Saturday, March 5, 2016

അല്പം വഴുതിനവിശേഷം


മക്കളെ സ്കൂളിൽനിന്നുമെടുത്ത് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിയുമ്പോഴാണു പച്ച നിറത്തിലുള്ള വലിയപെട്ടിയുമായി ആ സൈക്കിൾ ഞങ്ങളെ കടന്നുപോയത് .
"രക്ഷപ്പെട്ടു! ഇന്നയാൾക്ക്‌ ഉമ്മിയെപ്പറ്റിക്കാൻ കഴിയില്ല!" ജാച്ചി പറഞ്ഞു.
"മിണ്ടാതിരിയെടീ ..!" എന്റെ  അടുത്തിരിക്കുന്ന ചേട്ടനാാധിപത്യം പിറകിലേക്ക്നോക്കി
 അവളെകണ്ണുരുട്ടി.
 ഞങ്ങളുടെവണ്ടി കണ്ട് , സൈക്കിൾതിരിച്ചു അയാൾ പിറകേവരുന്നത്  റിയർവ്യൂമിററിലൂടെ  ഞാൻ കാണുന്നുണ്ടായിരുന്നു.
"അയാൾ ഉമ്മയെ പറ്റിക്കുന്നുണ്ടെന്ന് ജാച്ചിയോട് ആരാ പറഞ്ഞേ.. ?" ഞാൻ ചോദിച്ചു.
"അന്നൊരിക്കൽ അയാളോട് ഒരുറിയാലിന് ബ്രിഞ്ചൾ വാങ്ങിച്ചിട്ട് ,നമ്മൾ ലുലുവിൽചെന്നപ്പോൾ അതേബ്രിഞ്ചളിനു 50 ബൈസയല്ലേ ഉണ്ടായിരുന്നുള്ളൂ..." ജാച്ചി തിരിച്ചുചോദിച്ചു.
"ശരിയാണു...എന്ന് കരുതി അയാൾ ഉമ്മയെപ്പറ്റിക്കുകയാണെന്ന് പറയാൻ പറ്റുമോ...?
പൊരിവെയിലത്ത് എത്രയോ ദൂരെനിന്ന് സൈക്കിളുംചവിട്ടി നമ്മുടെവീട്ടില് കൊണ്ടുതരുന്നതും,ലുലുവിൽ നമ്മൾ ചെന്ന് വാങ്ങുന്നതും ഒരു പോലെയാണോ..?
കേടുവന്ന പച്ചക്കറികൾ ആണ് നൽകുന്നതെങ്കിൽ നമ്മളെ പറ്റിക്കുകയാണെന്ന് പറയാം..എന്നാൽ അയാള് കൊണ്ടുവരുന്ന പച്ചക്കറികൾ ഫ്രെഷാണല്ലോ ..? "
ഞാൻ പറഞ്ഞുനിർത്തുമ്പോഴേക്കും വീടെത്തിയിരുന്നു.

മാസങ്ങൾക്ക്മുൻപ് ആദ്യമായി അയാളെകണ്ടത്  ഓർമ്മയിൽ തെളിഞ്ഞു.അടുത്തവീട്ടിലെ ഗെയിറ്റിനുമുന്നിൽ കോളിംഗ്ബെല്ലടിച്ച് സങ്കോചത്തോടെനില്ക്കുന്ന മുഖം:വെയിൽനാളങ്ങളിൽ നിന്ന് രക്ഷനേടാനെന്നോണം ധരിച്ച തൊപ്പിയിൽ പാതിമറഞ്ഞു കിടന്നിരുന്നു.
നിരാകരിക്കപ്പെട്ടതിന്റെ വിഷണ്ണതയിലും ചുറുചുറുക്കോടെ സൈക്കിളോടിച്ച് പോകുന്നതിനിടയിലാണ് ജനവാതിൽക്കൽ എന്റെതലവട്ടം കണ്ട് അയാൾ അരികിലേക്ക് വന്നത്.
"നല്ല ബേഗൻ , നിംബൂ ..ഒക്കെ ഫാംഫ്രെഷാണ് " പറഞ്ഞിട്ടു ,അയാൾ രണ്ടുസഞ്ചികൾ എടുത്തുനീട്ടി.
അമിതമായ വലുപ്പമുള്ളവഴുതിനങ്ങയിലേക്കും ,ശോഷിച്ച അയാളുടെ കൈകളിലേക്കും,മാറി മാറി എന്റെ നോട്ടം പതിഞ്ഞു.
അതിരാവിലെ എഴുന്നേറ്റ്  അർബാബിന്റെ കൃഷിവിളവുകൾക്ക് വെള്ളവും,വളവും നൽകേണ്ടത് അയാളുടെ കടമയാണെന്നും,ഭൂവുടമയുടെകണ്ണുകൾ സദാ തന്നെപിന്തുടരുന്നുണ്ടെന്നും അയാൾക്കറിയാമായിരിക്കും.
ചെടികൾക്കാവശ്യമായ പൊട്ടാസിയവും,ഫോസ്ഫറസും,നൈട്രജനും,വാങ്ങിച്ചു കൊടുക്കാനല്ലാതെ പണിക്കാരൻ ബംഗാളിക്കു പോഷകാഹാരംവാങ്ങിക്കൊടുക്കാൻ അർബാബിനു സമയവും,ഓർമ്മയുമൊന്നുമുണ്ടാവില്ലല്ലോ...
ജോലിക്കിടയിൽ സ്വന്തമായി നട്ടുനനച്ചുണ്ടാക്കിയ മല്ലിയിലയും,വഴുതിനങ്ങയുമൊക്കെയാകും,
വിശ്രമവേളകളിൽ വഴിനീളെ സൈക്കിളുംചവിട്ടി കൊണ്ട്നടന്നു മാർക്കറ്റിൽ ലഭ്യമാവുന്നതിന്റെ നാലിരട്ടി വിലയിൽവില്ക്കുന്നത്.
ഇടയ്ക്കിടെ കൊണ്ടുവരുന്ന ,വഴുതിനങ്ങകളാലും,ചെറുനാരങ്ങകളും,മല്ലിയിലകളാലും,എന്റെ ശീതീകരണയന്ത്രം സമ്പുഷ്ടമായത് അങ്ങിനെയാണ്.
ചില പറ്റിക്കപ്പെടലുകൾക്കെന്തു മധുരമാണ്...
മഴയ്ക്ക്മുന്നേവീശുന്ന ഇളംകാറ്റ് പോലെ സുഖദം,അതീവഹൃദ്യം!













4 comments:

ajith said...

ഹൃദ്യം

സുധി അറയ്ക്കൽ said...

നല്ല കാര്യം..

Cv Thankappan said...

നന്മയുണ്ടാവട്ടെ!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ
ചില പറ്റിക്കപ്പെടലുകൾക്കെന്തു മധുരമാണ്...
മഴയ്ക്ക്മുന്നേവീശുന്ന ഇളംകാറ്റ് പോലെ സുഖദം,അതീവഹൃദ്യം!