളിലൊക്കെ
ഭയങ്കര നീരസം തോന്നി.
സ്കൂളിലും,മദ്രസ്സയിലുമൊക്കെ കൂടെ  പഠിക്കുന്ന കുട്ടികളിൽ നിന്നാണ്
ഈ 'നവോത്ഥാന ചിന്തകൾ ' എന്നിൽ സംക്ഷിപ്തമായത്.

'മഞ്ഞാസ്പത്രി'  എന്നാണ് പരിഹാസത്തോടെ അവർ ഗവന്മെന്റ് ആശുപത്രിയെ വിളിച്ചിരുന്നത്.
റേഷൻ കടയിൽ ക്യു നില്ക്കുന്ന എന്നെ നോക്കി കളിയാക്കാനും അവർ മറന്നില്ല.
"നിന്റെ വീട്ടിൽ റേഷനരിയോടാണോ ചോറുണ്ടാക്കുന്നത് ?'' എന്ന അവരുടെ ചോദ്യത്തിന്
പരിഹാസത്തിന്റെ ധ്വനിയാണെന്ന് ആദ്യകാലത്ത് എനിക്ക് മനസ്സിലായതെ ഇല്ല.

ഒരിക്കൽ സ്കൂളിൽ വെച്ചുണ്ടായ അപകടത്തിൽ മുറിവുണങ്ങാതെ കുറച്ചുനാൾ  ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയയാകേണ്ടി വന്നു.
"ഉമ്മയ്ക്ക് ഏതെങ്കിലും നല്ല ആശുപത്രിയിൽ (കണ്ണൂരോ മറ്റോ ഉള്ള ) ആശുപത്രിയിൽ എന്നെ കാണിച്ചാൽ എന്താ..? "
എന്നിലെ അഹങ്കാരം നുരഞ്ഞു പൊങ്ങി വാക്കുകളായി പുറത്തു വന്നു.
'നമ്മുടെ നാട്ടിൽ നമുക്കായി സർക്കാർ വെച്ച ആശുപത്രിയും വെച്ച് സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ട കാര്യമെന്താ..." എന്നാ മറുചോദ്യത്തിൽ ഉമ്മയെന്റെ വായടക്കി.

അങ്ങനെയാണ് നീളൻ വാർഡിൽ നിരത്തിയിട്ടിരിക്കുന്ന പന്ത്രണ്ടോളം കട്ടിലുകളിലൊന്നിൽ ഞാനും ഇടംപിടിച്ചത്.
ദിനേന രണ്ട്  ഇഞ്ചക്ഷൻ! രാവിലെയും,വൈകിട്ടും..
ഡോക്ടർ അബ്ദുള്ള കുട്ടിയായിരുന്നു ജെനറൽ പ്രാക്റ്റീഷണർ.
അഹങ്കാരം വെടിഞ്ഞ്  അന്നവിടെ കിടന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ ഈ ഞാനായി ഞാനുണ്ടാകുമായിരുന്നോ എന്ന് സംശയമാണു...
കാരണം; ഒരു യൂനിവെഴ്സിറ്റിക്കും നല്കാനാവാത്തത്ര  പാഠങ്ങളായിരുന്നു അവിടെ പഠിക്കാനുണ്ടായിരുന്നത്.ഇതുവരെ എനിക്ക് പരിചയമുള്ള ചുറ്റുപാടുകളിൽ നിന്നും എത്രമാത്രം വിത്യസ്തമായ ലോകമാണ് പുറമേയുള്ളത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഇവിടെ വന്നത് കൊണ്ട് മാത്രമായിരുന്നു.

രോഗം നിഴൽ പതിപ്പിക്കുന്നയിടങ്ങളിൽ  കാണാവുന്നതാണ് ദൈന്യത , നിരാശ, നിസ്സഹായത,പരാശ്രയത്വം ,തുടങ്ങിയ സംഗതികൾ .
പൂവിതൾ നുള്ളുന്ന ലാഘവത്തോടെ മരണം കവർന്നെടുത്ത റോസ്പാവാടക്കാരിയുടെ മുഖം കാലങ്ങൾക്കിപ്പുറവും മനസ്സിലുയര്ത്തുന്ന നൊമ്പരം ....
മഞ്ഞപ്പിത്തത്തിന്റെ കടുത്ത അസ്കിതയാൽ തകരപ്പാട്ടയിൽ ചർദ്ധിച്ചവശയാകുന്ന രണ്ടു പെൺകുട്ടികളുടെ അമ്മയായ നീണ്ടുമെലിഞ്ഞ സ്ത്രീയേയും,  മരണം നിർദ്ധാക്ഷിണ്യം തട്ടിയെടുക്കുന്നത് കണ്ടറിഞ്ഞതാണ്.

