Thursday, October 7, 2010

നഷ്ടം

ഓഫീസില്‍ നിന്നും വീട്ടിലേക്കെത്തുന്ന ദൂരമത്രയും ദേവയാനി പരിഭ്രമത്തില്‍ ആയിരുന്നു.അവള്‍ സാരിത്തുമ്പ് കൊണ്ട് ഇടയ്ക്കിടെ മുഖം തുടയ്ക്കുകയും ,തല ഇരു വശങ്ങളിലേക്കും ചലിപ്പിക്കുകയും ചെയ്തു കൊണ്ടേ ഇരിക്കുന്നു.ട്രെയിനിനു വേഗത തീരെ ഇല്ലെന്നു തോന്നി അവള്‍ക്ക്‌

.മോന് കടുത്ത പനിയായിരുന്നു ഇന്നലെ രാത്രി മുഴുവന് പിച്ചും പേയും പറയുന്നത് കേട്ട് ഭയം തോന്നി,മരുന്ന് കൊടുത്തിട്ടും നനഞ്ഞ തുണി നെറ്റിയില്‍ വെച്ച് കൊടുത്തിട്ടും ഒരു മാറ്റവും കണ്ടില്ല.രാവിലെ ഓഫീസില്‍ വന്നു ലീവെടുത്ത് പോരാമെന്നു വെച്ചതാണ്.ലീവെടുക്കാന്‍ പോയിട്ട് നിന്ന് തിരിയാന്‍ പറ്റാത്ത പണി ഉണ്ടെന്നു പറഞ്ഞ കാര്കശ്യക്കാരന്‍ മാനേജരോട് എതിര്‍ത്തൊന്നും പറയാന്‍കഴിയാത്ത അവസ്ഥ..

അമ്മയോട് വിളിച്ചു പറഞ്ഞപ്പോള്‍ സാരമില്ല മോന് കുറവുണ്ടെന്ന മറുപടിയില്‍ മനസ്സല്പം തണുത്തു.

"ചേച്ചി ഇറങ്ങുന്നില്ലേ? "

സുമയുടെ ചോദ്യമാണ് ഓര്‍മയിലേക്ക് ഊളിയിട്ട മനസ്സിനെ തിരികെ കൊണ്ടുവന്നത്.

ധ്രിതിയില്‍ ഇറങ്ങി നടന്നു.പിറകില്‍ ട്രെയിന്‍ വീണ്ടും ഏന്തിവലിഞ്ഞു പുറപ്പെടുന്ന സ്വരം..

വയല്‍ വരമ്പിലൂടെ ഓടി കിതച്ചു കൊണ്ട് വീട്ടു മുറ്റത്തെത്തി.


അമ്മ കിണറ്റുകരയില്‍ നില്‍ക്കുന്നു.അമ്മയുടെ പച്ചക്കറിതോട്ടം തേവി നന്യ്ക്കുകയാണ്..കിണറില്‍ നിന്നും കോരിയെടുത്തെ അമ്മ വെള്ളം ഉപയോഗിക്കു..

അത് കൊണ്ടാണ് കിണറിലെ വെള്ളം കണ്ണാടി പോല്‍ തെളിഞ്ഞു നില്‍ക്കുന്നതും..

"മോനെവിടെ അമ്മാ?" എന്‍റെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി,നനഞ്ഞ കൈകള്‍ ഉടുത്തിരുന്ന തുണിയുടെ കോന്തലയില്‍ തുടച്ചു കൊണ്ട് അമ്മ അരികിലേക്ക് നടന്നു വന്നു,സ്വകാര്യം പറയുമ്പോലെ മന്ത്രിച്ചു,"മോന്റെ അച്ച വന്നിട്ടുണ്ട്,അകത്തുണ്ട്"..

