Thursday, September 13, 2012

പൂച്ചവീടിന്റെ വാതിലടച്ചു താക്കോല്‍ സുജ ഹരിക്ക് നേരെ നീട്ടി.ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു ഹരിയപ്പോള്‍.... '' താന്‍ തന്നെ അത് കയ്യില്‍ വെച്ചോളൂ.. എന്നിട്ട് വേഗം വണ്ടിയില്‍ കയറാന്‍ നോക്ക് ...നേരം പോകുന്നു''.ഉണ്ണിക്കുട്ടന്‍ നേരത്തെ തന്നെ അച്ഛന്റെ മുന്‍പിലായി സ്ഥാനം പിടിച്ചിരുന്നു.സുജ മോളെ ഒക്കത്തെടുത്ത്‌ അയാള്‍ക്ക്‌ പിറകില്‍ കയറി ഇരുന്നു.''എന്താ നിന്റെ പ്ലാന്‍? എപ്പോഴാ മടക്കം?''  ഹരി ചോദിച്ചു.'' അവന്‍ ഒത്തിരി കാലം കൂടി നാട്ടിലെത്തിയതല്ലേ ഹരിയേട്ടാ.. അവനിഷ്ട്ടമുള്ള കറികളും,ചോറും ഒക്കെ ഇണ്ടാക്കി കൊടുക്കണം..ഹോട്ടല്‍ ഭക്ഷണം കഴിച്ചു മടുത്തു കാണില്ലേ അവനു..

നിന്റെ അമ്മയ്ക്ക് അവനൊപ്പം വന്നു നിന്നാലെന്താ? ഇട റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് വണ്ടി കയറ്റി ഒതുക്കി തലയില്‍ ഹെല്‍മറ്റു  ധരിക്കുന്നതിനിടയില്‍ വീണ്ടും ഹരി ചോദിച്ചു.
അമ്മയോട് നാട്ടിലെ പുരയിടമൊക്കെ വിറ്റ്   ഈ പട്ടണത്തില്‍ സെറ്റില്‍ ചെയ്യാമെന്നാ മോനുട്ടന്‍ പറഞ്ഞതെന്ന് ഭാസ്കരന്മാമ പറഞ്ഞത്.
അമ്മയ്ക്ക് വീട് വിട്ടു നില്‍ക്കാന്‍ ഇഷ്ട്ടല്ലാത്തത്  കാരണം അവന്‍ തനിച്ചല്ലേ പുതിയ ഫ്ലാറ്റില്‍... താമസിക്കുന്നെ.........നമ്മള്‍ താമസിക്കുന്ന ഈ നഗരത്തില്‍ തന്നെ വന്നു ബിസിനെസ്സ് തുടങ്ങാന്‍ അവനു തോന്നിയത് നമ്മടെ ഭാഗ്യം ഇല്ലേ ഹരിയേട്ടാ...അവനൊരു പെണ്ണ് കെട്ടുന്നത് വരെ നല്ലോണം നോക്കണം അവനെ..വിളമ്പി കൊടുത്ത് ചോറുണ്ട  ശീലമേ ഉള്ളൂ അവനു ഇല്ലേല്‍ പട്ടിണി കിടക്കുന്ന പ്രകൃതമാ...

