Wednesday, August 26, 2015

വളയം പിടിച്ച വളക്കൈകൾ

കുട്ടികൾക്ക് ശുദ്ധ വായു ശ്വസിച്ച് ഓടി കളിക്കാനൊരു മുറ്റം , അല്പം വിസ്തൃതിയുള്ള വീട് ഈ അന്വേഷണത്തിന്റെ ഫലമായാണ് അൽ ഐൻ ടൌണിൽ നിന്നും അല്പം അകന്ന്  മഖാം എന്ന സ്ഥലത്ത്  ഒരു  വില്ലയിൽ  താമസത്തിനായി ഞങ്ങൾ എത്തിയത്.വിശാലമായ സ്വീകരണ മുറിയും ,വിസ്താരമേറിയ കിടപ്പ് മുറികളും സൌകര്യമേറിയ അടുക്കളയും നീണ്ട ഇടനാഴികളും നീളാൻ വരാന്തയും മുറ്റത്ത് അത്തിമരവും , ഒക്കെയായി  മതിൽ കെട്ടിനകത്ത് സുരക്ഷിതാമായി ഒരു മനോഹരവീട്.ഇടുങ്ങിയ മുറികളിൽ  നിന്ന് മോചനം നേടിയതിന്റെ ആശ്വാസവുമായി സാധന സാമഗ്രികൾ ഒരുക്കി വെക്കുന്നതിന്റെ തിരക്കൊഴിഞ്ഞൊരു നാൾ...
കുട്ടികൾ  സ്കൂളിലും ,അസി  ഓഫീസിലും പോയി കഴിഞ്ഞിരിക്കുന്നു.ഇളയ മോൻ ഉറക്കത്തിലാണ്.
ഞാനൊരു ചൂലുമായി ഉലാത്തുന്നു.ഭക്ഷണ മുറിയ്ക്കും  കിടപ്പ് മുറികൾക്കും  ഇടയിലുള്ള ഇടവഴിയിൽ എത്തിയപ്പോഴാണ്  പൊടുന്നനെ ചുമരിനപ്പുറത്ത് നിന്ന് ഖുറാൻ പാരായണം ഉയർന്നു കേട്ടത്.പൊടുന്നനെ കോളിംഗ് ബെൽ ശബ്ദിച്ചു .ചെന്ന് നോക്കിയപ്പോൾ ഒരു പയ്യൻ.. ഒയാസിസിന്റെ  വെള്ളവുമായി വന്നതാണ് .അസി ഗ്രോസറിയിൽ പറഞ്ഞിട്ട് പോയതായിരുന്നു.ജാലകം തുറന്നപ്പോൾ നിറഞ്ഞ ചിരിയോടെ അവൻ സ്വയം പരിചയപ്പെടുത്തി.
''ഞാൻ കുഞ്ഞാണി... നാട്  മലപ്പുറം '' ...
എനിക്കും ചിരി വന്നു .ഇങ്ങനത്തെ ഒരു പേര് ആദ്യമായാണ്‌ കേള്ക്കുന്നത്.
 ''ഇത്ത  കണ്ണൂരാണല്ലേ ..? '' അവൻ ചോദിച്ചു.