മനസ്സിലേക്ക് ഒരു കൊടുംകാറ്റു വീശിയടിച്ചു,അമ്മയുടെ കണ്ണുകളിലെ അരുതേയെന്ന ഭാവം അവഗണിച്ചു അകത്തേക്ക് പാഞ്ഞു.മകനെ മടിയില്‍ വെച്ച് ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി,മെലിഞ്ഞ് തോള്‍ എല്ലുകള്‍ വെളിയിലെക്കുന്തിയിക്കുന്നു..മുടിയിഴകളില്‍ വെളുപ്പിന്റെ അതിപ്രസരം..ദേവേട്ടന്‍ തന്നെയോ ഇത്..പത്തു വര്‍ഷങ്ങള്‍ ഇത്രയധികം മാറ്റങ്ങള്‍ ഒരാള്‍ക്ക് വരുത്തുമോ? കാലുകളില്‍ വിലങ്ങു വീണു..


ആര്‍ത്തലച്ചു പെയ്യുന്ന മഴയോടൊപ്പം പെയ്തിറങ്ങിയ തന്റെ കണ്ണീരിനെ വകവെക്കാതെ നടന്നു നീങ്ങുന്ന ദേവേട്ടന്‍ ..ജീവിതത്തിലെ പ്രതീക്ഷിക്കാതെ സംഭവിച്ച ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ സമയം ഒരു പാടെടുത്തു..മുറിവുകള്‍ പാതി ഉണങ്ങി പൊറ്റ കെട്ടി കിടന്നു..ഇതിപ്പോള്‍ വീണ്ടും പറിച്ചെടുത്തു വേദനിപ്പിക്കാന്‍..അമര്‍ഷത്താല്‍ തുള്ളുന്ന മനസ്സോടു തിരിച്ചു നടന്നു..

അമ്മ അടുക്കളയില്‍ മരുമകനെ സല്കരിച്ച പലഹാരങ്ങള്‍ മൂടിവെക്കുന്ന തിരക്കിലാണ്..പാവം ഞാന്‍ ദേഷ്യപ്പെടുമെന്നു ഭയന്നായിരിക്കും.

.ഇറയത്തെ ചവിട്ടു പടിയില്‍ ചെന്നിരുന്നു.

"കഴിഞ്ഞത് കഴിഞ്ഞു ...ഇനിയെങ്കിലും രണ്ടാള്‍ക്കും ഒരുമിച്ചാലെന്താ..
എത്ര നാള്‍ ഞാന്‍ കൂട്ടുണ്ടാവും കുട്ടീ..നിക്ക് ഭയമാവുന്നു..ഈ കാലത്ത് നിന്നെ പോലൊരു പെണ്‍കുട്ടി തനിച്ചാവാന്നു വെച്ചാല്‍..

അമ്മയുടെ നേര്‍ക്ക്‌ അയച്ച നോട്ടത്തിന്റെ രൂക്ഷതയായിരിക്കണം അമ്മ മുഖം തിരിച്ചു ദൂരേക്ക് നോക്കി..വിഷാദം സ്ഫുരിക്കുന്ന അവരുടെ മിഴികള്‍ സജലങ്ങള്‍ ആയതു കണ്ടു ഉള്ളു നൊന്തു.എഴുന്നേറ്റു ചെന്ന് അമ്മയെ കെട്ടി പിടിച്ചു കൂടെ തേങ്ങി.."അമ്മെ നിക്ക് വയ്യാ ആ ആളെ എന്‍റെ ഭര്‍ത്താവായി കാണാന്‍..അമ്മ എന്നെ നിര്‍ബന്ധിക്കരുത്.." അമ്മയുടെ ഉടല്‍ വിറക്കുന്നത്‌ അറിഞ്ഞു..വിഷമം കാണും പാവത്തിന്..

താന്‍ കാരണം ഒരു പാവം തമിഴത്തിയും,തന്റെ ഭര്‍ത്താവില്‍ അവര്‍ക്ക് ജനിച്ച മക്കളും,അനാഥര്‍ ആകരുതല്ലോ..