എന്റെ സുജേ നീ ആ കുഞ്ഞിനെ മുറുകെ പിടിച്ചിരിക്ക്...അനിയനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ നൂറു നാവാണ്...അവള്‍ ചിരിച്ചു കൊണ്ട് സംസാരം നിര്‍ത്തി .ദീര്‍ഘകാലം വിദേശത്ത് ജോലി ചെയ്തു വന്ന അനിയനെ കാണുന്ന സന്തോഷത്തില്‍ ആണ് തന്റെ ഭാര്യ.അതിന്റെ പ്രസരിപ്പാണ് ആ മുഖം നിറയെ...ഹരിക്ക് ചെറുതായി ഉള്‍ഭയം തോന്നി.മോനുട്ടന്റെ കോളേജു പഠനത്തിനായി ഒത്തിരി പണം ചിലവഴിച്ചിട്ടുണ്ടായിരുന്നു താന്‍. അവനു ജോലി കിട്ടി പോയതിനു ശേഷം ഫോണ്‍ വിളിക്കുന്നത്‌ പോലും അപൂര്‍വ്വമായിരുന്നു . അവന്‍ വന്നതും ഫ്ലാറ്റ് വാങ്ങിച്ചതും ഒക്കെ ഭാസ്കരന്മ്മാമ മുഖേനയാണ് അറിയുന്നത് തന്നെ.അത് കേട്ടപ്പോള്‍ തൊട്ടു അനിയനെ കാണാനുള്ള ധ്രിതിയായിരുന്നു സുജയ്ക്ക്.അവന്‍ തങ്ങളെ കാണാന്‍ വരാത്തതില്‍ യാതൊരു പരിഭവവും അവള്‍ക്കില്ല.അല്ലെങ്കിലും അവള്‍ക്കു ആരെയും വിലയിരുത്താന്‍ അറിയില്ല.എല്ലാരെയും കുറിച്ച് വളരെ നിഷ്കളങ്കമായി മാത്രം ചിന്തിക്കും.പാവം പെണ്ണ്..എന്നിട്ട് വല്ലസങ്കടവും ഉണ്ടാകുമ്പോള്‍ '' നിക്കെന്റെ ഹരിയേട്ടന്‍ മാത്രേ ഉള്ളൂ'' എന്ന് പറഞ്ഞു കരയും...തന്റെ കരതലത്തില്‍ ഒരു കുഞ്ഞുകുട്ടിയെ പോലെ അവളെ ഒതുക്കി കിടത്തി ഉറക്കിയാല്‍ അവളുടെ എല്ലാ സങ്കടങ്ങളും മാറും.ഉണര്ന്നെഴുന്നേറ്റാല്‍ താനും മക്കളും മാത്രമാകും അവളുടെ ലോകം...

''ഹരിയേട്ടാ ഇതല്ലേ ആ ജങ്ങ്ഷന്‍?''  സുജയുടെ ചോദ്യം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.''അതെയതെ..'' അതും പറഞ്ഞു ഹരി നാലും കൂടിയ കവലയുടെ വലതു വശത്തേക്ക് വണ്ടി തിരിച്ചു.റോഡിനരുകില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിനു മുന്നില്‍ ഹരി ബൈക്ക് നിര്‍ത്തി.''ഏട്ടനും കൂടി വരൂന്നെ ഒന്ന് അവനെ കണ്ടിട്ട് പോയ്ക്കൂടെ ?" സുജ നിര്‍ബന്ധിച്ചു.''അല്ലേല്‍ തന്നെ നേരം വൈകി.ഓഫീസില്‍ പോകേണ്ടതല്ലേ? മക്കളെ അച്ഛന്‍ പോട്ടെടാ..'' നങ്ങേമ കുട്ടിയുടെ കവിളില്‍ തഴുകി അയാള്‍  ബൈക്ക് തിരിച്ചു.ഉണ്ണിക്കുട്ടന്‍ അച്ഛന് റ്റാ റ്റാ പറഞ്ഞു.ഹരിയുടെ ബൈക്ക് കണ്ണുകളില്‍ നിന്ന് അകന്നപ്പോള്‍ സുജ അകത്തേക്ക്  നടന്നു.സെക്യുരിറ്റിക്കാരന്‍ വന്നു കാണേണ്ട ആളുടെ അഡ്രസ്‌ ചോദിച്ചു വാങ്ങി.എന്നിട്ട് മുകളിലേക്ക് ഫോണ്‍  ചെയ്തു വിവരം അറിയിച്ചു.അല്‍പ സമയം കഴിഞ്ഞു അവളോട്‌ അകത്തു ചെല്ലാന്‍ പറഞ്ഞു.നാലാം നിലയില്‍ 405-ആം നമ്പര്‍ ആണ് മോനുട്ടന്റെ ഫ്ലാറ്റ്.