 ''അതെ ... ഈ വില്ലയ്ക്കു തൊട്ടപ്പുറം  ആരാ താമസിക്കുന്നത്..? ' ഞാനവനോട് ചോദിച്ചു. ''അവിടെ ഇപ്പോൾ ആരുമില്ലല്ലോ ...''
എന്തേലും ആവശ്യമുണ്ടേൽ കടയിലേക്ക്‌ വിളിക്കാൻ പറഞ്ഞു അവൻ പോയി.
ഞാൻ വാതില്  തുറന്ന് വെള്ളമെടുത്ത് അകത്തേക്ക് വെച്ചു.തിരികെ ചെന്നപ്പോൾ ഖുറാൻ പാരായണം നിലച്ചിരുന്നു.പിന്നീടുള്ള ദിവസങ്ങളിലും പാതിക്കു വെച്ച് മുറിയുന്ന റെക്കോര്ഡു വോയ്സ് എന്നിൽ ആശങ്ക ഉണർത്തി.
മതിലിനു പുറത്ത് ഞങ്ങളുടെ  തൊട്ടപ്പുറമുള്ള ഗെയിറ്റിനരികിൽ  ഒരു 'തഅലീം'  ബോർഡ്
(ഡ്രൈവിംഗ് പഠിപ്പിക്കുന്ന)വെച്ച  ഒരു കാർ പാര്ക്ക്  ചെയ്യുന്നത് കണ്ടപ്പോഴാണ്  അവിടെ ആൾതാമസം ഉണ്ടെന്നു മനസ്സിലായത്.ഒരു വെള്ളിയാഴ്ച്ച പതിവ് പോലെ മീന് വാങ്ങിച്ചു വരവേ ആണ്  ആ ഗെയിട്ടിനരികിൽ ഒരു സ്ത്രീ മുഖം കണ്ടത്.അവരോട് ചിരിച്ചപ്പോൾ അവർ തിരികെ ചിരിച്ചു.അവരുടെ മുഖം ഒരു മംഗോളിയക്കാരിയെ പോലെ തോന്നിച്ചു .ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല  അന്ന്. പിന്നീട് കുഞ്ഞാണിയെ കണ്ടപ്പോൾ ഞാൻ അവരെ പറ്റി അന്വേഷിച്ചു.അവർ ഒരു മലയാളി മലപ്പുറംകാരിയാണെന്നും , ഡ്രൈവിംഗ് പഠിപ്പിക്കുന്ന ജോലിയാണെന്നും, അതി രാവിലെ പോയാൽ സന്ധ്യ കഴിഞ്ഞാണ് എത്താറെന്നും അവൻ പറഞ്ഞു.എനിക്ക് വീണ്ടും ആകാംക്ഷയേറി .. ആ സ്ത്രീ തനിച്ച് താമസിക്കുന്ന വീട്ടിൽ നിന്ന് ആരാണ് ഇടമുറിഞ്ഞ് ഖുറാൻ വെക്കുന്നത് എന്നറിയണമല്ലോ ... ഞാൻ അവരെ പരിചയപ്പെടാൻ തീരുമാനിച്ചു .അങ്ങനെയാണ് 'അഫ്സീത്ത'യുമായുള്ള എന്റെ സൗഹൃദം നാമ്പെടുക്കുന്നത്.

