Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Wednesday, August 26, 2015

വളയം പിടിച്ച വളക്കൈകൾ

കുട്ടികൾക്ക് ശുദ്ധ വായു ശ്വസിച്ച് ഓടി കളിക്കാനൊരു മുറ്റം , അല്പം വിസ്തൃതിയുള്ള വീട് ഈ അന്വേഷണത്തിന്റെ ഫലമായാണ് അൽ ഐൻ ടൌണിൽ നിന്നും അല്പം അകന്ന്  മഖാം എന്ന സ്ഥലത്ത്  ഒരു  വില്ലയിൽ  താമസത്തിനായി ഞങ്ങൾ എത്തിയത്.വിശാലമായ സ്വീകരണ മുറിയും ,വിസ്താരമേറിയ കിടപ്പ് മുറികളും സൌകര്യമേറിയ അടുക്കളയും നീണ്ട ഇടനാഴികളും നീളാൻ വരാന്തയും മുറ്റത്ത് അത്തിമരവും , ഒക്കെയായി  മതിൽ കെട്ടിനകത്ത് സുരക്ഷിതാമായി ഒരു മനോഹരവീട്.ഇടുങ്ങിയ മുറികളിൽ  നിന്ന് മോചനം നേടിയതിന്റെ ആശ്വാസവുമായി സാധന സാമഗ്രികൾ ഒരുക്കി വെക്കുന്നതിന്റെ തിരക്കൊഴിഞ്ഞൊരു നാൾ...
കുട്ടികൾ  സ്കൂളിലും ,അസി  ഓഫീസിലും പോയി കഴിഞ്ഞിരിക്കുന്നു.ഇളയ മോൻ ഉറക്കത്തിലാണ്.
ഞാനൊരു ചൂലുമായി ഉലാത്തുന്നു.ഭക്ഷണ മുറിയ്ക്കും  കിടപ്പ് മുറികൾക്കും  ഇടയിലുള്ള ഇടവഴിയിൽ എത്തിയപ്പോഴാണ്  പൊടുന്നനെ ചുമരിനപ്പുറത്ത് നിന്ന് ഖുറാൻ പാരായണം ഉയർന്നു കേട്ടത്.പൊടുന്നനെ കോളിംഗ് ബെൽ ശബ്ദിച്ചു .ചെന്ന് നോക്കിയപ്പോൾ ഒരു പയ്യൻ.. ഒയാസിസിന്റെ  വെള്ളവുമായി വന്നതാണ് .അസി ഗ്രോസറിയിൽ പറഞ്ഞിട്ട് പോയതായിരുന്നു.ജാലകം തുറന്നപ്പോൾ നിറഞ്ഞ ചിരിയോടെ അവൻ സ്വയം പരിചയപ്പെടുത്തി.
''ഞാൻ കുഞ്ഞാണി... നാട്  മലപ്പുറം '' ...
എനിക്കും ചിരി വന്നു .ഇങ്ങനത്തെ ഒരു പേര് ആദ്യമായാണ്‌ കേള്ക്കുന്നത്.
 ''ഇത്ത  കണ്ണൂരാണല്ലേ ..? '' അവൻ ചോദിച്ചു.
 ''അതെ ... ഈ വില്ലയ്ക്കു തൊട്ടപ്പുറം  ആരാ താമസിക്കുന്നത്..? ' ഞാനവനോട് ചോദിച്ചു. ''അവിടെ ഇപ്പോൾ ആരുമില്ലല്ലോ ...''
എന്തേലും ആവശ്യമുണ്ടേൽ കടയിലേക്ക്‌ വിളിക്കാൻ പറഞ്ഞു അവൻ പോയി.
ഞാൻ വാതില്  തുറന്ന് വെള്ളമെടുത്ത് അകത്തേക്ക് വെച്ചു.തിരികെ ചെന്നപ്പോൾ ഖുറാൻ പാരായണം നിലച്ചിരുന്നു.പിന്നീടുള്ള ദിവസങ്ങളിലും പാതിക്കു വെച്ച് മുറിയുന്ന റെക്കോര്ഡു വോയ്സ് എന്നിൽ ആശങ്ക ഉണർത്തി.
മതിലിനു പുറത്ത് ഞങ്ങളുടെ  തൊട്ടപ്പുറമുള്ള ഗെയിറ്റിനരികിൽ  ഒരു 'തഅലീം'  ബോർഡ്
(ഡ്രൈവിംഗ് പഠിപ്പിക്കുന്ന)വെച്ച  ഒരു കാർ പാര്ക്ക്  ചെയ്യുന്നത് കണ്ടപ്പോഴാണ്  അവിടെ ആൾതാമസം ഉണ്ടെന്നു മനസ്സിലായത്.ഒരു വെള്ളിയാഴ്ച്ച പതിവ് പോലെ മീന് വാങ്ങിച്ചു വരവേ ആണ്  ആ ഗെയിട്ടിനരികിൽ ഒരു സ്ത്രീ മുഖം കണ്ടത്.അവരോട് ചിരിച്ചപ്പോൾ അവർ തിരികെ ചിരിച്ചു.അവരുടെ മുഖം ഒരു മംഗോളിയക്കാരിയെ പോലെ തോന്നിച്ചു .ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല  അന്ന്. പിന്നീട് കുഞ്ഞാണിയെ കണ്ടപ്പോൾ ഞാൻ അവരെ പറ്റി അന്വേഷിച്ചു.അവർ ഒരു മലയാളി മലപ്പുറംകാരിയാണെന്നും , ഡ്രൈവിംഗ് പഠിപ്പിക്കുന്ന ജോലിയാണെന്നും, അതി രാവിലെ പോയാൽ സന്ധ്യ കഴിഞ്ഞാണ് എത്താറെന്നും അവൻ പറഞ്ഞു.എനിക്ക് വീണ്ടും ആകാംക്ഷയേറി .. ആ സ്ത്രീ തനിച്ച് താമസിക്കുന്ന വീട്ടിൽ നിന്ന് ആരാണ് ഇടമുറിഞ്ഞ് ഖുറാൻ വെക്കുന്നത് എന്നറിയണമല്ലോ ... ഞാൻ അവരെ പരിചയപ്പെടാൻ തീരുമാനിച്ചു .അങ്ങനെയാണ് 'അഫ്സീത്ത'യുമായുള്ള എന്റെ സൗഹൃദം നാമ്പെടുക്കുന്നത്.

അതിശയത്തിന്റെ പര്യായമായി  എനിക്ക്  അഫ്സീത്ത മാറാൻ അധികസമയമൊന്നും വേണ്ടി വന്നില്ല.എന്റെ ഉമ്മയെക്കാൾ പ്രായമുള്ള സ്ത്രീയാണ്..തനി നാട്ടിൻ പുറത്ത്കാരി ! ഈ അറബി പെണ്ണുങ്ങളായ അറബി പെണ്ണുങ്ങളേയൊക്കെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ... അതും  മണിമണിയായി അറബി സംസാരിച്ചു കൊണ്ട്...!
സ്വദേശികളായ  അറബികളുടെ വീടുകളായിരുന്നു ഞങ്ങളുടെ വില്ലകൾക്ക്  ചുറ്റും...അത് കൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ മാത്രമുള്ള സമാഗമങ്ങൾ ആണെങ്കിലും അവരുമായുള്ള ചങ്ങാത്തം എനിക്ക് അക്കാലത്ത് വലിയ ആശ്വാസമേകിയിരുന്നു. പരിചയപ്പെട്ട ആദ്യ ദിവസം തന്നെ പകല സമയങ്ങളിൽ ഇടമുറിഞ്ഞ്  കേൾക്കുന്ന ഖുറാൻ പാരായണത്തിന്റെ  കാര്യം ഞാൻ ആരാഞ്ഞു.ഒരു പൊട്ടിച്ചിരിയായിരുന്നു അവരുടെ ആദ്യ മറുപടി.പിന്നെ പറഞ്ഞു തുടങ്ങി. '' ഒരു പഴയ ടേപ്പ് റിക്കോര്ഡർ  ഉണ്ട്.ഞാനത് ഓഫ് ചെയ്യാറില്ല .ചില സമയങ്ങളിൽ അത് സ്വയം പ്രവര്ത്തനം തുടങ്ങും ഇടയ്ക്ക് നിലയ്ക്കും "എന്ന് .( അല്ലേല്ലും ഈ ജന്മം ജിന്ന്, മറുത , ശെയ്ത്താൻ എന്നിവയെ മീറ്റ് ചെയ്യാൻ ഭാഗ്യമുണ്ടെന്നു  തോന്നുന്നില്ല...  )
 പ്രവാസത്തിന്റെ ഭാരം സ്വയം പേറി എന്റെ പ്രിയ പിതാവ് അല്ലലറിയാതെയായിരുന്നു ഞങ്ങൾ മക്കളെ വളർത്തിയത്.അത്  കാരണമാകാം ജീവിതത്തിന്റെ കയ്ക്കുന്ന യാഥാർത്ഥ്യങ്ങളെ  കുറിച്ച് വല്യ അറിവുകളില്ലാത്ത എനിക്ക് സ്വാനുഭവങ്ങളുടെ വാല്മീകക്കൂട്ടങ്ങൾ ആയിരുന്നു അഫ്സീത്ത കാണിച്ചു തന്നത്.