ഉണ്ണിക്കുട്ടന്‍ ലിഫ്റ്റില്‍ കയറിയ സന്തോഷത്തിലാണ്.ലിഫ്റ്റിന് ഇടതു  വശത്തായിരുന്നു മോനുട്ടന്റെ ഫ്ലാറ്റ്..കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ജാപനീസ് മുഖമുള്ള ഒരാളായിരുന്നു.അവള്‍ പകച്ചു പോയി. ''കം ഇന്‍സൈഡ് മാഡം '' എന്ന് പറഞ്ഞു. തനിക്കു റൂം മാറിയോ എന്ന് സന്ദേഹമായി അവള്‍ക്കു.... അയാള്‍ തല താഴ്ത്തി വന്ദിച്ചപ്പോള്‍ . അയാള്‍ക്ക് പിറകിലായി മോനുട്ടന്‍ അവനെ  കണ്ടപ്പോള്‍ അവള്‍ക്കാശ്വാസമായി .
കോട്ടണ്‍ സാരി കൊണ്ട് മുഖം അമര്‍ത്തി തുടച്ചു കൊണ്ട് അവള്‍ അകത്തേക്ക് കയറി.'' ചേച്ചി.. വരൂ ഇരിക്ക്..ഭാസ്കരന്മാമ്മ ആണ് ഈ ഫ്ലാറ്റ് തരപ്പെടുത്തി തന്നത്.ഫുള്ളി ഫര്‍ണിഷ്ഡാണ്'' എനിക്ക് ചേച്ചീടെ വീട് വരെ വരാന്‍ സമയം കിട്ടീല ട്ടോ...അതാ വരാതിരുന്നത്''. തന്നെക്കാള്‍ ഒത്തിരി വളര്‍ന്ന അനിയനെ അവള്‍ സാകൂതം നോക്കി.സ്വതവേ വെളുത്ത  ശരീരം തടിച്ചു കൊഴുത്തിരിക്കുന്നു.കൈത്തണ്ടയില്‍ സ്വര്‍ണ്ണ ചങ്ങല.കഴുത്തില്‍ സ്വര്‍ണ്ണമാല . അവന്റെ ആ രൂപവും, ഭാവഹാദികളും  ഏതോ ധനാഡ്യനെ   അനുസ്മരിപ്പിച്ചു.

സുജ ഇരുപ്പു മുറിയാകമാനം കണ്ണോടിച്ചു.വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.ഒരു വശത്ത് വലിയ സ്ക്രീനും,സ്പ്പീക്കേര്സും കൊണ്ട്  സജ്ജീകരിച്ച ഹോം തിയേറ്റര്‍...വിദേശ നിര്‍മിത സോഫാ സെറ്റുകള്‍.... , കണ്ണാടി പോലെ തിളങ്ങുന്ന നിലം..എത്ര അടുക്കും ചിട്ടയിലുമാണ് ഓരോ വസ്തുക്കളും ക്രമീകരിച്ചിരിക്കുന്നത്! വലിയൊരു ഫ്ലവര്‍ വേസ് ഉണ്ണിക്കുട്ടന്‍ പോയി തൊട്ടു നോക്കുന്നുണ്ടായിരുന്നു.''ഡാ.. ഡാ അത് ഗ്ലാസ്സാ... തകര്‍ക്കല്ലേ....''മോനുട്ടന്‍ വിളിച്ചു പറയുന്നു.അവള്‍ വേഗം ചെന്ന് ഉണ്ണിയുടെ കൈ പിടിച്ചു.അപ്പോഴേക്കും ജാപനീസ് മുഖമുള്ള ആള്‍ ജ്യുസുമായി വന്നു. '' വാ ചേച്ചീ വന്നു ജ്യുസ് കുടിക്കൂ ..'' ഇതെന്റെ ഷെഫാ.. നല്ല ഒന്നാന്തരമായി  ഭക്ഷണം പാകം ചെയ്യും.''