ആശുപത്രി ചുമര്  വിട്ട് പുറത്ത് പോകാതിരിക്കാൻ ചുമച്ചു ചുമച്ച്  കൂനിയിരിക്കുന്ന വൃദ്ധന് അഭയമാകുന്നത് ഈ ആലയം മാത്രമാണെന്നും ,പുറംലോകത്ത് തിരസ്കരിക്കപ്പെട്ടവനാണ് താനെന്നും അയാള് ചൊല്ലാതെ ചൊല്ലിയത് കേട്ടതും ഇവിടുന്നാണ്‌...

ഉച്ചയൂണിനോപ്പം മാമ്പഴമില്ലാതെ ചോറിറങ്ങാത്ത ജമീല്ത്തയും,ഏട്ടൻ ഒരു ദിവസം വന്നില്ലേൽ കുഞ്ഞുങ്ങളെ പോലെ തേങ്ങുന്ന ലളിതേച്ചിയും , നമിതയുടെ അച്ചമ്മയും ,ഒക്കെ മനസ്സിന്റെ കാണാക്കരങ്ങളിൽ ഇന്നും സുരക്ഷിതമായി നില്ക്കുന്ന ഓർമ്മകളത്രേ!





Tuesday, September 20, 2011

ലഡ്ഡു ഡോക്ടറും, വയനാട് യാത്രയും...


നമ്മുടെ ചെറുവാടിയുടെ   വയനാടന്‍  യാത്രാ വിവരണം വായിച്ചപ്പോള്‍ തുടങ്ങിയ ആഗ്രഹമായിരുന്നു  ഒരിക്കല്‍ കൂടി വയനാട്ടില്‍   പോകണം എന്ന്.ഇപ്പ്രാവശ്യത്തെ  അവധിക്കാലത്ത്  നിനച്ചിരിക്കാതെയാണ്  വയനാടന്‍ യാത്ര തരപ്പെട്ടത്.അക്കഥയിങ്ങനെ,

എന്റെ ശങ്കരേട്ടന്, പ്രമേഹത്തിന്റെ അസ്കിതയുള്ള കാര്യം നമ്മളെ രമേശ്അരൂര്‍ മുഖേന നിങ്ങളെല്ലാവര്‍ക്കും അറിവുള്ളതായിരിക്കുമല്ലോ..
വയനാട്ടിലെ ഡോക്ടര്‍ പ്രസാദ് പ്രമേഹരോഗികള്‍ക്ക് ലഡുവും ജിലേബിയും നല്‍കി ചികിത്സിക്കുന്ന കാര്യം അറിഞ്ഞത് മുതല്‍ അസിക്ക് അങ്ങേരെ ഒന്ന് കാണാന്‍ ഭയങ്കര പൂതി.
ചികിത്സാര്‍ത്ഥം ലഡുവും, ജിലേബിയും കഴിക്കാമെന്ന വക്രബുദ്ധിയായിരിക്കും   ഇതിനു പുറകിലെന്ന് നല്ലോണം അറിയാമായിരുന്നു.  അത് കൊണ്ട് ഈ ഡോക്ടറെ കാണുന്ന പരിപാടിയോട് എനിക്ക് വല്യ യോജിപ്പില്ലായിരുന്നു.(ഇദ്ദേഹത്തിന്റെ ചികിത്സാരീതി അറിയും വരെ). ഡോക്ടര്‍ നടത്തുന്ന ഒരു കൌണ്‍സലിംഗ് പയ്യന്നൂരില്‍ വെച്ച് നടന്നു,അതില്‍ പങ്കെടുത്ത പ്രകാരം ഒരു നിശ്ചിത ദിവസം വയനാട്ടിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിലേക്ക് ഞങ്ങള്‍ യാത്രയായി.