മലയാളിത്തം തീരെയില്ലാത്ത അവരുടെ മുഖത്തിനകത്ത് ഒരു തനിമലയാളിയും,തന്റേടിയുമായ സ്ത്രീത്വം ഒളിഞ്ഞു കിടപ്പുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു ആ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ....!
ഇരുപത് വര്ഷങ്ങള്ക്ക് മുൻപാണ് അവർ പ്രവാസജീവിത്തിലേക്ക് പ്രവേശിക്കുന്നത്.അതിന്റെ കാരണമായ കഥയിലാണ് അവർ തുടങ്ങിയത്.. കഥയല്ലിതു ജീവിതമാണെങ്കിൽ കൂടിയും കാലം പഴകുമ്പോൾ ഓരോ ജീവിതവും പഴമ്പുരാണങ്ങളായി മാറുകയെന്നത് വിധികല്പ്പിതമത്രെ!

കല്യാണം കഴിഞ്ഞു ഒരു ആണ്‍ കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ഭര്ത്താവ് തിരിഞ്ഞു നോക്കിയില്ല..അയാള് കാസർഗോട്ടുകാരനാണ് .. കുറെയേറെ പരിശ്രമത്തിന്റെ ഭാഗമായി അയാളെ വീട്ടുകാർ ഇണക്കി തിരികെ  കൊണ്ട് വന്നു.. രണ്ടാമത് ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്കി അയാള് വീണ്ടും മുങ്ങി.പിന്നീടെപ്പോഴോ അയാള് വേറൊരു കല്യാണം കഴിച്ചെന്ന ശ്രുതി കേട്ട് നിജസ്ഥിതിയറിയാൻ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി അഫ്സീത്ത കാസർഗൊട്ടെക്കു വണ്ടി കയറി.അവിടെ ചെന്നപ്പോൾ പുയ്യാപ്ല പുതിയപെണ്ണും ഒത്ത് നില്ക്കുന്നു.കേട്ടറിഞ്ഞ കാര്യങ്ങൾ പകൽ പോലെ സത്യമെന്നറിഞ്ഞ അഫ്സീത്ത പിന്നെയെന്തു  ചെയ്തെന്നു അവരുടെ തന്നെ വാക്കുകളിൽ..
 " അവിടെ നിന്ന് മലപ്പുറത്തെത്തി ഞാൻ നേരെ ചെന്നത് അടുത്തുള്ള വക്കീലാപ്പീസിലെക്കായിരുന്നു. വിവാഹമോചനത്തിനു നോട്ടീസയക്കാനുള്ള ഏർപ്പാട് ചെയ്താണ് ഞാൻ വീട്ടിലേക്ക് ചെന്നത്''.അവരുടെ നിശ്ചയ ദാർഡ്യം തുളുമ്പുന്ന വാക്കുകൾ ..എന്നിൽ അവരോടുള്ള ബഹുമാനം വളർത്തി . കുഞ്ഞുങ്ങളെ നന്നായി വളർത്താൻ ബീഡി തെറുക്കുന്ന പണി മാത്രം പോരായിരുന്നു.കുടുംബത്തിനാണെങ്കിൽ വലിയ സാമ്പത്തിക ഭദ്രതയില്ല.അങ്ങനെയാണ് കുട്ടികളെ ഉമ്മയെ ഏല്പ്പിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്.
ഗദ്ദാമയുടെ വിസയായിരുന്നു അത്... ഒരറബി വീട്ടില്  രണ്ടുവര്ഷം നിന്നു.
അവിടത്തെ ഡ്രൈവറായിരുന്ന തിരുവനന്തപുരത്തുകാരനുമായി അടുത്തതാണ് അഫ്സീത്തയുടെ തുടർജീവിതത്തിന്  പുതിയമാനങ്ങൾ സമ്മാനിച്ചത്.
ഇയാളുമായുള്ള അടുപ്പം അവരെ പുനർവിവാഹത്തിന് പ്രേരിപ്പിച്ചു.വിവാഹിതരായ ശേഷം ഡ്രൈവിംഗ് പഠിപ്പിച്ചാണ്  അവരെ ഒരു ഡ്രൈവിംഗ് സ്കൂളിലെ  ടീച്ചറായി ഭർത്താവ് നയിക്കുന്നത്.
സ്കൂൾ അധികൃതർക്ക് കൃത്യമായ ഒരു തുക മാസാമാസം നൽകണം .ബാക്കി നഷ്ട്ടമായാലും , ലാഭമായാലും തങ്ങള് കണ്ടു കൊള്ളണം.എന്നാൽ അഫ്സീത്തയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി വിചാരിച്ചതിലേറെ  വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞു.
നാട്ടിൽ എട്ടത്തിമാര്ക്കും,അനിയത്തിമാർക്കും വീടുകൾ ..മക്കളെ നന്നായി പഠിപ്പിച്ചു . മകൾ അധ്യാപികയായി.മകനേയും മകളേയും  അടക്കം കുടുംബത്തിലെ മിക്കയുവതീ യുവാക്കളെയും കല്യാണം കഴിപ്പിച്ചു.ജീവിതം പച്ചപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ... എന്തിനേറെ പറയുന്നു മദ്യപാനം  മടിയനാക്കിയ രണ്ടാം ഭര്ത്താവിന്റെ ആദ്യഭാര്യയ്ക്ക് ചെലവ് കൊടുക്കേണ്ട ബാധ്യത വരെ അവരുടെ തലയിലായി.ഇതുയർത്തിയ  അസ്വാരസ്യങ്ങളെ തുടർന്നാണ്  അവർ വേറിട്ട്‌ ജീവിക്കാൻ തുടങ്ങിയത്.

എല്ലാ ആഴ്ചയും വാരാന്ത്യങ്ങളിലും അഫ്സീത്തയുടെ കുറെ മരുമക്കൾ ദുബായിൽ നിന്നും അൽ  ഐനിലെ അവരുടെ വീട്ടിലെത്തും.അവര്ക്കുള്ള വിസയൊക്കെ എടുത്ത് ജോലി ശരിപ്പെടുത്തിയത് അഫ്സീത്തയാണ്. മൂന്നു നാല് പേരുള്ള ഈ ആണ്‍ പട വരുമ്പോൾ ഒരു വലിയ ഭാണ്ഡം നിറയെ ആ ആഴ്ച്ചയിൽ ധരിച്ച വസ്ത്രങ്ങളാകും.പിന്നെ ഒരു മേളമാണ് അലക്കലും കുളിക്കലും... ദുബായിലെ  വെള്ളത്തിന്റെ ബില്ല് ഭയന്നാണ് അവരുടെ അലക്കലും കുളിക്കലുമൊക്കെ അവർ ഇങ്ങോട്ടേക്ക് മാറ്റുന്നത്.( ഈയടുത്താണ്  വെള്ളത്തിന്റെ വില അൽഐൻ  മുനിസിപ്പാലിറ്റി കൂട്ടിയത്,അത് വരെ ദുബൈയെ അപേക്ഷിച്ച് കുറവായിരുന്നു.) ഒരേയൊരു അവധിദിനം യാതൊരു മടിയും കൂടാതെ ഈ ചെറുപ്പക്കാർക്ക് ഇഷ്ട്ടമുള്ള ഭക്ഷണം മടികൂടാതെ ഉണ്ടാക്കി കൊടുക്കും അഫ്സീത്ത.
ഒരിക്കൽ ഞാൻ അഫ്സീത്തയോട് പറഞ്ഞു :
"എന്ത്  സ്നേഹമുള്ള മക്കളാ അവരൊക്കെ അല്ലെ.. എല്ലാ അവധി ദിനങ്ങളിലും  മുടങ്ങാതെ  ഇത്തായെ   സന്ദർശിക്കുന്നുണ്ടല്ലോ..?
ഒരു ചിരി അമർത്തി പിടിച്ച് അവർ പറഞ്ഞ മറുപടി ഇതായിരുന്നു."അടുത്ത വെള്ളി വരെയുള്ള പോക്കറ്റ് മണി കിട്ടണമെങ്കിൽ മുടങ്ങാതെ വരേണ്ടേ...?"
ഓരോരുത്തർക്കും  നൂറ് ദിര്ഹം വീതം കൊടുക്കാറുണ്ടത്രേ എല്ലാ വരവിലും!
സാധാരണ എല്ലാ പ്രവാസികളേയും പോലെ എല്ലാം മനസ്സിലായിട്ടും ഒരു മെഴുകുതിരി പോലെ ഉരുകി മറ്റുള്ളവര്ക്ക് വെളിച്ചം നൽകുകയായിരുന്നു അവർ.സ്വന്തം ബന്ധുമിത്രാദികളിൽ നിന്നേല്ക്കുന്ന നന്ദികേടുകൾ അവർ ഒരു സമാധാനത്തിനെന്ന പോലെ എന്നോട്  പങ്കുവെയ്ക്കും... ദിർഹംസിന്റെ കെട്ടുകൾ ഇന്ത്യൻ രൂപകളായി നാട്ടിലേക്ക് അയച്ച് കൊടുക്കുമ്പോഴും സ്വന്തമായി ഒരു പുതിയ വസ്ത്രം പോലും അവര്ക്കായി വാങ്ങുന്നത് ഞാൻ കണ്ടില്ല.തന്റെ ദു:ഖങ്ങൾക്ക് മേൽ കരിമ്പടം ചാർത്തും പോലേ ആയിരുന്നു  പഴകിത്തേഞ്ഞ വസ്ത്രങ്ങൾക്ക് മുകളിൽ കറുത്ത പർദയണിഞ്ഞ്  അവർ ജോലിക്ക് പോയിരുന്നത്.


















Monday, March 23, 2015

ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ്‌ കണ്ട് .......