 സുജയ്ക്ക് ആകെ ഒരു വല്ലായ്ക.ഒരു തരം അന്യതാബോധം .. സ്വന്തം അനിയന്‍ ഒരു അതിഥിയോട് എന്ന പോലെ പെരുമാറുന്നോ..? അവള്‍ ഗ്ലാസ്സെടുത്ത്‌ ചുണ്ടോടു കോര്‍ത്തു. ''കിറ്റീ...മോനുട്ടന്‍ ഉറക്കെ വിളിച്ചു..കടുവയുടെ രൂപമുള്ള ഒരു പൂച്ച പാഞ്ഞു വന്നു മോനുട്ടന്റെ അരികിലിരുന്നു.നങ്ങേമ കുട്ടി പൂച്ചയെ കണ്ടു അവളുടെ കയ്യില്‍ നിന്നൂര്‍ന്നിറങ്ങി;മോനുട്ടന്റെ അരികിലേക്ക് ചെന്നു.മോനുട്ടന്‍ പൂച്ചയെ വാരിയെടുത്ത് ഉമ്മകള്‍ കൊണ്ട് മൂടി.സുജയ്ക്ക് അറപ്പ് തോന്നി.''കുറച്ചു നാളായി ഇവനാ എന്റെ കൂട്ട്..'' ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും ഞങ്ങള്‍ ഒരുമിച്ചു തന്നെ..ജര്‍മ്മനീലെ ഒരു സായിപ്പ് തന്നതാ.. ഇവന് പ്രതേകം ഷാമ്പൂവും , ബാത്ത്ടബ്ബും ഒക്കെ  ഉണ്ട്..സുജ ആ പൂച്ചയെ ബഹുമാനത്തോടെ നോക്കി.


''എനിക്ക് ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്..ഒമ്പത് മണിയാകുമ്പോഴേക്കും അവിടെ എത്തണം ''. മോനുട്ടന്‍ പറയുന്നു..  ഇനിയും താനെന്തിനു ഇവിടെ ഇരിക്കണം? പെട്ടെന്നവള്‍ പോകാനൊരുങ്ങി.
''സ്വിസ്സ് മൈഡു ചോക്ലെറ്റ്  ആണ് വെച്ചോള് ..മോനുട്ടന്‍ ഒരു കവര്‍ നല്‍കി കൊണ്ട് പറഞ്ഞു.''ശെരി ചേച്ചി .. എന്നാല്‍ പിന്നെ അങ്ങിനെ തന്നെ ''
അവന്‍ തന്നെ യാത്ര പറച്ചിലും എളുപ്പമാക്കി തന്നു.
അവള്‍ കുട്ടികളെയും കൂട്ടി താഴേക്ക്‌ ചെന്നു.ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമായി നടക്കുമ്പോള്‍ ഉണ്ണിക്കുട്ടന്റെ പ്രായത്തില്‍ മോനുട്ടനെ ഒക്കത്തിരുത്തി മാത്രം എവിടെയെങ്കിലും പോകാറുള്ളത് ഓര്‍ത്തു.
''ഉണ്ണീ നിനക്ക് കാല്‍ വേദനിക്കുന്നുണ്ടോ.''അവന്‍ ഉവ്വെന്നു തലയാട്ടി. ഒരു ഓട്ടോ കിട്ടിയിരുന്നെങ്കില്‍ എന്ന് അവളാശിച്ചു.എല്ലാം തിരക്കിട്ട് പോകുന്നവ സുജയ്ക്ക് നങ്ങേമയെ എടുത്ത് കൈകഴയ്ക്കുന്നുണ്ടായിരുന്നു. തലങ്ങുംവിലങ്ങും പായുന്ന വാഹനങ്ങള്‍ക്കിടയില്‍  കുതിക്കുന്നൊരു അകം തണുത്ത കാറിന്റെ ചില്ലുകള്‍ക്ക്   അകത്തിരുന്നൊരു മുഖം തന്റെ അനിയന്‍ കുട്ടിയുടെതാണെന്നു കണ്ട സുജയ്ക്ക് യാതൊരു വിഷമവും തോന്നിയില്ല.സുജയെ കാത്തു ഫുള്ളി ഓട്ടോമാറ്റിക്ക്k S R T C  ബസ്സ് വന്നു കിടപ്പുണ്ടായിരുന്നു അപ്പോള്‍!!!!!!!!!!!


.... .........

23 comments:

Jazmikkutty said...