അതിശയത്തിന്റെ പര്യായമായി  എനിക്ക്  അഫ്സീത്ത മാറാൻ അധികസമയമൊന്നും വേണ്ടി വന്നില്ല.എന്റെ ഉമ്മയെക്കാൾ പ്രായമുള്ള സ്ത്രീയാണ്..തനി നാട്ടിൻ പുറത്ത്കാരി ! ഈ അറബി പെണ്ണുങ്ങളായ അറബി പെണ്ണുങ്ങളേയൊക്കെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ... അതും  മണിമണിയായി അറബി സംസാരിച്ചു കൊണ്ട്...!
സ്വദേശികളായ  അറബികളുടെ വീടുകളായിരുന്നു ഞങ്ങളുടെ വില്ലകൾക്ക്  ചുറ്റും...അത് കൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ മാത്രമുള്ള സമാഗമങ്ങൾ ആണെങ്കിലും അവരുമായുള്ള ചങ്ങാത്തം എനിക്ക് അക്കാലത്ത് വലിയ ആശ്വാസമേകിയിരുന്നു. പരിചയപ്പെട്ട ആദ്യ ദിവസം തന്നെ പകല സമയങ്ങളിൽ ഇടമുറിഞ്ഞ്  കേൾക്കുന്ന ഖുറാൻ പാരായണത്തിന്റെ  കാര്യം ഞാൻ ആരാഞ്ഞു.ഒരു പൊട്ടിച്ചിരിയായിരുന്നു അവരുടെ ആദ്യ മറുപടി.പിന്നെ പറഞ്ഞു തുടങ്ങി. '' ഒരു പഴയ ടേപ്പ് റിക്കോര്ഡർ  ഉണ്ട്.ഞാനത് ഓഫ് ചെയ്യാറില്ല .ചില സമയങ്ങളിൽ അത് സ്വയം പ്രവര്ത്തനം തുടങ്ങും ഇടയ്ക്ക് നിലയ്ക്കും "എന്ന് .( അല്ലേല്ലും ഈ ജന്മം ജിന്ന്, മറുത , ശെയ്ത്താൻ എന്നിവയെ മീറ്റ് ചെയ്യാൻ ഭാഗ്യമുണ്ടെന്നു  തോന്നുന്നില്ല...  )
 പ്രവാസത്തിന്റെ ഭാരം സ്വയം പേറി എന്റെ പ്രിയ പിതാവ് അല്ലലറിയാതെയായിരുന്നു ഞങ്ങൾ മക്കളെ വളർത്തിയത്.അത്  കാരണമാകാം ജീവിതത്തിന്റെ കയ്ക്കുന്ന യാഥാർത്ഥ്യങ്ങളെ  കുറിച്ച് വല്യ അറിവുകളില്ലാത്ത എനിക്ക് സ്വാനുഭവങ്ങളുടെ വാല്മീകക്കൂട്ടങ്ങൾ ആയിരുന്നു അഫ്സീത്ത കാണിച്ചു തന്നത്.