"മോനുറങ്ങി..കിടത്തീട്ടുണ്ട്.."വര്‍ഷങ്ങള്‍ക്കു ശേഷവും ആ ശബ്ദത്തിനു മാത്രം ഒരു മാറ്റവും കണ്ടില്ല..ശൂന്യമായ മനസ്സ് പോലെ നിര്‍വികാരമായ മുഖത്തോടെ ഒന്ന് കൂടി നോക്കി..കണ്ണുകള്‍ നീര്നിറഞ്ഞു..ഹൃദയത്തില്‍ എവിടെയോക്കെയോ മുള്ള് കൊണ്ടത്‌ പോലെ..തന്നെ ആദ്യമായി അറിഞ്ഞവന്‍; താനും..ജീവിതത്തില്‍ ആദ്യാവസാനത്തെ പുരുഷന്‍ എന്ന് മനസ്സില്‍ അരക്കിട്ട്‌ഉറപ്പിച്ചിരുന്നു.. സ്നേഹത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു..മദ്രാസില്‍ നല്ല ജോലിയുള്ള പയ്യന്‍, നല്ല തറവാടി,അച്ഛനമ്മമാരുടെ ഒരേ ഒരു പുത്രന്‍..അച്ഛന് ദേവനാരായണനെ ഇഷ്ട്ടപ്പെടാന്‍ ഇതില്‍ പരം ഒന്നും വേണ്ടിയിരുന്നില്ല..കല്യാണം കഴിഞ്ഞു ദേവന്റെ തറവാട്ടില്‍ താമസമാക്കിയപ്പോള്‍ ആദ്യമാദ്യമൊന്നും ദേവന്‍ തന്നെ സ്നേഹിക്കാന്‍ പാട് പെടുകയായിരുന്നെന്നു മനസ്സിലായിരുന്നില്ല.ദേവന്റെ അമ്മയുടെ സ്നേഹപൂര്‍ണമായ പെരുമാറ്റത്തില്‍ ആ വീടുമായി കൂടുതല്‍ അടുത്തു.വിവാഹത്തിനെടുത്ത രണ്ടു മാസത്തെ അവധി കഴിഞ്ഞപ്പോള്‍ ദേവന് പോകാന്‍ തിടുക്കമായിരുന്നു..കരഞ്ഞു ചുവന്ന തന്റെ മുഖത്ത് കവിളില്‍ മൃദുവായി തട്ടി യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ ശരിക്കും പകച്ചു..ഞാന്‍ പ്രതീക്ഷിച്ച യാത്ര പറച്ചിലായിരുന്നില്ല അത്..കല്യാണ "വിശേഷങ്ങള്‍ " തിരക്കാന്‍ വന്ന കൂട്ടുകാരികളോടൊക്കെ പുഞ്ചിരിയില്‍ മറുപടി ഒതുക്കി..അവര്‍  'കള്ളി' എന്ന് വിളിച്ചു കളിയാക്കിയപ്പോള്‍ വിശേഷമായൊന്നും എന്നില്‍ സംഭവിച്ചില്ലല്ലോ എന്ന് സ്വയം ചോദിച്ചു.ദേവേട്ടന്റെ അമ്മ നിരന്തരം തന്നെ കൊണ്ട്  കത്തുകള്‍    എഴുതിച്ചു..ദേവേട്ടന്‍ ഫോണ്‍ ചെയ്യ്മ്പോളൊക്കെ തന്നെ കൂടി മദ്രാസിലേക്ക് കൂട്ടാന്‍ നിര്‍ബന്ധിച്ചു.
തന്നെ കൂടെ കൊണ്ട് പോയാല്‍ അമ്മ ഒറ്റക്കാവുമെന്നു സ്നേഹത്തോടെ പറഞ്ഞു ദേവേട്ടന്‍..മാസത്തില്‍ നാട്ടിലെത്തുന്ന രണ്ടു ദിവസം..അത്രയും മതിയാവില്ലെങ്കിലും,ആ രണ്ടു ദിവസം ദേവയാനിയെന്ന തന്റെ ജീവിതത്തിലെ തിരുവാതിര നാളുകളായി.

ദേവേട്ടന്‍ പഴയത് പോലെ അല്ലാതെ തന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നെന്ന അറിവ് ഒരു പാട് സന്തോഷമുളവാക്കി.തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ നാളുകള്‍ താനൊരു അമ്മയാവാന്‍ പോകുന്നെന്നറിഞ്ഞ നിമിഷം...