സ്കൂളിലേക്കുള്ള വഴിമദ്ധ്യേ ആയിരുന്നു ആ വല്യ പുളിമരം  നിന്നിരുന്നത്.വലുതെന്നു പറഞ്ഞാൽ ആകാശം മുട്ടെ വലുത്.അതിന്റെ ഉടൽ കുട്ടികൾ  കൈകോർത്ത് വട്ടം ചുറ്റിയാലും ഒതുങ്ങാത്ത ചുറ്റളവിലായിരുന്നു. വേരുകളാവട്ടെ സമീപ പ്രദേശങ്ങളിലേക്ക് അധിനിവേശം  നടത്തിയിരുന്നു.തലയുയർത്തി നോക്കി  മാത്രമേ  ആ മരത്തിന്റെ ശിഖരങ്ങളെയും , കുഞ്ഞിലകളെയും  കാണാൻ പറ്റു ..., അതിനും മുകളിലായി വിതാനിച്ചു കിടക്കുന്ന ആകാശം അവിടവിടെ വെള്ളി പൊട്ടുകൾ മാത്രമായി കാണായി. തലകീഴായി  തൂങ്ങി കിടക്കുന്ന പുളികൾ വശ്യമനോഹരമായി ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.ഞങ്ങളാകട്ടെ  വായിലൂറുന്ന രസത്തെ ഒളിക്കാൻ പാടുപെട്ടു. .ചിലപ്പോഴൊക്കെ ഉച്ചവിശപ്പിൽ കാളുന്ന വയറുകളെ കണ്ടെന്നോണം അത് നീണ്ട മൂത്ത മധുരപുളികൾ സമ്മാനമായി നല്കുകയും ചെയ്തു.ഒരു ഗൂഡസ്മിതത്തോടെ എന്നും പുളിമരം ഞങ്ങളുടെ യാത്ര നോക്കി കണ്ടു.


വീട്ടില് നിന്നും സ്കൂളിലേക്ക് കാൽ നാഴിക ദൂരമുണ്ട്.അതും തത്രപ്പെട്ടു നടന്നാൽ...രാവിലെ 'പള്ളി ' വിട്ടു കഴിഞ്ഞാൽ വീട്ടിലെത്തി പ്രാതലും കഴിച്ചു ഒരോട്ടമാണ്...പുസ്തകക്കെട്ടുമായി...  സ്ഥലത്തെ തൊഴിലില്ലാ ചെറുപ്പക്കാർ സൊറ പറഞ്ഞിരിക്കുന്ന കപ്പാലം  കഴിഞ്ഞു , ചെവി  തുളയ്ക്കുന്ന  
ശബ്ദവും,മിന്നല്പ്പിണർ ചിത്രവും  രചിയ്ക്കുന്ന ഇരുമ്പ് പണി കേന്ദ്രവും  കഴ്ഞ്ഞു  റോഡിൽ നിന്നും മാറിയുള്ള വളവു തിരിഞ്ഞാൽ നിഴലുകൾ നൃത്തം വെയ്ക്കുന്ന; ഇരുളുകൾ നിശ്ശബ്ദ സംഗീതം വര്ഷിക്കുന്ന ആ പുളിമരത്തിന്റെ വിശാലമായ തണൽ നല്കുന്ന തണുപ്പിൽ ഓട്ടം നടത്തത്തിനു വഴി മാറും...
ഇന്നത്തെ പോലെ മതിലുകളുടെ കെട്ടുപാടില്ലാതെ ഓരോ വീട്ടിന്റെ മുറ്റവും കടന്നു വഴികളായ വഴികളിലെ വീട്ടുകാരോടൊക്കെ ചിരിച്ചു കൊണ്ട് നടക്കുമ്പോൾ വഴിയൊന്നിൽ ദീപയുടെ തലവെട്ടം കാണും..അപ്പോൾ കൂട്ടുകാരിയെ കണ്ടതിന്റെ സന്തോഷം വീണ്ടും നടത്തം  ഓട്ടത്തിന് വഴിമാറും.പിന്നെ ഇത്തിരി കിന്നാരങ്ങളുമായി വിദ്യാലയത്തിലേക്ക്‌...


ദീപയെ കാണാത്ത ദിവസങ്ങളിൽ മോഹൻ ദാസ്  മാഷിന്റെ ചൂരൽ കഷായത്തിന്റെ കയ്പ്പ് ...
താമസിച്ചു ചെല്ലുന്ന കുട്ടികളെ കാത്ത് സ്കൂൾ വരാന്തയിൽ സാറും,സാറിന്റെ ചൂരലും അക്ഷമയോടെ ഉലാത്തുന്നുണ്ടാവും... സാർ സ്കൂളിലെ സൂപർ വൈസറായിരുന്നു.. അനന്തപുരിക്കാരനായ സാറിനു ഞങ്ങളുടെ ഗ്രാമത്തോട് പുച്ഛമായിരുന്നു. ഏതെങ്കിലും അദ്ധ്യാപകർ ഒഴിവിലാകുമ്പോൾ ആ  പിര്യഡുകളിൽ മാത്രമായിരുന്നു സാർ ഞങ്ങളുടെ ക്ളാസ്സിൽ വന്നിരുന്നത്. "നിങ്ങളുടെ  നാട്ടിൽ  കൊള്ളാവുന്ന വിദ്യാസമ്പന്നർ ഉണ്ടായിരുന്നെങ്കിൽ എന്നെ പോലുള്ളവർ ഇങ്ങോട്ടേക്കു വരുമായിരുന്നോ" എന്ന് ചോദിക്കും. (എട്ടാം ക്ലാസ്സിൽ അന്തോം കുന്തോം ഇല്ലാതെ ഇതു കേട്ട് ഇരുന്ന ഞാൻ അന്തം വിട്ടത് പത്താംക്ളാസിലായപ്പോഴേക്കും മോഹൻ ദാസ്  സർ  ഞങ്ങടെ നാട്ടിൽ സ്കൂളിനടുത്ത് കല്യാണം കഴിച്ചതറിഞ്ഞപ്പോൾ ആയിരുന്നു.)
എങ്ങനെയായാലും അദ്ദേഹത്തെ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല കാരണം ' അദ്ദേഹം' തന്നെ! അദ്ദേഹം എന്നെഴുതുമ്പോൾ 'ദ്ധ ' എന്നല്ല 'ദ്ദ ' എന്നാണെഴുതേണ്ടത് എന്ന് ഒരു പരീക്ഷാവേളയിൽ പറഞ്ഞു തന്നത് ഈ അദ്ധ്യാപകൻ ആയിരുന്നു.ഹൈസ്കൂൾ ജീീവിതമാണ് എനിക്കേറ്റവും ഇഷ്ട്ടമുള്ള പഠന കാലഘട്ടം . നിഷ്കളങ്കത മായാത്ത ഒരു കാലമാണത്.
എല്ലാ സ്നേഹബന്ധങ്ങൾക്കും പരിശുദ്ധതയുള്ള കാലം.

അങ്ങിനെയിരിക്കെ യുവജനോത്സവം വന്നു. പ്രിയ സ്നേഹിത സുമയ്യയുടെ നിര്ബന്ധത്തിനു വഴങ്ങി 'മാപ്പിള പാട്ട്' മത്സരത്തിന്  പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു.അവൾക്കു പങ്കെടുക്കാൻ കൂട്ടിനൊരാൾ വേണമത്രേ....ഒരു ധൈര്യത്തിന്...
അങ്ങനെ എന്റെ ഉമ്മ ഞങ്ങള്ക്ക് വേണ്ടി രണ്ടു പാട്ടുകൾ എഴുതി തന്നു.അവൾക്കു'പരംവിധിച്ചുമ്മാ വീട്ടില് ' എന്ന് തുടങ്ങുന്ന ഗാനവും, എനിക്ക് ' ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ്‌ കണ്ടു ' എന്ന ഗാനവും...
അക്കാലത്ത് സ്കൂളിൽ എല്ലാവര്ഷവും മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം ആബിദിനാണ് .(ഇപ്പോഴത്തെ അബിദ് കണ്ണൂർ ).അവൻ എന്റെ ബന്ധു  കൂടിയാണ് .അവന്റെ മുൻപിൽ ഒരല്പം ആളാവണമെന്ന അഹങ്കാരം മനസ്സില് ഉണ്ടായോ എന്തോ.....സ്റ്റെജിനു പിറകിലായി സുമയ്യയും ഞാനും അവസാന വട്ട പരിശീലനത്തിൽ...പെട്ടെന്ന് സുമയ്യ പറഞ്ഞു: "എനിക്ക് പേടിയാവുന്നു ഞാനില്ല," നിമിനേരം കൊണ്ട് അവൾ സദസ്സിലേക്ക് ഓടി.

മല്ലനും,മാതേവനും കഥ എനിക്കോര്മ്മ വന്നു.ആപത്തിൽ സ്വന്തം ചങ്ങാതിയെ തനിച്ചാക്കി രക്ഷപ്പെട്ട മല്ലനെ പോലെ ദുഷ്ട്ടയായ എന്റെ സ്നേഹിതയോട് ശക്തിയായ ദേഷ്യം തോന്നി.ഒരു തീരുമാനം എടുക്കാൻ മുന്നേ എന്റെ നമ്പർ വിളിക്കപ്പെട്ടു.. അത്ര നേരം തോന്നാത്ത ഭയം പെട്ടെന്നെന്നെ ഗ്രസിച്ചു.മൈക്കിനു മുന്നിലേക്ക്‌ ചെന്നപ്പോൾ മുന്നിലായി കണ്ണെത്താ ദൂരത്തോളം കാണികൾ ..മാാർക്കിടാനിരുന്ന അദ്ധ്യാപകവൃന്ദം പാടാൻ കൈ കാണിച്ചു'.
'ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ്‌ കണ്ടു 'ഞാൻ പാടാൻ ആരംഭിച്ചു വലിയ സ്പീകറുകളിലൂടെ മാറ്റൊലിയായി എന്റെ ശബ്ദം! എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി... എന്റെ സ്വരം ചിന്നി ചിതറി ഒരു നേർത്തരോദനമായി തീരാൻ അധികനേരം എടുത്തില്ല.കൂക്കുവിളികളുടെയും ,അട്ടഹാസങ്ങളുടെയും ചിത്രങ്ങൾ എനിക്ക് മുന്നില് അവ്യക്തമായി വന്നു....

