ചാവക്കാടിനെ മിനിഗൾഫ് എന്ന് വിളിക്കുന്നത് പോലെ എന്റെ നാടായ മാട്ടൂലും ഒരു ചെറുഗൾഫ് ആയി പറയപ്പെടാറുണ്ട്.മിക്ക വീടുകളിലും ഒരു ഗൾഫുകാരനെയെങ്കിലും കാണാമെന്നതും,
അടിക്കടി ഉയരുന്ന മാളികകളും,സൗധങ്ങളും,റോഡുകളിലൂടെ ഒഴുകുന്ന സ്വകാര്യ വാഹനങ്ങളുടെ ആധിക്യവും,ഇതിനെ സാധൂകരിക്കുന്നുണ്ട്.
ഒരു ഗൾഫുകാരന്റെ മകളായിട്ടായിരുന്നു എന്റെ ജനനവും.
ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്.എന്റെ ഉമ്മയുടെ ഉപ്പയ്ക്ക് സിംഗപ്പൂരിൽ കച്ചവടം ആയിരുന്നു.കൂടെകൂടെയുള്ള ശ്വാസം മുട്ടലും,നെഞ്ചുവേദനയും നിമിത്തം ഉപ്പാപ്പ അവിടം വിടുകയും,നാട്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഉപ്പയേക്കാൾ മുന്നേ ഞാൻ കണ്ടത് ഉപ്പാപ്പായെ ആയിരുന്നു.എനിക്ക് ഹരിശ്രീ കുറിച്ചു തന്നതും, എന്നെ സ്കൂളിൽ ചേർത്തതും അദ്ദേഹം തന്നെയായിരുന്നു.(ആദ്യ ബ്ലോഗ് പോസ്റ്റ് അതിനെ കുറിച്ചായിരുന്നു )ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഉപ്പാപ്പയുടെ മരണം.ഇക്കാലയളവിൽ ഉപ്പാപ്പ എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.
"മക്കൾ മധുരം,മക്കളുടെ മക്കൾ ഇരട്ടി മധുരം " എന്ന ചൊല്ല് അർത്ഥവത്താക്കുന്ന ബന്ധമായിരുന്നു പേരക്കിടാങ്ങളുമായി ഉപ്പാപ്പയ്ക്കുണ്ടായിരുന്നത്.
ലാളിത്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.സ്വന്തം മക്കളിലേക്ക് അത് പകരാൻ ഉപ്പാപ്പ മറന്നില്ല.അത് കൊണ്ടാവണം സാധാരണക്കാരായ ആൾക്കാർ എങ്ങിനെയാണോ ജീവിക്കുന്നത് എന്നതിൽ കവിഞ്ഞ് ഒരു ജീവിതം അവരാരും നയിച്ചിരുന്നില്ല .
വീട്ടിലാർക്കെങ്കിലും അസുഖം വന്നാൽ മാട്ടൂൽ ഗവന്മെന്റ് ആശുപത്രിയിൽ ആയിരുന്നു പോയിരുന്നത്.
റേഷൻ കടയിൽ നിന്നും ലഭ്യമാകുന്ന ആനുകൂല്യങ്ങൾ യാതൊരു മടിയുമില്ലാതെ സ്വീകരിച്ചിരുന്നു.
എന്നാൽ പുത്തൻതലമുറയിൽ പെട്ട അഹങ്കാരിയായ എനിക്ക് ഈ വകകാര്യങ്ങളിലൊക്കെ
ഭയങ്കര നീരസം തോന്നി.
സ്കൂളിലും,മദ്രസ്സയിലുമൊക്കെ കൂടെ പഠിക്കുന്ന കുട്ടികളിൽ നിന്നാണ്
ഈ 'നവോത്ഥാന ചിന്തകൾ ' എന്നിൽ സംക്ഷിപ്തമായത്.
'മഞ്ഞാസ്പത്രി' എന്നാണ് പരിഹാസത്തോടെ അവർ ഗവന്മെന്റ് ആശുപത്രിയെ വിളിച്ചിരുന്നത്.
റേഷൻ കടയിൽ ക്യു നില്ക്കുന്ന എന്നെ നോക്കി കളിയാക്കാനും അവർ മറന്നില്ല.