ദേവേട്ടന്റെയും, തന്റെയും വീട്ടില്‍ സന്തോഷത്തിന്റെ പൊട്ടിച്ചിരികള്‍
പൂത്തിരികളായി വിരിഞ്ഞു....ദേവേട്ടന്റെ അമ്മയ്ക്കായിരുന്നു ഏറെ ഉത്സാഹം..
പുഷ്പാര്‍ച്ചനയും, പൂജയും,ക്ഷേത്രപ്രദക്ഷിണവും..അവസാനം ഉണ്ണി പിറന്നു..


ഗുരുവായൂരില്‍ ചോറൂണും കഴിഞ്ഞു വന്ന ദിവസമാണ്..അശനിപാതം പോലെ അവള്‍ പടികടന്നെത്തിയത്..വീര്‍ത്ത വയറും കയ്യില്‍ ദേവേട്ടനെ വാര്‍ത്ത്  വെച്ച പോലെയൊരു മോനുമായി, മെലിഞ്ഞ ഐശര്യവതിയായ ആ സ്ത്രീ ദേവേട്ടനോട്
കരഞ്ഞു കൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോള്‍ ചിത്ത ഭ്രമത്തിലേക്ക് വീഴാതിരിക്കാന്‍ താനൊരുപാട് ബുദ്ധിമുട്ടി.ആ കുഞ്ഞു മുഖത്തിനേക്കാള്‍
വലിയ തെളിവൊന്നും ആര്‍ക്കും വേണ്ടിവന്നിരുന്നില്ല.

ദേവനാരായണന്റെ വീടിന്റെ പടിയിറങ്ങുമ്പോള്‍ ആ സ്നേഹനിധിയായ അമ്മയുടെ തേങ്ങല്‍ കേട്ടില്ലെന്നു നടിച്ചു..ഹൃദയം നൂറായി നുറുങ്ങിയത്‌,അച്ഛന്റെ മരണ വാര്‍ത്ത കേട്ടപ്പോഴാണ്..മകളുടെ ദുര്‍ഗതിയറിഞ്ഞു ഹൃദയം പൊട്ടി മരിച്ച അച്ഛന്‍!

അമ്മയ്ക്കെങ്ങിനെ ക്ഷമിക്കാന്‍ കഴിയുന്നു ഈ മനുഷ്യനോടു..അമ്മ എന്നും തണുപ്പിന്റെ മേലങ്കി എടുത്തണിയുന്നു.അമ്മയുടെ നിര്‍മലമായ സ്നേഹമാണ് തന്നെ ഇന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും..

തിരിഞ്ഞു നോക്കാതെ പടികള്‍ ഇറങ്ങുകയാണ് ദേവനാരായണന്‍..
പോകട്ടെ..തന്റെ ജീവിതത്തില്‍ നിന്ന്  എന്നേ   അടര്‍ത്തി മാറ്റിയതാണീ മനുഷ്യനെ!

23 comments:

jazmikkutty said...

അത്യാവശ്യം കഥകളും, കവിതകളുമൊക്കെ എഴുതി സമ്മാനമൊക്കെ മേടിചിട്ടുണ്ടെങ്കിലും(സ്കൂള്‍ തലത്തില്‍..)ആദ്യായിട്ടാണ്‌ ബ്ലോഗില്‍ ഈ സാഹസത്തിനു മുതിരുന്നെ..പ്രിയ സുഹൃത്തുക്കളെ ക്ഷമിച്ചാലും..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാന്‍ പിണക്കമാ..
ഇവിടെ ഒരു പോസ്റ്റിട്ടിട്ട് ആരും എന്നോട് പറഞ്ഞില്ല..
പിന്നെ കൂട്ടുകൂടാന്‍ പലയാവര്‍ത്തി ശ്രമിച്ചു നോക്കി..
എന്നോടെന്തൊ ഒരു അകല്‍ച്ചയുള്ളത് പോലെ..എന്റെ ജിമെയില്‍ ഐഡി.
താങ്കള്‍ ബ്ലോക്ക് ചെയ്തു വെച്ചിരിക്കുന്നു എന്ന മെസ്സേജ് ആണു എനിക്കു കാണാന്‍ കഴിഞ്ഞത്...
കഥയുടെ തീം പഴയതാണെങ്കിലും നന്നായി അവതരിപ്പിച്ചു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ദേവനേയും,ദേവയാ‍നിയേയും നന്നായി വരച്ചുകാട്ടിയിരിക്കുന്നൂ..,
ഒപ്പം നല്ല അവതരണത്തോടെ തന്നെ കഥയുടെ ന്നൂൽ അവസാനം വരെ പൊട്ടാതെ തന്നെ നിലനിർത്തിയതിൽ കഥാകാരി അഭിനന്ദനം നേടുന്നു കേട്ടൊ...