മലയാളിത്തം തീരെയില്ലാത്ത അവരുടെ മുഖത്തിനകത്ത് ഒരു തനിമലയാളിയും,തന്റേടിയുമായ സ്ത്രീത്വം ഒളിഞ്ഞു കിടപ്പുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു ആ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ....!
ഇരുപത് വര്ഷങ്ങള്ക്ക് മുൻപാണ് അവർ പ്രവാസജീവിത്തിലേക്ക് പ്രവേശിക്കുന്നത്.അതിന്റെ കാരണമായ കഥയിലാണ് അവർ തുടങ്ങിയത്.. കഥയല്ലിതു ജീവിതമാണെങ്കിൽ കൂടിയും കാലം പഴകുമ്പോൾ ഓരോ ജീവിതവും പഴമ്പുരാണങ്ങളായി മാറുകയെന്നത് വിധികല്പ്പിതമത്രെ!

കല്യാണം കഴിഞ്ഞു ഒരു ആണ്‍ കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ഭര്ത്താവ് തിരിഞ്ഞു നോക്കിയില്ല..അയാള് കാസർഗോട്ടുകാരനാണ് .. കുറെയേറെ പരിശ്രമത്തിന്റെ ഭാഗമായി അയാളെ വീട്ടുകാർ ഇണക്കി തിരികെ  കൊണ്ട് വന്നു.. രണ്ടാമത് ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്കി അയാള് വീണ്ടും മുങ്ങി.പിന്നീടെപ്പോഴോ അയാള് വേറൊരു കല്യാണം കഴിച്ചെന്ന ശ്രുതി കേട്ട് നിജസ്ഥിതിയറിയാൻ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി അഫ്സീത്ത കാസർഗൊട്ടെക്കു വണ്ടി കയറി.അവിടെ ചെന്നപ്പോൾ പുയ്യാപ്ല പുതിയപെണ്ണും ഒത്ത് നില്ക്കുന്നു.കേട്ടറിഞ്ഞ കാര്യങ്ങൾ പകൽ പോലെ സത്യമെന്നറിഞ്ഞ അഫ്സീത്ത പിന്നെയെന്തു  ചെയ്തെന്നു അവരുടെ തന്നെ വാക്കുകളിൽ..
 " അവിടെ നിന്ന് മലപ്പുറത്തെത്തി ഞാൻ നേരെ ചെന്നത് അടുത്തുള്ള വക്കീലാപ്പീസിലെക്കായിരുന്നു. വിവാഹമോചനത്തിനു നോട്ടീസയക്കാനുള്ള ഏർപ്പാട് ചെയ്താണ് ഞാൻ വീട്ടിലേക്ക് ചെന്നത്''.അവരുടെ നിശ്ചയ ദാർഡ്യം തുളുമ്പുന്ന വാക്കുകൾ ..എന്നിൽ അവരോടുള്ള ബഹുമാനം വളർത്തി . കുഞ്ഞുങ്ങളെ നന്നായി വളർത്താൻ ബീഡി തെറുക്കുന്ന പണി മാത്രം പോരായിരുന്നു.കുടുംബത്തിനാണെങ്കിൽ വലിയ സാമ്പത്തിക ഭദ്രതയില്ല.അങ്ങനെയാണ് കുട്ടികളെ ഉമ്മയെ ഏല്പ്പിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്.
ഗദ്ദാമയുടെ വിസയായിരുന്നു അത്... ഒരറബി വീട്ടില്  രണ്ടുവര്ഷം നിന്നു.
അവിടത്തെ ഡ്രൈവറായിരുന്ന തിരുവനന്തപുരത്തുകാരനുമായി അടുത്തതാണ് അഫ്സീത്തയുടെ തുടർജീവിതത്തിന്  പുതിയമാനങ്ങൾ സമ്മാനിച്ചത്.
ഇയാളുമായുള്ള അടുപ്പം അവരെ പുനർവിവാഹത്തിന് പ്രേരിപ്പിച്ചു.വിവാഹിതരായ ശേഷം ഡ്രൈവിംഗ് പഠിപ്പിച്ചാണ്  അവരെ ഒരു ഡ്രൈവിംഗ് സ്കൂളിലെ  ടീച്ചറായി ഭർത്താവ് നയിക്കുന്നത്.
സ്കൂൾ അധികൃതർക്ക് കൃത്യമായ ഒരു തുക മാസാമാസം നൽകണം .ബാക്കി നഷ്ട്ടമായാലും , ലാഭമായാലും തങ്ങള് കണ്ടു കൊള്ളണം.എന്നാൽ അഫ്സീത്തയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി വിചാരിച്ചതിലേറെ  വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞു.
നാട്ടിൽ എട്ടത്തിമാര്ക്കും,അനിയത്തിമാർക്കും വീടുകൾ ..മക്കളെ നന്നായി പഠിപ്പിച്ചു . മകൾ അധ്യാപികയായി.മകനേയും മകളേയും  അടക്കം കുടുംബത്തിലെ മിക്കയുവതീ യുവാക്കളെയും കല്യാണം കഴിപ്പിച്ചു.ജീവിതം പച്ചപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ... എന്തിനേറെ പറയുന്നു മദ്യപാനം  മടിയനാക്കിയ രണ്ടാം ഭര്ത്താവിന്റെ ആദ്യഭാര്യയ്ക്ക് ചെലവ് കൊടുക്കേണ്ട ബാധ്യത വരെ അവരുടെ തലയിലായി.ഇതുയർത്തിയ  അസ്വാരസ്യങ്ങളെ തുടർന്നാണ്  അവർ വേറിട്ട്‌ ജീവിക്കാൻ തുടങ്ങിയത്.