"നിന്റെ വീട്ടിൽ റേഷനരിയോടാണോ ചോറുണ്ടാക്കുന്നത് ?'' എന്ന അവരുടെ ചോദ്യത്തിന്
പരിഹാസത്തിന്റെ ധ്വനിയാണെന്ന് ആദ്യകാലത്ത് എനിക്ക് മനസ്സിലായതെ ഇല്ല.
ഒരിക്കൽ സ്കൂളിൽ വെച്ചുണ്ടായ അപകടത്തിൽ മുറിവുണങ്ങാതെ കുറച്ചുനാൾ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയയാകേണ്ടി വന്നു.
"ഉമ്മയ്ക്ക് ഏതെങ്കിലും നല്ല ആശുപത്രിയിൽ (കണ്ണൂരോ മറ്റോ ഉള്ള ) ആശുപത്രിയിൽ എന്നെ കാണിച്ചാൽ എന്താ..? "
എന്നിലെ അഹങ്കാരം നുരഞ്ഞു പൊങ്ങി വാക്കുകളായി പുറത്തു വന്നു.
'നമ്മുടെ നാട്ടിൽ നമുക്കായി സർക്കാർ വെച്ച ആശുപത്രിയും വെച്ച് സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ട കാര്യമെന്താ..." എന്നാ മറുചോദ്യത്തിൽ ഉമ്മയെന്റെ വായടക്കി.
അങ്ങനെയാണ് നീളൻ വാർഡിൽ നിരത്തിയിട്ടിരിക്കുന്ന പന്ത്രണ്ടോളം കട്ടിലുകളിലൊന്നിൽ ഞാനും ഇടംപിടിച്ചത്.
ദിനേന രണ്ട് ഇഞ്ചക്ഷൻ! രാവിലെയും,വൈകിട്ടും..
ഡോക്ടർ അബ്ദുള്ള കുട്ടിയായിരുന്നു ജെനറൽ പ്രാക്റ്റീഷണർ.
അഹങ്കാരം വെടിഞ്ഞ് അന്നവിടെ കിടന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ ഈ ഞാനായി ഞാനുണ്ടാകുമായിരുന്നോ എന്ന് സംശയമാണു...
കാരണം; ഒരു യൂനിവെഴ്സിറ്റിക്കും നല്കാനാവാത്തത്ര പാഠങ്ങളായിരുന്നു അവിടെ പഠിക്കാനുണ്ടായിരുന്നത്.ഇതുവരെ എനിക്ക് പരിചയമുള്ള ചുറ്റുപാടുകളിൽ നിന്നും എത്രമാത്രം വിത്യസ്തമായ ലോകമാണ് പുറമേയുള്ളത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഇവിടെ വന്നത് കൊണ്ട് മാത്രമായിരുന്നു.
രോഗം നിഴൽ പതിപ്പിക്കുന്നയിടങ്ങളിൽ കാണാവുന്നതാണ് ദൈന്യത , നിരാശ, നിസ്സഹായത,പരാശ്രയത്വം ,തുടങ്ങിയ സംഗതികൾ .
പൂവിതൾ നുള്ളുന്ന ലാഘവത്തോടെ മരണം കവർന്നെടുത്ത റോസ്പാവാടക്കാരിയുടെ മുഖം കാലങ്ങൾക്കിപ്പുറവും മനസ്സിലുയര്ത്തുന്ന നൊമ്പരം ....
മഞ്ഞപ്പിത്തത്തിന്റെ കടുത്ത അസ്കിതയാൽ തകരപ്പാട്ടയിൽ ചർദ്ധിച്ചവശയാകുന്ന രണ്ടു പെൺകുട്ടികളുടെ അമ്മയായ നീണ്ടുമെലിഞ്ഞ സ്ത്രീയേയും, മരണം നിർദ്ധാക്ഷിണ്യം തട്ടിയെടുക്കുന്നത് കണ്ടറിഞ്ഞതാണ്.
ആശുപത്രി ചുമര് വിട്ട് പുറത്ത് പോകാതിരിക്കാൻ ചുമച്ചു ചുമച്ച് കൂനിയിരിക്കുന്ന വൃദ്ധന് അഭയമാകുന്നത് ഈ ആലയം മാത്രമാണെന്നും ,പുറംലോകത്ത് തിരസ്കരിക്കപ്പെട്ടവനാണ് താനെന്നും അയാള്‍ ചൊല്ലാതെ ചൊല്ലിയത് കേട്ടതും ഇവിടുന്നാണ്...