വയനാടന്‍ യാത്ര തന്നെ മതി മനസ്സൊക്കെ ഒന്ന് ഫ്രഷ് ആക്കാന്‍ അല്ലെ..
ഓരോ ഹെയര്‍ പിന്‍ വളവുകളും കൌതുകത്തോടെ എണ്ണി കൊണ്ടിരിക്കുന്ന മാസിനോടൊപ്പം ബാപ്പയും കളിചിരികളില്‍ മുഴുകിയിരിപ്പാണ്..

തണുത്ത കാറ്റടിച്ചു വിറയ്ക്കുന്നുണ്ടെങ്കിലും ഗ്ലാസുയര്‍ത്താതെ പ്രകൃതി ഭംഗിയില്‍ മുഴുകി ഞാനിരുന്നു.ജാച്ചിയും,മര്‍വാനും മൂടിപ്പുതച്ചുറക്കത്തില്‍..ചുരങ്ങളും,വെള്ളച്ചാട്ടങ്ങളും കടന്നു വണ്ടി,
തേയില തോട്ടങ്ങള്‍   നിറഞ്ഞ   താഴ്വാരത്തെത്തി.

എല്ലാവര്ക്കും മൂത്രശങ്ക.  ഇനിയല്പം വിശ്രമിച്ചിട്ടാവാം   യാത്ര. അര്ശുവും,അസിയും,ഹക്കീമും,മാസിയും തേയില തോട്ടങ്ങളിലേക്ക്.. അവരുടെ വീഡിയോ ഷൂട്ടിങ്ങ് കണ്ടു വഴിയെ പോകുന്ന  നീല സാന്ട്രോയിലെ  ഒരു കൂട്ടം ചെറുപ്പക്കാര്‍ ''എന്താ ഞങ്ങളെ പറ്റില്ലേ''    എന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
ഞാന്‍ റോഡിലൂടെ വെറുതെ നടന്നു.കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡിനു താഴെയായി ഒരു കൊച്ചു വീട് കണ്ടു.താഴേക്ക് ഇറങ്ങാനുള്ള    ചവിട്ടു  പടികള്‍ ഇറങ്ങി ചെന്നപ്പോള്‍  ഉമ്മറ വാതില്‍ തുറന്നു കിടക്കുന്നു.ആളനക്കം  കേട്ടാവാം ഒരു സ്ത്രീ കടന്നു വന്നു.അവര്‍ സ്നേഹത്തോടെയാണ്  അപരിചിതയായ എന്നോട് പെരുമാറിയത്. അവരുടെ ടാര്‍പോളിന്‍ കെട്ടിമറച്ച ടോയിലെട്ടു ഉപയോഗിക്കുമ്പോള്‍ എന്റെ ഭയം കണ്ടാവാം സുരക്ഷിതത്വത്തിനായി അവര്‍ പുറത്തു കാവല്‍ നിന്നു.  ഗ്രാമീണനന്മ ഇതള്‍ വിടര്‍ത്തിയ ഈ ബീപാതുവിത്തയുടെ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല.



കെണിച്ചിറയിലെ ''ഫ്രെണ്ട്സ് ഓഫ് ഡയബെറ്റ്സില്‍'' എത്തുമ്പോഴേക്കും പതിനൊന്നര മണി കഴിഞ്ഞിരുന്നു.
അവിടെ ഒട്ടനവധിപേര്‍ ഞങ്ങള്‍ക്ക് മുന്‍പേ എത്തിച്ചേര്‍ന്നിരുന്നു.
പെരിന്തല്‍മണ്ണയില്‍  നിന്നു വന്ന ഒരു ദമ്പതികളും   ആയി  ഞങ്ങള്‍ സംസാരിച്ചിരുന്നു. അവരും ആദ്യമായി വന്നവരാണ്; ഞങ്ങളെ പോലെ.. അസുഖം നിശ്ശേഷം മാറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.കുറെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ഊഴം എത്തിയില്ല. ഒരു മണി കഴിഞ്ഞപ്പോള്‍   ഊണ് കഴിക്കാന്‍ വേണ്ടി ഞാനും,അസിയും 'രുചി' യിലേക്ക് നടന്നു.
പിന്നെയും കുറെ കഴിഞ്ഞാണ് ഡോക്ടറുടെ ക്ലാസ് നടന്നത്.
കാവി നിറമുള്ള ജൂബായും,പാന്റും ധരിച്ച    ആജാനുബാഹു.കുറെയേറെ പ്രഭാഷണം നടത്തിയത് കൊണ്ടാവാം   അദ്ദേഹം ക്ഷീണിതനായിരുന്നു.ശബ്ദം     അടഞ്ഞു    കിടക്കുകയാണെങ്കിലും   അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടിയും ഒരു ചെറുഭാഷണം നടത്തി.