എങ്ങിനെയോ സ്റ്റേജിൽ നിന്ന് പുറത്തുകടന്നു... തലയുയർത്താതെ സദസ്സിലെത്തി. എന്റെ തണുത്ത കൈകളിൽ ഒരു മൃദുസ്പർശം...  സുമയ്യ ! അവൾ എന്നെ  മുറുകെ പിടിച്ചിരിക്കുന്നു.
മറ്റാരുടെയും നോട്ടത്തെ നേരിടാനാവാതെ ഇരിക്കുമ്പോൾ മൈക്കിലൂടെ ആബിദിന്റെ ഇമ്പമാര്ന്ന പാട്ട് ഒഴുകിയെത്തി.'റസൂലേ നിൻ കനിവാലെ .. റസൂലേ നിൻ വരവാലേ ...' അത്തവണയും ആണ്‍കുട്ടികളുടെ കൂട്ടത്തിൽ അവനായിരുന്നു ഒന്നാം സ്ഥാനം.
സ്വാഭാവികമായും പിന്നീടുള്ള ദിവസങ്ങളിൽ  കുറെ പരിഹാസശരങ്ങൾ  ഏല്ക്കേണ്ടി വന്നു.
കൂട്ടുകാരികളും, അധ്യാപകർ തന്നെയും കളിയാക്കുന്ന കാര്യത്തിൽ പിറകോട്ടല്ലായിരുന്നു .

പുളിമരത്തിന്റെ ഇലകൾ കൊഴിയുകയും അതുണ്ടാക്കിയ വിടവുകളില്ലൂടെ താഴേക്ക്‌ സൂര്യരശ്മികൾ കൂടുതൽ  സ്വാതന്ത്രത്തോടെ  വിഹരിക്കുകയും ചെയ്തു . ശിശിരം വഴിമാറി;വീണ്ടും വസന്തം... ഇലകൾ തളിര്ക്കുകയും പൂക്കൾ വിരിയുകയും പൂമ്പാറ്റകൾ ഒറ്റയായും തെറ്റയായും,തേൻ നുകരാൻ പോകുന്നതും നോക്കി ഇരിക്കെ  വേനലവധിയും കഴിഞ്ഞു ; പുതിയ കൊല്ലം പുതിയ മാറ്റ ങ്ങൾ സമ്മാനിച്ചു പിറന്നു. വല്യ പെണ്‍കുട്ടിയായ  കാര്യം പറഞ്ഞപ്പോൾ പുളിമരത്തിനു  നാണം..അവൾ ചിരിച്ചു കുറെ ഉണങ്ങിയ പുളിയിലകൾ  പൊടിയിലക്കാറ്റായി  താഴേക്ക്‌ വീശി വിതറി .

ആ  വർഷത്തെ യുവജനോത്സവം!  ആ ഭാഗത്തേക്ക്  നോക്കാനേ തോന്നിയില്ല  ഉൾഭയം അത്രയ്ക്കുണ്ടായിരുന്നു.
എന്നാൽ അതിനടുത്തവർഷം ചെറുകഥരചനയ്ക്കും,കാർട്ടൂണിനും,ഡ്രോയിങ്ങിനും പങ്കെടുക്കാൻ ധൈര്യപ്പെട്ടു.
ഞാൻ പാടി വിറച്ച മൈക്കിലൂടെ കഥാരചന ഫസ്റ്റ് പ്രൈസ് എന്ന് പറഞ്ഞു പിറകെ എന്റെ പേരു വിളിച്ച നിമിഷം എന്റെ കാതുകളെ എനിക്ക് തന്നെ വിശ്വസിക്കാനായില്ല.
ഭ്രാന്തമായി വായിക്കുമെന്നല്ലാതെ  കവിതകളോ കഥകളോ എഴുതാറൊന്നും  ഉണ്ടായിരുന്നില്ല ഒരു ഇഷ്ട്ടത്തിന്  പങ്കെടുത്തു; മത്സരം എങ്ങനെയെന്നൊക്കെ അറിയാലോ എന്നോർത്ത്.'കാത്തിരുപ്പ്' എന്നായിരുന്നു വിഷയം.. അതിനോട് അനുബന്ധപ്പെട്ട കഥ എഴുതാൻ ആയിരുന്നു നിര്ദ്ദേശം. ഷാഹിദ എന്ന പെണ്‍കുട്ടിയെ പഠിപ്പിച്ചു ഡോക്റ്റർ  ആക്കാൻ കഷ്ട്ടപ്പെടുന്ന  ബാപ്പ അവളുടെ പഠനം പൂര്ത്തിയായതിന്റെ അന്ന് അപകടത്തിൽ  മരണപ്പെടുന്നതും മൃതദേഹത്തിനായുള്ള ഷാഹിദയുടെ കാത്തിരിപ്പുമായിരുന്നു ഞാനെഴുതിയ കഥയുടെ പ്രമേയം. അമ്പരപ്പിന് ആക്കം കൂട്ടാനെന്നപോലെ ഡ്രോയിങ്ങിനും,കാർട്ടൂണിനും കൂടി യഥാക്രമം രണ്ടും,മൂന്നും സ്ഥാനം !! അങ്ങനെ ജീവിതത്തിൽ ആദ്യമായി  വീട്ടിലെ സ്വീകരണ മുറിയിലെ ഷെൽഫിൽ എന്റെ കന്നി പുരസ്കാരങ്ങൾ ചിരി തൂകി നിന്നു.



Sunday, April 24, 2011

യക്ഷിയും,ഞാനും...

പതിവ് പോലെ ഒരു വെക്കേഷന്‍ നാട്ടില്‍ ചിലവഴിക്കാന്‍ പോയതായിരുന്നു..ഉമ്മയുടെ വീട്ടിലായിരുന്നു താമസം..ഞങ്ങളുടെ വീട് റോഡിനരുകിലാണ്. റോഡിനെതിര്‍ വശത്തായി ഒരു ഫ്ലോര്‍ മില്ലും,അതിനപ്പുറമായി മറ്റൊരു കെട്ടിട സമുച്ചയവും ഉണ്ട്. ബേക്കറി, ഇലക്ട്രിക്കല്‍ ഷോപ്പ്, ജൂവലറി,എന്നിങ്ങനെ..

ഒരു നട്ടപാതിരനേരം... മുകളിലത്തെ നിലയിലാണ് എന്‍റെ കിടപ്പ് മുറി. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം കാരണം മുറിക്കകത്ത് ബെഡ് ലാമ്പിന്റെ ആവശ്യം  വരില്ല.
മുറിയുടെ ഒരു വശത്തെ ജാലകങ്ങള്‍ തുറക്കുന്നത് റോഡിനു നേര്‍ക്കാണ്..രാത്രി ആയതിനാല്‍ കടകളൊക്കെ അടഞ്ഞു കിടക്കുന്നു.ഫ്ലോര്മില്ലിനും,കെട്ടിടത്തിനുമിടയില്‍ ഒരു ഇടറോഡുണ്ട്. അത് ചെന്നവസാനിക്കുന്നത് കടല്‍തീരത്താണ്. 


മുകള്‍ നിലയിലായതിനാല്‍ അനിയനെയും കൂട്ടിനു വിളിക്കും..പതിവ് പോലെ സകലമാന പ്രേത കഥകളും പറഞ്ഞു തീര്‍ത്തു അവന്‍ സ്വലാത്ത് ചൊല്ലല്‍ ആരംഭിച്ചു. (പേടി തട്ടാതിരിക്കാന്‍ ചെയ്യുന്നതാണ്,) അവന്റെ ഈണത്തിലുള്ള സ്വലാത്ത്  കാരണം ഞാനും മെല്ലെ ഉറക്കത്തിലേക്കു വഴുതി. അല്‍പനേരം കഴിഞ്ഞു കാണും ജനല്‍ ചില്ലുകളെ ഉടച്ചു കൊണ്ടു ഒരു ഉരുളന്‍ കല്ല് ചീറിപ്പാഞ്ഞു വന്നു. കനത്ത നിശബ്ദതയില്‍ വെള്ളിടിവെട്ടും പോലെയായിരുന്നു ആ ശബ്ദം..

ഞെട്ടി എണീറ്റ എനിക്കും, അനിയനും കാര്യമെന്താണെന്നു പോലും മനസ്സിലായില്ല. പക്ഷെ അനിയന്‍ കിടക്കയും,തലയിണയും എടുത്ത് ഓടുന്നത് കണ്ടു പന്തികേട്‌ മണത്തു ഞാനും മകനെയും, എടുത്ത് അവന്റെ പിറകെ താഴേക്കു വച്ചുപിടിച്ചു. ഉറക്കത്തിനു അധികം ക്ഷതം സംഭവിക്കാതിരിക്കാന്‍ കാര്യങ്ങള്‍ രാവിലത്തേക്ക് ഡിസ്കസ് ചെയ്യാന്‍ മാറ്റിവെച്ചു.