പലര്‍ക്കും പലവിധത്തിലാണ് ഗര്‍ഭ കാല അസ്വസ്ഥതകള്‍ ഉണ്ടാകുക.ചിലര്‍ക്ക് ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യുന്നതിന്റെ മണം , മറ്റു ചിലര്‍ക്കാവട്ടെ മീനും,ഇറച്ചിയും,കാണുന്നത് പോലും മനം പിരട്ടലുളവാക്കും .. എന്നാല്‍ എനിക്കാകട്ടെ ഇതൊന്നുമായിരുന്നില്ല പ്രഥമ അസ്വസ്ഥത.. ബ്ലോഗ്‌ എന്ന വാക്ക് കേട്ടാല്‍ പോലും ഓക്കാനം ..ഇന്നിപ്പോള്‍ ബ്ലോഗ്‌---_ ഗര്ഭാദി അസ്വസ്ഥതകള്‍ ഒക്കെ വിട്ടു ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്യുകയാണ്..ജാസ്മിക്കുട്ടിക്കു ഒരു അനിയത്തി കുട്ടി വന്ന കാര്യം കൂടി എല്ലാരെയും അറിയിക്കട്ടെ...എന്നാ പിന്നെ ശെരി അങ്ങിനെ തന്നെ...:)

കൊച്ചു കൊച്ചീച്ചി said...

രണ്ടുതവണ കമന്റിട്ടത് അപ്രത്യക്ഷമായി. ഒന്നുകൂടി നോക്കട്ടെ.

അമ്മയ്ക്ക് ബൂലോകത്തേയ്ക്കും മകള്‍ക്ക് ഭൂലോകത്തേയ്ക്കും സ്വാഗതം.

ajith said...

എനിക്കാകട്ടെ ഇതൊന്നുമായിരുന്നില്ല പ്രഥമ അസ്വസ്ഥത.. ബ്ലോഗ്‌ എന്ന വാക്ക് കേട്ടാല്‍ പോലും ഓക്കാനം

ഇത് ഗവേഷണം നടത്തേണ്ട ഒരു വിഷയമാണല്ലോ. ഗൂഗിളിനോട് പറയാം ബ്ലോഗിന് ഇങ്ങനേയും ഒരു പാര്‍ശ്വഫലം കണ്ടുവരുന്നുണ്ടെന്ന്....!!!

“കൈത്തണ്ടയില്‍ സ്വര്‍ണ്ണ ചങ്ങല.കഴുത്തില്‍ സ്വര്‍ണ്ണമാല . അവന്റെ ആ രൂപവും, ഭാവഹാദികളും ഏതോ ധനാഡ്യനെ അനുസ്മരിപ്പിച്ചു.”
എനിക്ക് ഇങ്ങനത്തെ മനുഷ്യരെ കാണുമ്പോള്‍ ഓക്കാനം വരും. ഞാന്‍ എത്രയും വേഗം അവരുടെ സമിപ്പത്തുനിന്ന് ഓടിപ്പോകും.
കഥ നന്നായീട്ടോ.
ജാസ്മിക്കുട്ടീടെ അനിയത്തിക്കുട്ടിയ്ക്ക് സ്നേഹവും ആശംസകളും

പട്ടേപ്പാടം റാംജി said...

ഭംഗിയോടെ ഒതുക്കത്തോടെ തഴുകി കടന്നുപോയ കഥ.

sumesh vasu said...

ആശംസകൾ... നല്ല കഥ... ഒരു കാലഘട്ടം ഒക്കെ കഴിഞ്ഞ് സ്വന്തം കുടുംബങ്ങൾ ഒക്കെ ആയികഴിഞ്ഞാൽ രക്തബന്ധങ്ങൾക്ക് ദൂരം കൂടും അല്ലേ ? നന്നായെഴുതി ... പക്ഷേ എന്താണീ ഫുള്ളി ഓട്ടോമാറ്റിക്ക് ksrtc ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഥ മോശമാണെന്നല്ല എങ്കിലും തീര്‍ച്ചയായും താങ്കള്‍ക്കു ഇതിനെക്കാള്‍ നന്നായി എഴുതാന്‍ കഴിയും..കൂടുതല്‍ നല്ല സൃഷ്ടിയുമായി ഇനിയും വരുമല്ലോ
'നാലും കൂടിയ കവല'എന്നാല്‍ നാല്‍ക്കവല ആണോ?

(കുഞ്ഞുവാവക്കു നന്മ നേരുന്നു ..
എന്നാ പിന്നെ ശരി അങ്ങനെ തന്നെ... )

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാലം ബന്ധങ്ങളില്‍ വരുന്ന അകല്‍ച്ചകള്‍ വളരെയേറെയാണ് .അതിന്റെ ചില നിമിഷങ്ങള്‍ നന്നായി അവതരിപ്പിച്ചു.ആശംസകള്‍

മന്‍സൂര്‍ ചെറുവാടി said...