എല്ലാ ആഴ്ചയും വാരാന്ത്യങ്ങളിലും അഫ്സീത്തയുടെ കുറെ മരുമക്കൾ ദുബായിൽ നിന്നും അൽ  ഐനിലെ അവരുടെ വീട്ടിലെത്തും.അവര്ക്കുള്ള വിസയൊക്കെ എടുത്ത് ജോലി ശരിപ്പെടുത്തിയത് അഫ്സീത്തയാണ്. മൂന്നു നാല് പേരുള്ള ഈ ആണ്‍ പട വരുമ്പോൾ ഒരു വലിയ ഭാണ്ഡം നിറയെ ആ ആഴ്ച്ചയിൽ ധരിച്ച വസ്ത്രങ്ങളാകും.പിന്നെ ഒരു മേളമാണ് അലക്കലും കുളിക്കലും... ദുബായിലെ  വെള്ളത്തിന്റെ ബില്ല് ഭയന്നാണ് അവരുടെ അലക്കലും കുളിക്കലുമൊക്കെ അവർ ഇങ്ങോട്ടേക്ക് മാറ്റുന്നത്.( ഈയടുത്താണ്  വെള്ളത്തിന്റെ വില അൽഐൻ  മുനിസിപ്പാലിറ്റി കൂട്ടിയത്,അത് വരെ ദുബൈയെ അപേക്ഷിച്ച് കുറവായിരുന്നു.) ഒരേയൊരു അവധിദിനം യാതൊരു മടിയും കൂടാതെ ഈ ചെറുപ്പക്കാർക്ക് ഇഷ്ട്ടമുള്ള ഭക്ഷണം മടികൂടാതെ ഉണ്ടാക്കി കൊടുക്കും അഫ്സീത്ത.
ഒരിക്കൽ ഞാൻ അഫ്സീത്തയോട് പറഞ്ഞു :
"എന്ത്  സ്നേഹമുള്ള മക്കളാ അവരൊക്കെ അല്ലെ.. എല്ലാ അവധി ദിനങ്ങളിലും  മുടങ്ങാതെ  ഇത്തായെ   സന്ദർശിക്കുന്നുണ്ടല്ലോ..?
ഒരു ചിരി അമർത്തി പിടിച്ച് അവർ പറഞ്ഞ മറുപടി ഇതായിരുന്നു."അടുത്ത വെള്ളി വരെയുള്ള പോക്കറ്റ് മണി കിട്ടണമെങ്കിൽ മുടങ്ങാതെ വരേണ്ടേ...?"
ഓരോരുത്തർക്കും  നൂറ് ദിര്ഹം വീതം കൊടുക്കാറുണ്ടത്രേ എല്ലാ വരവിലും!
സാധാരണ എല്ലാ പ്രവാസികളേയും പോലെ എല്ലാം മനസ്സിലായിട്ടും ഒരു മെഴുകുതിരി പോലെ ഉരുകി മറ്റുള്ളവര്ക്ക് വെളിച്ചം നൽകുകയായിരുന്നു അവർ.സ്വന്തം ബന്ധുമിത്രാദികളിൽ നിന്നേല്ക്കുന്ന നന്ദികേടുകൾ അവർ ഒരു സമാധാനത്തിനെന്ന പോലെ എന്നോട്  പങ്കുവെയ്ക്കും... ദിർഹംസിന്റെ കെട്ടുകൾ ഇന്ത്യൻ രൂപകളായി നാട്ടിലേക്ക് അയച്ച് കൊടുക്കുമ്പോഴും സ്വന്തമായി ഒരു പുതിയ വസ്ത്രം പോലും അവര്ക്കായി വാങ്ങുന്നത് ഞാൻ കണ്ടില്ല.തന്റെ ദു:ഖങ്ങൾക്ക് മേൽ കരിമ്പടം ചാർത്തും പോലേ ആയിരുന്നു  പഴകിത്തേഞ്ഞ വസ്ത്രങ്ങൾക്ക് മുകളിൽ കറുത്ത പർദയണിഞ്ഞ്  അവർ ജോലിക്ക് പോയിരുന്നത്.


















10 comments:

ബഷീർ said...

അഫ്സീത്താടെ കഥ നന്നായി എഴുതി.. ബാക്കി ഭാഗത്തിനായി കാക്കുന്നു.. ഇങ്ങിനെ എത്രയോ ജന്മങ്ങൾ ജിവിതത്തിനോട് പടപൊരുതി. ഉള്ളിലെരിയുന്ന ഉമിത്തീയിലും പുറമെ പുഞ്ചിരിച്ച്...!