രാവിലെ ചൂടുള്ള ചായ മൊത്തുന്നതിനിടയില്‍ ഉമ്മയോട് കാര്യം പറഞ്ഞു. പ്രേതം,മറുതാ,ജിന്ന്,ശെയ്താന്‍ ഞാന്‍ നാട്ടിലില്ലാത്ത സമയത്ത് ഇവയൊക്കെ നാട് കയ്യടക്കിയോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. ഇതുവരെ അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ലല്ലോ വല്ല സാമൂഹ്യദ്രോഹികളും ചെയ്തതായിരിക്കും എന്ന് ഉമ്മ സമാധാനിപ്പിച്ചു. അതങ്ങിനെ ആവാനേ വഴിയുള്ളൂ എന്ന് അറിയാമായിരുന്നു.

അനിയന്‍ അന്ന് തന്നെ ഉടഞ്ഞ ചില്ലൊക്കെ മാറ്റിപ്പിച്ചുവെങ്കിലും കൂട്ടിനു കിടക്കാന്‍ തന്നെ കിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ''നിനക്ക് ധീരന്‍ എന്ന് ആരാണ് പേരിട്ടത് ഭീരൂ..'' എന്നൊക്കെ പറഞ്ഞു പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നൊ രക്ഷ.. ''ഇത്ത വേണേല്‍ താഴത്തെ മുറിയില്‍ കിടന്നോളൂ'' എന്ന ഒരു ഉപദേശവും..എനിക്കാണേല്‍ എന്‍റെ മുറിയില്‍ കിടന്നാലേ ഉറക്കം ശരിയാവൂ... കൊതുകിന്റെ ശല്യവും കുറവാണ് മുകളില്‍..

അങ്ങിനെ ഇല്ലാത്ത ധൈര്യമൊക്കെ സംഭരിച്ചു ഞാന്‍ പിറ്റേന്നും മുകളില്‍ തന്നെ കിടക്കാന്‍ പോയി. സ്വയ രക്ഷയ്ക്കായി തൊട്ടടുത്ത ഡ്രോവറില്‍ ഒരു തോക്കും കരുതി. സംഭവം കളിപ്പാട്ടമാണെങ്കിലും അത്യാവശ്യം ഒരു കള്ളനെ പറ്റിക്കാന്‍ അതൊക്കെ ധാരാളം എന്ന് കരുതി. മകന്‍ ഉറക്കം പിടിച്ചു കഴിഞ്ഞു.എനിക്കാണേല്‍ ഉറക്കമേ വരുന്നില്ല.
എല്ലാ ജനല്‍പാളികളും പിന്നെയും പിന്നെയും പരിശോധിച്ച് കൊണ്ട് ഒടുവിലെപ്പോഴോ ഉറങ്ങി.

പാതിരാവായപ്പോള്‍ ഒന്ന് ഞെട്ടി. ജനല്‍ പാളികളൊക്കെ വീണ്ടും പരിശോധിച്ചു. ഒക്കെ ബന്തവസ്സായി കിടപ്പുണ്ട്.ഉറക്കം വരാതെ പുലര്‍ കാലത്തിനു കാതോര്‍ത്തു കൊണ്ട് ഞാനിരുന്നു.അടുത്തുള്ള പള്ളിയില്‍ നിന്നു സുബഹി ബാങ്ക് മുഴങ്ങി.അല്പ നേരം കഴിയുമ്പോഴേക്കും വീടിനു കിഴക്കുള്ള അമ്പലത്തില്‍ നിന്നും 'കൌസല്യ സുപ്രചാ' എന്ന കീര്‍ത്തനവും തുടങ്ങി.ഇനിഅല്പം ധൈര്യമൊക്കെ ആവാം..ഞാന്‍ മുന്‍ വശത്തേക്ക് തുറക്കുന്ന ജാലകം തുറന്നു.പടിഞ്ഞാറ് നിന്നുള്ള തണുത്ത കാറ്റ് അത്രനേരം തടുത്തു നിര്‍ത്തിയതിന്റെ പരിഭവത്തോടെ അകത്തേക്ക് കടന്നു വന്നു.നിഷ്കളങ്കമായി ഉറങ്ങുന്ന മകനെ പുതപ്പിച്ചു.പിന്നെ ബാത്രൂമിലേക്ക്‌ നടന്നു.

പ്രഭാത നമസ്കാരം കഴിഞ്ഞു പുറത്തേക്കു കണ്ണ് നട്ടപ്പോള്‍ നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്..സോഡിയം വേപ്പര്‍ ലാമ്പിന്റെ പ്രഭാപൂരിതയാല്‍ ഉള്ള വെളിച്ചം മാത്രമേ റോഡിലുള്ളൂ..പെട്ടെന്നാണ് ഇട റോഡിലെ ഇരുട്ടില്‍ നിന്നും ഒരു കറുത്തരൂപം പാഞ്ഞു മെയിന്‍ റോഡിലേക്ക് വന്നത്.അതിശീഘ്രം അത് വന്ന സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.എന്‍റെ കണ്ണുകള്‍ക്ക്‌ തോന്നിയതായിരിക്കും എന്ന് കരുതുമ്പോഴേക്കും വീണ്ടും ആ രൂപം തിരിച്ചു വന്നു എന്തോ പെറുക്കിയെടുത്ത് നിമിനേരം കൊണ്ട് ഇരുളിലേക്ക് മറഞ്ഞു.സ്ട്രീറ്റ് ലൈറ്റ് എന്‍റെ വീടിനു അഭിമുഖമായി നില്‍ക്കുന്നതിനാല്‍ റോഡിന്റെ മറുവശത് കനത്ത ഇരുട്ടായിരുന്നു.കറുത്ത രൂപത്തിന്റെ ചെയ്തികള്‍ അധികം കണ്ടു നില്‍ക്കാനുള്ള ധൈര്യമില്ലാതെ ഞാന്‍ ജനല്‍ പാളികള്‍ ചേര്‍ത്തടച്ചു.അസി ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ശാസ്ത്രീയവശം ചിന്തിച്ചു കാരണം കണ്ടെത്താതെ ഇരിക്കപൊറുതി ഉണ്ടാവുമായിരിക്കില്ലല്ലോ    എന്നോര്‍ത്തു.
 
 
നേരം പുലര്‍ന്നപ്പോള്‍ താഴേക്ക്‌ ചെന്നു.ഉമ്മ പത്രവായനയില്‍ മുഴുകി ഇരിക്കുന്നു.നേരെ ചെന്നു കറുത്ത രൂപത്തെ കണ്ടകാര്യം പറഞ്ഞു.ഉമ്മ പത്രം മടക്കി വെച്ചു.സ്വതസിദ്ധമായ മനോഹരമായ പുഞ്ചിരിയോടെ പറഞ്ഞു''ആ കറുത്ത രൂപം കണ്ടു നീ പേടിച്ചല്ലേ..? അത് നമ്മളെ മന്റ്റാപ്പിലെ റഷീദയല്ലേ അവള്‍ക്ക് വീടും പരിസരവും വൃത്തിയാക്കുന്നത് പോരാഞ്ഞിട്ട് റോഡിലെ കച്ചറകള്‍ കൂടി വൃത്തിയാക്കുന്ന ഒരു സ്വഭാവമുണ്ട്. കറുത്ത മാക്സിയും, കറുത്ത തട്ടവുമിട്ട അവളെ കണ്ടു ഞാനും പലപ്പോഴും ഞെട്ടിയിട്ടുണ്ട്..'' എന്ന്. ഉമ്മ പ്രോബ്ലം പെട്ടെന്ന് സോള്‍വാക്കിയതിനാല്  ബേജാര്‍ ആകാതെ രക്ഷപ്പെട്ടു.അല്ലേല്‍ എന്തൊക്കെ കഥകള്‍ വിരിയട്ടേയിനു..............!

Thursday, January 13, 2011

കാഴ്ച ബംഗ്ലാവിലെ കഴുത

കടിഞ്ഞൂല്‍ സന്തതി ആയതിനാല്‍ ‍ ആകണം എന്‍റെ പ്രായത്തിലെ കുട്ടികളുടെ പ്രായോഗിക ബുദ്ധിയൊന്നും ബാല്യത്തില്‍ എനിക്കുണ്ടായിരുന്നില്ല.(ഇപ്പോഴും).
സ്കൂളിലും,മദ്രസയിലുമൊക്കെ പഠിത്തത്തില്‍ മോശമായിരുന്നില്ലെങ്കിലും,എന്‍റെ വീട്ടുകാര്‍ക്കിടയില്‍ ഞാനെന്നും ഒരു 'കാഴ്ച ബംഗ്ലാവിലെ കഴുതയായിരുന്നു'.
കാഴ്ച ബംഗ്ലാവിലെ കഴുതയുടെ കഥ കേട്ടിട്ടില്ലേ..?

ഇല്ലെങ്കില്‍ പറയാം.ഒരിക്കല്‍ ഒരാള്‍ കാഴ്ച ബംഗ്ലാവ്(zoo ) കാണാന്‍ പോയി.അവിടെ ഉള്ള മൃഗങ്ങളുടെ കൂട്ടത്തില്‍ കഴുത മാത്രം ചിരിക്കുന്നത് കണ്ട് അയാള്‍ ജീവനക്കാരനോട് കാരണം അന്വേഷിച്ചു.അയാള്‍ കൊടുത്ത മറുപടി ഇങ്ങനെ,"ഇന്നലെ കുരങ്ങന്‍ ഒരു തമാശ പറഞ്ഞു.അത് കേട്ടു കഴുത ഒഴികെ എല്ലാ മൃഗങ്ങളും ചിരിച്ചു.ഇന്നാണ് കഴുതയ്ക്ക് സംഗതി പിടികിട്ടിയത്'' എന്ന്..
എന്‍റെ വീട്ടുകാരെ കുറ്റം പറഞ്ഞിട്ടും  കാര്യമില്ല..എന്‍റെ തലയിലെ ബള്‍ബു കത്താന്‍ കുറച്ച് താമസിക്കാരുണ്ട്.ഇപ്പോള്‍ വലിയ ബുദ്ധിജീവി നടിച്ചു ഭര്‍ത്താവിനെയും, മക്കളെയുമൊക്കെ ഉപദേശിക്കുന്നു,വലിയ ധൈര്യവതിയാണ്  എന്ന ഭാവേന കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്നു..ഇതൊക്കെ ചെയ്യുമ്പോഴും ഇത്  ഞാന്‍ തന്നെയാണോ എന്ന് അത്ഭുതം കൂറും...

