Wednesday, March 9, 2016

 
തീരാനഷ്ടം 

ചെമ്പകപ്പൂവുപോലുള്ളോരാ മുഖമെന്റെ -
കൈക്കുമ്പിളിൽകോരി നോക്കിനിൽക്കേ;
കുഞ്ഞുകവിളിലോരായിരം ഉമ്മകൾ
നല്കുവാൻ മനമെന്നോടോതിമെല്ലേ
നോവുമെന്നോമലിനെന്നോർത്ത് ഞാനാ -
കുഞ്ഞിളംകൈകളിൽ വെച്ചോരുമ്മ.

ഏതോകിനാവിൽ നീപുഞ്ചിരിക്കേ ,
നിർന്നിമേഷത്തോടെ നോക്കിനിന്നൂ
നിനവും,കനവും സഫലമായൊരു -
നിർവൃതിയിൽമുലപ്പാലൂട്ടിയുറക്കീ ..

താഴത്തുംവെയ്ക്കാതെ ,തലയിലുംവെയ്ക്കാതെ
നെഞ്ചോടുചേർത്തിയിട്ടുരുളയൂട്ടീ .
കണ്മഷിയും,കരിവളയും ചാർത്തിയെന്നോമനയെ
കണ്ണുതട്ടാതെ ഞാൻകാത്തുവെച്ചൂ .
ആദ്യാക്ഷരംതേടി നിന്നെയയച്ചുഞാൻ,
നിമിനേരമെണ്ണി കാത്തിരുന്നു .

മഴയും,വസന്തവും,ശിശിരവുംമാറവേ
കൗമാരംനിന്നിൽ  ഗ്രീഷ്മമായീ..
വിദ്യനുകർന്നിടാൻ നീയകന്നപ്പോൾ
പെയ്തിട്ടും തോർന്നില്ലെൻകണ്ണിമകൾ ...
നീയടുത്തുള്ളോരാവേളകൾ മാത്രമാണെന്നിലെ
ജീവൻതുടിച്ചതത്രേ !

എന്നിട്ടും, എന്നിട്ടും, എന്തേ നീമകളേ -
എന്നുള്ളംകണ്ടില്ലാ പൂന്തിങ്കളേ ...
ബാൽക്കണിക്കോണിലായ്
നിന്മണമുള്ളോരാ തട്ടംകുടുങ്ങി കിടപ്പതുണ്ട്
അരികിലായ്നിന്നുടെ ഇണയില്ലാതായൊരു
കാല്പാദുകവുംകിടപ്പതുണ്ട് .

പതിമൂന്നുനിലകൾ താണ്ടിയുടച്ചൂ നീ
എന്നാത്മാവിൻ പളുങ്കുപാത്രം.
ഇനിയെനിക്കില്ല നിനക്കായ്‌പൊഴിക്കുവാൻ
തുള്ളിയോളംപോലും കണ്ണുനീര് .

                                             ജാസ്മിക്കുട്ടി.







7 comments:

Cv Thankappan said...

ഹൃദയസ്പര്‍ശിയായി.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതോ കിനാവിൽ നീ പുഞ്ചിരിക്കേ ,
നിർന്നിമേഷത്തോടെ നോക്കിനിന്നൂ
നിനവും,കനവും സഫലമായൊരു -
നിർവൃതിയിൽ മുലപ്പാലൂട്ടിയുറക്കീ ..

Bipin said...

വാക്കുകൾ കുറച്ചു കൂടി ഭംഗിയായി അടുക്കി വച്ചാൽ കവിത കൂടുതൽ നന്നാകും.

സുധി അറയ്ക്കൽ said...

പതിമൂന്നുനിലകൾ താണ്ടിയുടച്ചൂ നീ
എന്നാത്മാവിൻ പളുങ്കുപാത്രം.
ഇനിയെനിക്കില്ല നിനക്കായ്‌പൊഴിക്കുവാൻ
തുള്ളിയോളംപോലും കണ്ണുനീര് ..


ഇഷ്ടമായ വരികൾ.

എഴുതിയ അർത്ഥം വായനക്കാർക്കും കിട്ടുന്നുണ്ട്‌.ഇനിയും ഇങ്ങനെയൊക്കെ എഴുതിയാൽ മതി.

ajith said...

കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കിനോക്കി........

ഫാരി സുല്‍ത്താന said...

///താഴത്തുംവെയ്ക്കാതെ ,തലയിലുംവെയ്ക്കാതെ
നെഞ്ചോടുചേർത്തിയിട്ടുരുളയൂട്ടീ .
കണ്മഷിയും,കരിവളയും ചാർത്തിയെന്നോമനയെ
കണ്ണുതട്ടാതെ ഞാൻകാത്തുവെച്ചൂ .
ആദ്യാക്ഷരംതേടി നിന്നെയയച്ചുഞാൻ,
നിമിനേരമെണ്ണി കാത്തിരുന്നു///

ഒരുപാട് ഇഷ്ടായിട്ടോ..

Areekkodan | അരീക്കോടന്‍ said...

നല്ല വരികള്‍....