അറ്റുപോകുന്ന ബന്ധങ്ങളുടെയും സ്നേഹത്തിന്‍റെയും അവസ്ഥയെ നന്നായി പറഞ്ഞു കഥയില്‍. .,
ഒരു വലിയ ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം ജാസ്മികുട്ടി.
ആശംസകള്‍

Jazmikkutty said...

ഈ പാവത്തെ എല്ലാരും മറന്നെന്നാ കരുതിയത്..പതിവ് പോലെ സ്നേഹത്തോടെ കമെന്റ് രേഖപ്പെടുത്തിയ എന്‍റെ പ്രിയപ്പെട്ട ചങ്ങാതിമാര്‍ക്കെല്ലാം നന്ദി.ഒറ്റയിരുപ്പിന്‍ എഴുതി പോസ്റ്റിയതാണ്.അക്ഷമക്കാരിയായ എനിക്ക് മിനുക്ക്‌ പണികളൊന്നും നടത്താന്‍ പറ്റിയില്ല.അതിന്റെ കുറവുകളും കാണും..ക്ഷമിക്കു ഇസ്മായില്‍ ഭായ്..:)

മുല്ല said...

ഇതായിരുന്നല്ലെ കാണാതിരുന്നത്. അഭിനന്ദനങ്ങള്‍ ആശംസകള്‍...

ഷബീര്‍ - തിരിച്ചിലാന്‍ said...

വീണ്ടും സ്വാഗതം... ഇനി ഇവിടെ സജീവമായി ഉണ്ടാകുമല്ലോ അല്ലേ...? കഥ ഒറ്റയിരുപ്പില്‍ മിനുക്കുപണികളൊന്നും ഇല്ലാതെ എഴുതിയതുകൊണ്ട് കുഴപ്പമില്ല. കുഞ്ഞുവാവക്കും സ്വാഗതം.

ഞാനും ഒരു കുഞ്ഞുവാവയെ കാത്തിരിക്കാണ്. തിരിച്ചിലാത്തിക്ക് ബ്ലോഗെന്ന് കേള്‍ക്കുംബോള്‍ കുഴപ്പമൊന്നും ഇല്ല, കാണുംബോഴാണ് പ്രശ്നം... പ്രത്യേകിച്ച് ബ്ലോഗിന് മുന്നില്‍ ഇരിക്കുന്ന എന്നെ.. :)

Hashiq said...

കഥ വായിച്ചുപോകുന്നു...... കുഞ്ഞുവാവ സുഖമായിരിക്കുന്നല്ലോ അല്ലെ?

mayflowers said...

അനിയത്തിക്കുട്ടീടെ പോസ്റ്റ്‌ കണ്ടപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേല..
നന്നായിട്ടുണ്ട് കേട്ടോ..
"സുജ ആ പൂച്ചയെ ബഹുമാനത്തോടെ നോക്കി."
ഈ വരിക്ക് ഒരു പ്രത്യേക ലൈക്‌ !
പിന്നെ ഇതില്‍ക്കൂടി തിരിച്ചിലാനും ഒരഭിനന്ദനം അറിയിക്കുന്നു.

ഫൈസല്‍ ബാബു said...

പലര്‍ക്കും പലവിധത്തിലാണ് ഗര്‍ഭ കാല അസ്വസ്ഥതകള്‍ ഉണ്ടാകുക.ചിലര്‍ക്ക് ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യുന്നതിന്റെ മണം , മറ്റു ചിലര്‍ക്കാവട്ടെ മീനും,ഇറച്ചിയും,കാണുന്നത് പോലും മനം പിരട്ടലുളവാക്കും .. എന്നാല്‍ എനിക്കാകട്ടെ ഇതൊന്നുമായിരുന്നില്ല പ്രഥമ അസ്വസ്ഥത.. ബ്ലോഗ്‌ എന്ന വാക്ക് കേട്ടാല്‍ പോലും ഓക്കാനം .
--------------------------------
ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ എന്‍റെ ബ്ലോഗ്‌ വായിക്കണ്ട എന്ന് ,അസ്വസ്ഥത പിന്നെ എങ്ങിനെ ഉണ്ടാകാതിരിക്കും ?
===============================

വീണ്ടും കണ്ടതില്‍ ഒരു പാട് സന്തോഷം ,കുറച്ചു വിട്ടു നിന്നതിന്റെ ക്ഷീണം വരികളില്‍ കാണുന്നുണ്ട് ,എന്നാലും കുഴപ്പമില്ല ,ഇടക്കാലത്തു നിന്നു പോയ പോസ്റ്റുകള്‍ പൊടിതട്ടി ഓരോന്നായി വന്നോട്ടെ !! (പുതിയ മെമ്പര്‍ക്ക് ഒരു ബിഗ്‌ ഹായ് )

ജയരാജ്‌മുരുക്കുംപുഴ said...