ആത്മ വിശ്വാസമില്ലായ്മയാണ് എന്നില്‍ ഞാന്‍ കാണുന്ന വലിയ കുറവ്.. സ്നേഹിക്കുന്നവര്‍ നിരാശപ്പെടുത്തിയാല്‍  തിരിച്ചു അവരെ സ്നേഹിക്കാന്‍ തോന്നുമെങ്കിലും,അത് പുറമേ പ്രകടിപ്പാക്കാന്‍ കഴിയാതെ വരിക..പിന്നെ കുട്ടികളെ അനാവശ്യമായി വഴക്ക് പറയുക..ഇങ്ങനെ ആകെ മൊത്തം കുറവുകളുടെ പടയാണ് എങ്കിലും എന്നില്‍ ഞാന്‍ കണ്ടെത്തുന്ന നന്മ അല്ലെങ്കില്‍ ഒരു ഭാഗ്യം എന്നത് ഒരു മുസ്ലിം ആയി ജനിക്കാന്‍ കഴിഞ്ഞു എന്നതാണ്..മദ്രസാ വിദ്യാഭ്യാസ കാലത്ത് നന്മകളുടെ മുത്തുകള്‍ കോര്‍ത്ത്‌ തന്ന മഞ്ചേരി ഉസ്താദിനായിരിക്കും എന്‍റെ നന്മകളുടെ ഫലം മുഴുവനും ലഭിക്കുക..ചൂരല്‍ കഷായത്തിന്റെ രുചി ഉണ്ടേലും,അദ്ദേഹം നല്‍കിയ മത വിദ്യാഭ്യാസം എന്‍റെ ജീവിതത്തിനു മുതല്‍ക്കൂട്ടായി മാറുക തന്നെ ചെയ്തു.

പ്രിയപ്പെട്ട എന്‍റെ അമുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ തീര്‍ച്ചയായും ഖുറാന്റെ പരിഭാഷ വായിക്കാന്‍ മറക്കരുത്.എന്നെ ഒരു വര്‍ഗീയ സ്നേഹിയായി കണ്ട് മുഖം ചുളിക്കരുത്.മറ്റു മതങ്ങളെ ഒരിക്കലും നിന്ദിക്കുന്നതല്ല,അതിനു ഇസ്ലാം  മതത്തില്‍ തന്നെ വിലക്കുണ്ട്.ഈ ലോകത്തിന്റെ സ്രഷ്ട്ടാവ് ലോക ജനതയ്ക്കായി  ഇറക്കിയ ഒരു ഗ്രന്ഥം എന്ന നിലയില്‍ എല്ലാ മനുഷ്യരും അത് വായിച്ചേ മതിയാവൂ..ഇത്ര ആധികാരികമായി സൂര്യനെയും,ചന്ദ്രനേയും,ഭൂമിയേയും,സര്‍വോപരി മനുഷ്യകുലത്തിന്റെ എല്ലാ തലങ്ങളെയും  പരാമര്‍ശിക്കുന്ന മറ്റൊരു ഗ്രന്ഥം വേറെ ഏതുണ്ട്?
വളരെ ബുദ്ധിമതിയും,പക്വതയുള്ള എഴുത്തുകാരിയുമായ കമലാ ദാസ് എന്ന മാധവികുട്ടി ഇസ്ലാം ആശ്ലേഷിച്ചതിന് പിറകിലെ വസ്തുത എന്തായിരിക്കും..അവര്‍ ഖുറാന്‍ പരിഭാഷ വായിച്ചിരുന്നു ..ചിന്തിക്കുന്നവര്‍ക്ക് അതില്‍   ദ്രിഷ്ട്ടാന്തം ഉണ്ട്.
പണവും,പ്രശസ്തിയും ലോകത്തിന്നേവരെ ആര്‍ക്കും ലഭിക്കാത്ത അത്ര അധികം ലഭിച്ച മൈക്കേല്‍ ജാക്ക്സന്‍..അദ്ദേഹവും ഇസ്ലാമിനെ മനസാവരിച്ചു.(ഈ രണ്ടു വ്യക്തികളുടെയും  കബറിടങ്ങള്‍  അള്ളാഹു ജന്നതുല്‍ ഫിര്‍ദൌസ്(സ്വര്‍ഗ്ഗ പൂന്തോപ്പ്‌) ആക്കി തീര്‍ക്കട്ടെ..ആമീന്‍) ഇവരെ കൂടാതെ തെമ്മാടിതത്തിന്റെ ചെളിക്കുണ്ടില്‍ നിന്നും ഇസ്ലാമിന്റെ പരിശുദ്ധിയിലേക്ക് വന്ന   മാല്‍ക്കം എക്സ്,തുടങ്ങി  ഒട്ടനവധി മഹാന്മാര്‍ ഇസ്ലാം  മതത്തെ സ്വീകരിച്ചത് അവര്‍ക്ക് ശരിയായ മാര്‍ഗം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്നു എന്നത്  തന്നെയാണ്,..ഈ ലേഖനം വായിച്ചു നീരസം തോന്നുന്നുവെങ്കില്‍ ക്ഷമിക്കൂ..ഒരല്പം ചിന്ത അതാവശ്യമാണ്..ഈ പറഞ്ഞതിന്റെ പൊരുള്‍ തെളിയാന്‍  ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാള്‍ വരേയ്ക്കും കാത്തിരുന്നേ മതിയാവൂ..പക്ഷെ,
നഷ്ട്ടപെട്ടു പോകുന്നവരുടെ കൂട്ടത്തില്‍ ആരും ഉള്പെടരുതെ എന്ന പ്രാര്‍ഥനയാണ് എനിക്ക്..

Saturday, January 1, 2011

പുതുപുലരികള്‍..

മഞ്ഞിന്റെ അരിച്ചെത്തുന്ന തണുപ്പിനോടൊപ്പം   പുതുവര്‍ഷവും   എത്തിചേര്‍ന്നു. കഴിഞ്ഞ വര്ഷം നല്ലതും ചീത്തയുമായ ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ചു.നല്ലത് മാത്രം എല്ലാവരും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നു.
ജീവിതം പുതിയൊരു വഴിത്താരയിലേക്ക്.. ഈയിടെയായി പ്രതീക്ഷകള്‍ കുറഞ്ഞു വരുന്നു..എല്ലാം നടക്കുന്നു;യാന്ത്രികമായി..ചിലപ്പോള്‍ ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമുള്ള ചിന്തകള്‍ ആകാം..മനസ്സ് ഒരു പ്രഹേളികയാണ്..അത് നമ്മുടെ കയ്യില്‍ നിന്ന് വിട്ടുപോകുമ്പോള്‍ അല്ലെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍  ഒക്കെ ഇങ്ങനെ സംഭവിക്കാം..എന്നാല്‍ ഇതിപ്പോള്‍ പൂര്‍ണ്ണമായും വരുതിയിലുള്ള മനസ്സിന്റെ തോന്നലുകള്‍ ആണ്..എന്ത് പറ്റി  എന്നത് ഒരു ച്യോദ്യമേ അല്ല? എങ്ങിനെ ഉണരാം എന്നാണു..
ഓരോ വര്‍ഷത്തെയും പുത്തന്‍ തീരുമാനങ്ങള്‍ ഒന്നും നടപ്പാകാതെ അല്ലേല്‍ അവയെ കാര്യമായി ശ്രദ്ധിക്കാതെ കൊഴിഞ്ഞു പോകുന്ന വര്‍ഷാന്ത്യത്തില്‍ പുതിയ തീരുമാനങ്ങളും  എടുത്ത് വീണ്ടും അത് പാഴാക്കി..അത് കൊണ്ട് പുതിയ തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നുമില്ല..
എങ്കിലും ഇ വര്ഷം ഈ ബ്ലോഗുലകത്തില്‍ വരാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.ബ്ലോഗിന് അടിമപ്പെടുന്നുണ്ടോ എന്ന സംശയത്തെ മൂന്നു നാല് ദിവസത്തെ ബ്ലോഗ്‌ വര്‍ജിക്കലിലൂടെ തോല്‍പ്പിച്ചു.മനസ്സിനെ റിഫ്രെഷ് ചെയ്യാന്‍ ബ്ലോഗിന് കഴിയുന്നു..എന്നാലും ചില സന്ദര്‍ഭങ്ങളില്‍ അതിനും ഒരു പരിധി...
എന്തോ ഏതോ എന്തായാലും ഈ പുതുവര്‍ഷത്തെ സഹനത്തോടെ കാണാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..കൂടുതല്‍ ആരോഗ്യം എല്ലാവര്ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...

Saturday, November 13, 2010

ബ്ലോഗൈക ജീവിതം തുടങ്ങിയത്...


ഇന്റര്‍നെറ്റ് പ്രചാരത്തില്‍ വന്ന കാലത്ത്,നെറ്റില്‍ ബ്രോവ്സ് ചെയ്യുന്നതും,ചാറ്റ് ചെയ്യുന്നതും  എനിക്ക് വല്യ താല്പര്യം ഇല്ലാത്ത കാര്യങ്ങളായിരുന്നു.മറ്റുള്ളവര്‍ ഈ വക കാര്യങ്ങളില്‍ മനം മുഴുകി ഇരിക്കുമ്പോള്‍ ഹൊറര്‍ മൂവികള്‍ കണ്ടും,കിട്ടാവുന്ന പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ ഒഴിവു സമയങ്ങള്‍ ചിലവഴിച്ചിരുന്നത്‌.