ഉച്ചയൂണിനോപ്പം മാമ്പഴമില്ലാതെ ചോറിറങ്ങാത്ത ജമീല്ത്തയും,ഏട്ടൻ ഒരു ദിവസം വന്നില്ലേൽ കുഞ്ഞുങ്ങളെ പോലെ തേങ്ങുന്ന ലളിതേച്ചിയും , നമിതയുടെ അച്ചമ്മയും ,ഒക്കെ മനസ്സിന്റെ കാണാക്കരങ്ങളിൽ ഇന്നും സുരക്ഷിതമായി നില്ക്കുന്ന ഓർമ്മകളത്രേ!
12 comments:
"മക്കൾ മധുരം,മക്കളുടെ മക്കൾ ഇരട്ടി മധുരം "
എന്ന ചൊല്ല് അന്നർത്ഥവത്താക്കുന്ന സ്മരണാജ്ഞലികൾ...!
'അനുഭവം ഗുരു'
കൊച്ചിലേ ചിട്ടയോടെ വളര്‍ന്നുവന്നതിന്റെ ഗുണവും,മഹത്വവും ഒന്നുവേറെത്തന്നെയാണ്.
നല്ല ചിന്തകളായി.
ആശംസകള്‍
അനുഭവങ്ങളും ഓർമ്മകളുമാണു നമ്മളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്
ഫേസ്ബുക്കില്‍ വായിച്ചിരുന്നു ....എന്താ പറയുക നടവഴിയിലെ നേരുകൾ ഒരിക്കലെങ്കിലും വായിക്കണം എല്ലാ അഹങ്കാരവും മാറും ,,, ഒരു വേള അതിലെ ചില രംഗങ്ങൾ ഓർമ്മവെന്നു..നല്ലെഴുത്ത്.
വായനക്കാരനെ കൂട്ടികൊണ്ട് പോകുന്ന എഴുത്ത്... ലളിതം.മനോഹരം.ആശംസകള്‍...!
അനുഭവങ്ങള്‍ തന്നെയാണ് ജീവിതം എങ്ങിനെ എന്ന് പഠിപ്പിക്കുന്നത്.
നന്നായി.
വേദനിപ്പിക്കുന്ന ഓർമ്മകൾ
നല്ല ഓർമ്മകൾ.....റേഷൻ പീടികയിൽ ലൈൻ നിൽക്കലും,ഗവൺമെന്റ് ആശുപത്രികളിൽ കാണിക്കലും വേണം. എന്നാൽ മനസ്സിലെ അഹങ്കാരം തനിയെ പോയ്ക്കൊള്ളും...
നന്ദി ,സ്നേഹം...അഭിപ്രായങ്ങൾക്ക് .....
ഓർമകൾ ഇറ്റിറ്റു വീഴുന്നു. നല്ല എഴുത്ത്. ഞാനെന്ന ഭാവത്തിന്റെ കുമിളകൾ നിമിഷങ്ങൾ കൊണ്ട് പൊട്ടുന്നു. അമ്മ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു.വിൽ കിടക്കുമ്പോൾ രാത്രി പുറത്തു വരാന്തയിൽ ഇരുന്നത് ഓർമ വരുന്നു. രാത്രിയുടെ നിശബ്ദതയിൽ പെട്ടൊന്നൊരു കരച്ചിൽ. സ്ട്രെച്ചരിന്റെ കരകര ശബ്ദം. ഒരു 'ബോഡി' കൊണ്ട് പോകുന്നു. ചിലപ്പോൾ കരയാനാളില്ലാതെ നിശബ്ദമായ പോക്ക്. രാത്രി ഒന്നും രണ്ടും ഇത് പോലെ. ജീവിതത്തിന്റെ അർത്ഥ ശൂന്യത. എന്നിട്ടും എന്തെല്ലാം കാണിച്ചു കൂട്ടുന്നു.
ഗ്രാമീണത നിറഞ്ഞു നില്ക്കുന്ന ഓര്‍മ്മകള്‍ എന്നും ഹരം തന്നെ... സന്തോഷമായി...
ഓർമ്മകൾ അയവിറക്കിയ എഴുത്ത് ഇഷ്ടമായി. ആശംസകൾ.
Post a Comment