നന്നായിട്ടുണ്ട്.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ............

Echmukutty said...

അത് ശരി.......ഇങ്ങനെ ഒരു സുവിശേഷമുണ്ടായിരുന്നോ.... വാവയ്ക്കും വാവയുടെ അമ്മയ്ക്കും നല്ലതു മാത്രം വരട്ടെ.....

ഇനിയും എഴുതുമല്ലോ......കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു.....

പഥികൻ said...


അമ്മയ്ക്ക് ബൂലോകത്തേയ്ക്കും മകള്‍ക്ക് ഭൂലോകത്തേയ്ക്കും സ്വാഗതം !!!

ഇതു തന്നെ എനിക്കും പറയാനുള്ളത്..

പിന്നെ കഥ എനിക്കിഷ്ടപ്പെട്ടില്ല..തിടുക്കത്തിൽ പറഞ്ഞു കളഞ്ഞു

ജെ പി വെട്ടിയാട്ടില്‍ said...

ജാസ്മിക്കുട്ടിയെ കണ്ടിട്ടും കേട്ടിട്ടും കുറെ നാളായി. സുഖമാണല്ലോ....

വരാം വീണ്ടും ഈ വഴിക്ക്, പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ അയച്ചാല്‍ ഉപകാരമായിരിക്കും

വിനുവേട്ടന്‍ said...

കഥ നന്നായീട്ടോ... താലോലിച്ച് വളർത്തി വലുതാക്കിയവർ അന്യരായി തീരുമ്പോഴുള്ള നിസ്സഹായത അനുഭവവേദ്യമായി...

“ഉണ്ണിക്കുട്ടന്റെ പ്രായത്തില്‍ മോനുട്ടനെ ഒക്കത്തിരുത്തി മാത്രം എവിടെയെങ്കിലും പോകാറുള്ളത് ഓര്‍ത്തു“

ഈ വാക്യത്തിന്റെ ഘടനയിൽ എന്തോ ഒരു പോരായ്മ പോലെ...

വീണ്ടും ബൂലോകത്തേക്ക് സ്വാഗതം...

നാമൂസ് said...

കുറെനാള് കൂടിയിട്ടാണ്‌ ഞാനും, വായനയുടെ ആദ്യ ദിവസംതന്നെ മറ്റൊരു തിരിച്ചു വരവ് അറിയിക്കുന്ന പോസ്റ്റിലെതത്തിച്ചതില്‍ സന്തോഷം. പിന്നെ, വിശേഷാല്‍ വാര്‍ത്തക്കും.!


ഇനി കഥയിലേക്ക്, കഥ വല്ലാതെ വിസ്തരിച്ചു പറഞ്ഞത് പോയ പോലെ തോന്നിച്ചു. ഇങ്ങനെയല്ലാതെയും ഇക്കഥ മനോഹരമായ് അവതരിപ്പിക്കാന്‍ ജാസ്മിക്കുട്ടീടെ ഉമ്മക്കാകുമെന്നു നേരത്തെയുള്ള മറ്റെഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, സ്വല്പം കൂടെ 'ധ്യാനം' ആവാം എന്നൊരഭിപ്രായം അറിയിക്കുന്നു.


വീണ്ടും കണ്ടതില്‍ ഇനിയും കാണാമെന്ന പ്രതീക്ഷയില്‍... സന്തോഷം.!

വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ

Subair Bin Ibrahim said...

നന്നായിരിക്കുന്നു ഇനിയും നന്നാക്കാന്‍ ശ്രമിക്കുക

Cv Thankappan said...

നന്നായിരിക്കുന്നു കഥ
ആശംസകള്‍