 അമ്മയും, ഭാര്യയുമായിരിക്കവേ കുറെ ഉത്തരവാദിത്വങ്ങളും,ഉണ്ടായിരുന്നു.ആറേഴു വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍   ഒരു ഇടവേളകിട്ടി;നാട്ടിലൊരു  കൂടുംകെട്ടി,സ്വന്തക്കാരും,
ബന്ധക്കാരും,നാട്ടുകാരുമൊക്കെയായിസുന്ദരമായിജീവിതം  പോകവേ..
വീണ്ടും പ്രവാസത്തിലേക്ക് പറിച്ചു നടപ്പെട്ടു..

നാട്ടിലായിരിക്കുമ്പോള്‍ ഏതെങ്കിലും കാര്യവുമായി ഏപ്പോഴും തിരക്കായിരിക്കും,ഇവിടെ ആണേല്‍ കുട്ടികള്‍ സ്കൂളിലും,ഭര്‍ത്താവ് ഓഫീസിലും പോയാല്‍ കുറെ സമയം സ്വന്തമായുണ്ട്.

ഇങ്ങനെയിരിക്കുന്ന ഒരു അവസരത്തിലാണ്ബ്ലോഗെന്ന സ്വപ്നലോകത്തിലേക്കു ഞാനും വന്നെത്തിയത്..ബ്ലോഗ്‌ നല്‍കുന്ന മനസ്സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.
എല്ലാവര്ക്കും അവരവരുടെ അക്ഷരങ്ങള്‍ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരാന്‍ (ആരുടെയും കാലുപിടിക്കാതെ) ഇത്രയേറെ സഹായിക്കുന്ന ഒരു സ്ഥലം വേറെയില്ല തന്നെ! ബ്ലോഗേഴ്സ് ടീമിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല,ഈ കടപ്പാട്.

ആദ്യമാദ്യം മലയാളം ബ്ലോഗുകള്‍ഒന്നും കണ്ടിരുന്നില്ല.
യാദ്രിശ്ചികമെന്നോണം ഒരു ദിവസം,'കൌസ്തുഭത്തില്‍' ചെന്നുപെട്ടു..ശ്രീ അബ്ദുല്‍ കാദെര്‍ കൊടുങ്ങല്ലൂരിന്റെ..ആദ്യം കണ്ട മലയാളം ബ്ലോഗ്‌ ഇതായിരുന്നു.
ഡയറി  കുറിപ്പുകള്‍ പോലെ എഴുതി തുടങ്ങിയ ഞാന്‍ മറ്റു മലയാളി ബ്ലോഗ്ഗെര്‍മാരുടെ ഫോളോവേസിനെയും,കമെന്റ്സും ഒക്കെ കണ്ടു ഞെട്ടി.ഇംഗ്ലീഷുകാര്‍ക്ക്  വരെ ഇത്രയധികം ഫോളോവേസ് കണ്ടിരുന്നില്ല.

ഇങ്ങനെയിരിക്കെ ഒരു ദിവസം ജയിംസ് സണ്ണി പാറ്റൂര്‍ സാര്‍ ആണ് ആദ്യമായി എനിക്കൊരു കമെന്റ് എഴുതിയത്..ഞാനെഴുതിയ ഓര്‍മ്മ കുറിപ്പ് വെച്ച് അദ്ദേഹം ഒരു മനോഹര കവിതയും എഴുതിയിരുന്നു.
ഡയറി കുറിപ്പുകള്‍  മാറ്റാന്‍ സമയമായെന്ന് തോന്നല്‍ തുടങ്ങി..എന്നാല്‍ മറ്റുകാര്യങ്ങളൊന്നും വല്യ പിടിയുമില്ല..
അപ്പോഴാണ്‌ എന്‍റെ മെയില്‍ ബോക്സിലേക്ക്  സ്ഥിരമായി മെയില്‍ അയക്കാറുള്ള ഒരു ബ്ലോഗ്ഗര്‍ ഓര്‍മ്മയില്‍ വന്നത്.അയാളോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ തന്നെ തീരുമാനിച്ചു.
മറ്റാരുമല്ലായിരുന്നു അത് നമ്മള്‍ക്കെല്ലാം പ്രിയങ്കരനായ ഹാര്‍ട്ട്‌ ബീറ്റ്സിലെ ക്രോണിക്ക് എന്ന ജിഷാദ് ആയിരുന്നു.ജാലകത്തെ കുറിച്ച് പറഞ്ഞു തന്നതും,അതില്‍ പേര് രജിസ്റ്റെര്‍ ചെയ്തതുമൊക്കെ ജിഷാദിന്റെ സഹായത്തോടെയാണ്.
ഒരു വലിയ സംഖ്യ 'ഗുരുദക്ഷിണ' യായി പുള്ളിക്ക് കടം പറഞ്ഞു വെച്ചിരിക്കുകയാണ്..

പിന്നീടങ്ങോട്ട് ഒട്ടനവധി കലാസൃഷ്ട്ടികള്‍ വായിക്കാനും,എന്‍റെ രചനകള്‍ പബ്ലിഷ്ചെയ്യാനും  കഴിഞ്ഞു..ചെറുവാടി,റിയാസ്,ഒഴാക്കാന്‍,ബിലാതിപ്പട്ടണം,
ജിഷാദ്,സണ്ണിസര്‍,താന്തോന്നി   ഇവരുടെയൊക്കെ പ്രോത്സാഹനം ഇവിടെ 
നിലനില്‍ക്കാന്‍ എന്നെ വളരെയേറെ സഹായിച്ചു.

ഒട്ടേറെ കഴിവുള്ള എഴുത്ത്കാരികളെയും  കണ്ടുമുട്ടി.  എച്ച്മുക്കുട്ടിയാണ് ബ്ലോഗുലകത്തില്‍ ഞാന്‍ കണ്ട വലിയ കഥാകാരി.
കുസുമംചേച്ചി,കുഞ്ഞുസ്,ലക്ഷ്മി,മെയ്‌ഫ്ലവേസ്,മിനിടീച്ചെര്‍,സിയാ,വല്യമ്മായി,ആയിഷിബി,ആത്മ,
മൈത്രേയി,ആദില,സാബിറ,സ്വപ്നസഖി,ജുവൈരിയ,പദസ്വനം,പ്രവാസിനി ഇവരൊക്കെ  എഴുത്തില്‍ വെന്നിക്കൊടി പറത്തിയവര്‍ തന്നെ...വായാടിയെ പോലെ വേറൊരാളെയും  കണ്ടിട്ടില്ല.ഓരോരുത്തര്‍ക്കും വായാടി നല്‍കാറുള്ള കമെന്റ് എത്ര നേരമിരുന്നാണ് ടൈപ്പു ചെയ്തിട്ടുണ്ടാവുക എന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്.വായാടീടെ ഈ അര്‍പ്പണബോധം അവര്‍ക്ക് മാറ്റുകൂട്ടുന്നു.
എല്ലാ  ബ്ലോഗേസിനെയും  പേരുടുത്തു പറയാന്‍ കഴിയില്ല അത്രയധികം അനുഗ്രഹീത  എഴുത്തുകാര്‍ നിറഞ്ഞ ഈ മലയാള ബ്ലോഗുലകത്തില്‍ കാലു കുത്താന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി കരുതുന്നു...