ഡോക്ടര്‍ പ്രസാദിന്റെ കാഴ്ചപാട് ഇങ്ങനെയാണ്. ഓരോ  പ്രമേഹരോഗിയുടെയും പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കാന്‍ സാധ്യത ഇല്ലെന്നും, ഓരോരുത്തരുടെയും രോഗനില അനുസരിച്ചു അവയെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ചികിത്സയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ നിശ്ചിത അളവിലുള്ള മധുരം ( raw sugar ) നല്‍കുക എന്നതും ആയിരുന്നു. മധുരം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരിക്കുന്ന ഒരാളുടെ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ തീര്‍ത്തും വൈമനസ്യം കാണിക്കും എന്ന അറിവാണ് ഡോക്ടര്‍ പ്രസാദ് അദ്ദേഹത്തിന്റെ നീണ്ട പഠനത്തിലൂടെ മനസ്സിലാക്കിയത്.

''ഫ്രണ്ട് ഓഫ് ഡയബറ്റിസ്'' ഇതിനെ കുറിച്ച് രോഗികളെ ബോധാവാന്മാരാക്കുകയും, മധുരം കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.എന്ന് കരുതി യഥേഷ്ടം ലഡുവും,ജിലേബിയും കഴിക്കാംഎന്നല്ല.
ഒരു സ്പൂണ്‍ പഞ്ചസാരയുടെ നാലിലൊരു ഭാഗം ഒരു നേരം,അതല്ലേല്‍
ഒരു ലഡുവിനെ എട്ടു ഭാഗങ്ങളാക്കി അതിലൊരു ഭാഗം ഒരു നേരം ശേഷം മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ മറ്റൊരു ഭാഗം..വീണ്ടും മൂന്നു മണിക്കൂര്‍ കഴിഞ്ഞു..ഇപ്രകാരം അഞ്ചു നേരം മധുരം കഴിക്കണം..

അദ്ദേഹം ക്രമപ്പെടുത്തിയ വ്യായാമ മുറകള്‍ ആദ്യം
പത്ത്,പിന്നെ മുപ്പത്, അമ്പത്,എഴുപത് എന്നിങ്ങനെ ഉയര്‍ത്തികൊണ്ടു വരേണ്ടതാണ്.  അധികം ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ പറ്റുന്നവ.
പിന്നെ മരുന്നും..
ഈ   ലിസ്റ്റിലെ അളവുപ്രകാരം കഴിക്കണം.


ഈ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി പാലിച്ചു
പ്രവര്‍ത്തിച്ചാല്‍ പ്രമേഹം നിശ്ശേഷം മാറ്റാം എന്നാണ് ഉറപ്പു തരുന്നത്. ഇന്‍സുലിന്‍ കൃത്രിമമായി കുത്തിവയ്ക്കുന്നവരില്‍ ഒഴിച്ച്കൂടാനാവാത്തവര്‍ മാത്രം ഇന്‍സുലിന്‍ കുത്തിവെയ്പ് തുടര്‍ന്നാല്‍ മതി.അല്ലാത്തവര്‍ ഇന്‍സുലിന്റെ കുത്തിവെയ്പ് നിര്‍ത്താം..
എല്ലാം  കഴിഞ്ഞിറങ്ങുമ്പോള്‍  മൂന്നരമണി  കഴിഞ്ഞിരുന്നു.
പ്രമേഹം  നിയന്ത്രണവിധേയമാക്കാന്‍  പ്രമേഹബാധിതര്‍   കരുതാത്തിടത്തോളം  കാലം
ഒരു ഡോക്ടറും, മരുന്നും, ഇതിനു പരിഹാരമാകില്ല തന്നെ!
തിരിച്ചു പോകും   വഴി ''കുറുവദ്വീപ്''   സന്ദര്ശിക്കാമെന്നു   ആദ്യമേ  തീരുമാനിച്ചുറച്ചതാണ്.
വഴിയരികില്‍ നിര്‍ത്തി ഓരോ ലൈം സോഡയും   കുടിച്ചു യാത്ര തുടര്ന്നു.