പട്ടേപ്പാടം റാംജി said...

അഫ്സീത്ത
വ്യത്യസ്തമായ എത്രയോ ജീവിതങ്ങള്‍.
നന്നായി.

Unknown said...

അഫ്സിത്താന്റെ കഥ ഇഷ്ടായി.

ഇനിയുള്ള ഭാഗങ്ങളിൽ കുഞ്ഞാണിയെകൂടി
ഉൾപ്പെടുത്തണേ ജാസ്മിക്കുട്ടീ
:-)

മൻസൂർ അബ്ദു ചെറുവാടി said...

ഒമാനീപ്പോയാൽ വീണ്ടും എഴുത്ത് വരോ ..? :)
എന്നിട്ടെനിക്ക്‌ വരുന്നില്ലല്ലോ :(

അഫ്സീത്തയുടെ ജീവിതം വായിച്ചു ട്ടോ . നന്നായി പകർത്തി

Muralee Mukundan , ബിലാത്തിപട്ടണം said...

‘മലയാളിത്തം തീരെയില്ലാത്ത അവരുടെ മുഖത്തിനകത്ത്
ഒരു തനിമലയാളിയും,തന്റേടിയുമായ സ്ത്രീത്വം ഒളിഞ്ഞു കിടപ്പുണ്ടെന്ന്
വെളിവാക്കുന്നതായിരുന്നു ആ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ....!
ഇരുപത് വര്ഷങ്ങള്ക്ക് മുൻപാണ് അവർ പ്രവാസജീവിത്തിലേക്ക് പ്രവേശിക്കുന്നത്.
അതിന്റെ കാരണമായ കഥയിലാണ് അവർ തുടങ്ങിയത്.. കഥയല്ലിതു ജീവിതമാണെങ്കിൽ
കൂടിയും കാലം പഴകുമ്പോൾ ഓരോ ജീവിതവും പഴമ്പുരാണങ്ങളായി മാറുകയെന്നത് വിധികല്പ്പിതമത്രെ!“

അതെ ഇത്തരം ജീവിതങ്ങൾ തന്നെയാണ് യഥാർത്ഥ കഥകൾ....!

Jazmikkutty said...


Basheer vellarkkaad, Ramji sir, pravaasini , cheruvaadi ,Bilaathipattanam..

നന്ദി ...സുഹൃത്തുക്കളേ .. സ്നേഹം....കൂടെ തിരുവോണാശംസകൾ...

Kadalass said...

സത്യമായിട്ടും അഫ്സീത്ത ഇപ്പോഴും നിങ്ങളുടെ അടുത്ത് താമസിക്കുന്നുണ്ടോ?
അൽഭുതം തോന്നുന്നു...
കുറഞ്ഞ വാക്കുകളിൽ അവരുടെ ജീവിതത്തിന്റെ നിത്രം പകർത്തി...
നന്നായി എഴുതി....

Areekkodan | അരീക്കോടന്‍ said...

എനിക്കിഷ്ടപ്പെട്ടത് ആ “ജിന്ന്” ടേപ്രിക്കാര്‍ഡറിനെയാണ്.പിന്നെ “കുഞ്ഞാണി” മലപ്പുറത്തെ പ്രധാനപ്പെട്ട ഓമനപ്പേരുകളില്‍ ഒന്നാണ്.

Cv Thankappan said...

കഥയല്ലിതു ജീവിതം.
മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകിത്തീരുന്ന ജീവിതങ്ങള്‍....
വളരെ നന്നായി അവതരിപ്പിച്ചു.
ആശംസകള്‍

ajith said...

പ്രചോദനപ്രദമായ ജീവിതം.
ആ ചരിത്രം ഇവിടെ എഴുതിയതിന് താങ്ക്സ്