Sunday, October 17, 2010

തക്കിറഹീമി പറഞ്ഞത്

അഫ്ഗാനിലെ വീടുകളില്‍ തോക്കെന്നത് നമ്മുടെ നാട്ടില്‍ അടുക്കളയില്‍ സൂക്ഷിക്കുന്ന കറിക്കത്തികള്‍  പോലെയാണ്..അവര്‍ സ്വരക്ഷക്കായി ആയുധം കൂടെ കൊണ്ട് നടക്കുന്നു.ഒരു ദേഷ്യത്തിന് സ്വന്തം സഹോദരനെ പോലും വെടി വെച്ച് കൊല്ലുന്നു;പിന്നീട് പശ്ചാത്തപിക്കുന്നു.അവിടെ നിയമവും മറ്റുമില്ലേ എന്ന് ചോദിച്ചാല്‍ എന്ത് നിയമം!ചോദിക്കാന്‍ വരുന്നവരെയും തോക്കിന്മുനയില്‍ നിര്‍ത്തും..അത്ര തന്നെ..അഫ്ഗാനിയായ തക്കി റഹീമി തമാശ രൂപത്തില്‍ പറയുന്നത് കേട്ട് ഞാന്‍ അത്ഭുതത്തോടെ ആ കണ്ണുകളിലേക്കു നോക്കി.
ഒരു വലിയ വളവിലേക്ക് വണ്ടി അനായാസേന ഓടിച്ചു കൊണ്ട് ആ ചുവന്ന മനുഷ്യന്‍ വാതോരാതെ പിന്നെയും വര്‍ത്തമാനം തുടര്‍ന്നു.'കഴിഞ്ഞ തവണ ഞാന്‍ നാട്ടിലേക്ക് ചെല്ലുമ്പോള്‍ ഞങ്ങളുടെ വാഹനത്തിന്റെ തൊട്ടു മുന്പിലുണ്ടായ വാഹനം ഏതാനും  മീറ്റര്‍ അകലത്തിലുള്ള വിത്യാസത്തില്‍ ബോംബിട്ടു തകര്‍ത്തു..കണ്മുന്നില്‍ അറ്റ കൈകാലുകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നു..മനുഷ്യന്റെ നിസഹായതയും,നിര്‍വികാരത്വവും കടമെടുത്തു അവിടെ നിന്നും പുറപ്പെട്ടു..ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ട നെടുവീര്‍പ്പുമായി..
നിങ്ങള്‍ മലയാളികള്‍ നിങ്ങളുടെ സഹോദരിമാരുടെ കല്യാണ കാര്യവും,പണിതീരാത്ത വീടിന്റെ കാര്യവും പറഞ്ഞു പ്രാരാബ്ദ കണക്കുകള്‍ നിരത്തുമ്പോള്‍ ഞങ്ങളുടെ മനസ്സിന്റെ അണയാത്ത തീ പൊതുവേ ഞങ്ങളാരും പങ്കുവെക്കാറില്ല.പ്രിയതമയോടും,മകനോടും ഒപ്പം    വാര്ധക്ക്യതിലെത്തിയ പിതാവിനെ  ഈ മണല്‍ ആരണ്യത്തിലേക്ക്     കൂട്ടിയതും നാടിന്റെ അരക്ഷിതാവസ്ഥ ഭയന്നാണ്...
തക്കിറഹീമി
എത്ര ശരിയാണ് അയാള്‍ പറഞ്ഞത്...നമ്മുടെ പ്രശ്നങ്ങള്‍ ഊതിപെരുപ്പിച്ചു സ്വന്തം ആരോഗ്യം പോലും നശിപ്പിക്കുന്നു നാം.. ഹമ്മുറാബിയുടെ നിയമ വ്യവസ്ഥ  നടപ്പാക്കുന്ന പല നാടുകളും നാം അറിഞ്ഞും അറിയാതെയും കിടപ്പുണ്ട്..നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ ഒന്നും പ്രശ്നമേ അല്ല ഈ നാടുമായി താരതമ്യപെടുത്തുമ്പോള്‍..വേണ്ടത് ഏത് പ്രതികൂല  സാഹചര്യത്തെയും മറികടക്കാനുള്ള മനസ്തെര്യം ആണ്.മതമൈത്രിയും മനുഷ്യരുടെ പരസ്പര സ്നേഹവും നമുക്കേവര്‍ക്കും വര്‍ധിപ്പിക്കാം...

Thursday, September 9, 2010

പെരുന്നാളും ഓര്‍മകളും.

ചെറിയ പെരുന്നാള്‍ പടിവാതില്‍ക്കലെത്തി...വിശുദ്ധ റമദാന്‍ വിട വാങ്ങുന്നു...പെരുന്നാളിന്റെതായ ആരവങ്ങളും ആഘോഷങ്ങളും ഏതൊരു പ്രവാസിയേയും പോലെ എനിക്കും നഷ്ടമായിരിക്കുന്നു,ബാല്യകാല സ്മരണകളില്‍ മാത്രം പെരുന്നാളുകള്‍  ജീവന്‍ തുടിച്ചു നില്‍ക്കുന്നു.
എന്നാല്‍ പോലും ഉപ്പ പ്രവാസി ആയിരുന്നതിനാല്‍ ചെറുപ്പത്തിലെ പെരുന്നാളുകളും പൂര്‍ണതയിലേക്ക് എത്തിയിരുന്നില്ല;ആ വിഷമമൊന്നും കുട്ടികളായ ഞങ്ങളെ അറിയിക്കാതെ പുത്തന്‍ ഉടുപ്പുകള്‍ വാങ്ങിതന്നും,ബിരിയാണിയും ,പായസവും ഉണ്ടാക്കിതന്നും,വിഷുവിനു കൈനീട്ടം കിട്ടുന്നത് പോലെ,പെരുന്നാള്‍ പൈസ നല്‍കിയും ഉമ്മ ഞങ്ങളുടെ പെരുന്നാളിനെ വര്‍ണാഭമാക്കിയിരുന്നു.
പെണ്‍കുട്ടികള്‍ക്ക് പെരുന്നാളിന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മൈലാഞ്ചിയിടല്‍...തലേ ദിവസം തന്നെ മൈലാഞ്ചിയിലകള്‍ നുള്ളിയെടുത്ത് കൊണ്ട് വന്നു ഇളയുമ്മയെ ഏല്പിക്കും..അരച്ച് കുഴമ്പാക്കി കൈകളില്‍ ചാര്‍ത്തി തരുന്നത് അവരായിരുന്നു..പിറ്റേന്നു ഉറങ്ങിയെഴുന്നെല്‍ക്കുംപോള്‍ കൈ നിറയെ നല്ല മണമുള്ള മൈലാഞ്ചി ചുവന്ന നിറത്തില്‍ കിടപ്പുണ്ടാകും..അയല്‍പക്കത്തുള്ള പെണ്‍കുട്ടികള്‍ രാവിലെ തന്നെ വീട്ടിലെത്തും,പുതിയ ഉടുപ്പുകള്‍ മൈലാഞ്ചി കൈകള്‍ ഇവയൊക്കെ കാട്ടിതരാനും കാണാനും വേണ്ടി.
ചെറിയ പെരുന്നള്‍ക്ക് കുട്ടികളുടെ മറ്റൊരു അവിഭാജ്യ ഘടകമാണ് പെരുന്നാള്‍ പൈസ.എനിക്ക് കിട്ടിയ പെരുന്നാള്‍ പൈസ കൂട്ടത്തില്‍ ഞാന്‍ ഓര്‍മിക്കുന്ന ഒരേ ഒരു പൈസ എന്‍റെ ഒരു ബന്ധു വീട്ടില്‍ പോയപ്പോള്‍ കിട്ടിയ പത്തു,പത്തു പൈസാ തുട്ടുകളാണ്...
എന്‍റെ ചാലുമ്മാമയെ  കുറിച്ചും ഓര്‍ക്കാതിരിക്കാന്‍ വയ്യ! എന്‍റെ വലിയുമ്മയുടെ ഉമ്മയാണ് ചാലുമ്മാമ.അവര്‍ ഇപ്പോഴും  ജീവിച്ചിരിപ്പുണ്ട് കേട്ടോ...(എന്റെ മകള്‍ അടക്കം ഞങ്ങള്‍ അഞ്ചു തലമുറകള്‍  ഉണ്ട്).ഇത്രയേറെ ഊര്ജസ്വെലതയുള്ള ഒരു സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല...ജീവിതത്തില്‍ ഇന്നേ വരെ ആര്‍ക്കും ഭാരമായിതോന്നാതെ ആണ് അവരുടെ ജീവിതം..സ്വെന്തം വസ്ത്രങ്ങള്‍ പോലും ആരെ കൊണ്ടും അലക്കാന്‍ അവര്‍ സമ്മതിക്കില്ല.(മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമായി എണ്ണിയാല്‍ തീരാത്ത അത്ര ആള്‍ക്കാരുണ്ടായിട്ടും)വാഹനങ്ങളില്‍ കയറുന്നത്  അപൂര്‍വ്വം,കാല്‍നടയായി നടന്നു മാത്രമേ  ഏപ്പോഴും  എല്ലാ മക്കളുടെയും അടുത്ത് പോകാറുള്ളു..ഒരിടത്തും സ്ഥിരമായി താമസിക്കില്ല.എന്‍റെ ബാല്യകാലത്ത്‌ ചാലുമ്മാമ വരുമ്പോള്‍ എനിക്കായി ഒരു കൂട്ടം മിട്ടായികളും കൊണ്ടുവരും...പച്ച കടലാസില്‍ പൊതിഞ്ഞ പാരീസ് മിടായിയുടെ മധുരം ഇന്നും നാവിന്‍ തുമ്പില്‍ ഉണ്ട്.ചാലുമ്മാമ വീട്ടില്‍ വന്നാല്‍ ഞങ്ങളുടെ അടുപ്പില്‍ പുകയുതിരും...(അതുവരെ ഗ്യാസ് സ്റ്റൊവ്വില്‍ ആണല്ലോ വെപ്പ്..) ഉമ്മാമ മുറ്റത്തും പറമ്പിലും ചുറ്റിനടന്നു വിറകു കൊള്ളികള്‍  സംഭരിച്ചു  അടുപ്പ് കത്തിച്ചു കലത്തില്‍ വെള്ളം നിറച്ചു ചോറ് ഉണ്ടാക്കും...വീട്ടു പണിക്കാരെയൊന്നും ആശ്രയിക്കാനേ പോകില്ല.ഞാന്‍ നാട്ടില്‍ നിന്ന് വരുന്ന സമയം പ്രായത്തിന്റെ അവശതയാല്‍ അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല,ഞാന്‍ പോയി കണ്ടു യാത്ര ചോദിച്ചപ്പോള്‍ ഉമ്മാമ വിങ്ങി പൊട്ടി,"അടുത്ത പെര്ന്നാളിനു എനിക്ക് നിന്നെ കാണാന്‍ പറ്റോ" എന്നും ചോദിച്ചു കൊണ്ട്...ചിരിക്കുന്ന മുഖത്തോടെ എന്നെ കൈവീശി യാത്ര അയക്കുന്ന തേജസ്സുറ്റ ആ മുഖം എന്‍റെ മനസ്സില്‍ നിന്നും മായുന്നില്ല...
പ്രവസിയായപ്പോള്‍ എന്‍റെ ഉപ്പയെ എനിക്ക് തിരികെ കിട്ടി..ഉപ്പയും അലൈനില്‍ തന്നെയാണ്..ഒരു പക്ഷെ  ബാല്യത്തില്‍ നഷ്ടമായത് ഇപ്പോള്‍ ദൈവം തിരികെ തന്നതാവാം അല്ലേ...