jazmikkutty said...

റിയാസ്, അഭിപ്രായം തുറന്നെഴുതിയതിനു നന്ദി; പ്രമേയത്തിന് പുതുമ കാണില്ല
കഥ എഴുതിയിട്ട് കുറെ നാളായി..കൈയും, മനസും വഴങ്ങി വരുവാന്‍ കുറച്ചു സമയം വേണമല്ലോ....താങ്കള്‍ ഉന്നയിച്ച മറ്റു കാര്യങ്ങള്‍ക്ക് ക്ഷമ..
മുരളി സാര്‍ താങ്കളുടെ പ്രോസാഹനതിനു തീരാത്ത കടപ്പാട്..നന്ദി.

ചെറുവാടി said...

നല്ല കഥ, അവതരണവും.
ഇഷ്ടപ്പെട്ടു.

ഹംസ said...

കഥ നന്നായിരിക്കുന്നു. വായിക്കാന്‍ നല്ല ഒഴുക്കുണ്ട്.
കഥാപാത്രങ്ങളെല്ലാം കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

niswaasam said...
This comment has been removed by the author.
പദസ്വനം said...

ഇതൊരു സാഹസമല്ല....
നന്നായിരിക്കുന്നു...
നല്ല ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു...
ഈ blog ഉം ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്.. അതിനു
ex-പ്രവാസിനിയോടു നന്ദി....
ഇനി സ്ഥിരം വരാം... യേത് ?? അത് തന്നെ... ;)

~ex-pravasini* said...

നന്നായിരിക്കുന്നു. ഇത് സാഹസമൊന്നുമല്ലല്ലോ.
ഇനിയും കഥകള്‍ പ്രതീക്ഷിക്കുന്നു.
ഇത്തരം കഴിവുള്ളവര്‍ എന്തിനാ എന്നെപ്പോലെ പിച്ചും പേയും
പറഞ്ഞിരിക്കുന്നത്.?

പിന്നെ ദേവയാനിയെ പോലെയാണ്
നമ്മള്‍ പെണ്ണുങ്ങളൊക്കെയും.
സ്നേഹം പങ്കു വെക്കുന്നത്
ഒരിക്കലും പൊറുത്തു കൊടുക്കില്ല,.

ഒഴാക്കന്‍. said...

സമ്മാനക്കാരി.. കഥ ഇഷ്ട്ടായി ഇനിയും എഴുതു

jazmikkutty said...

ആദ്യമായി ഇവിടം വരെ വന്ന പദസ്വനതിനും,ഹംസക്കായ്ക്കും സ്വാഗതം! നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദിയുണ്ട്..

ചെറുവാടീ..ഒത്തിരി നന്ദി...

പ്രവാസിനി ഓടി വന്നു കഥ വായിച്ചതിനും,പ്രോത്സാഹനത്തിനും സ്നേഹപുരസ്സരം നന്ദി...

ഒഴാക്കാന്‍.... ഞാന്‍ "മേടിച്ചു"(സമ്മാനം)എന്നെഴുതികഴിഞ്ഞു അയ്യോ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നി,കാരണം പണ്ട് ഒഴാക്കാന്‍ അപ്പച്ചനോട് അപ്പാ കിട്ടി(ജോലി)..എന്ന് പറഞ്ഞപ്പോള്‍ അഹ്ഹ എവിടുന്നാട മേടിച്ചു കിട്ടിയത്.. എന്ന് ചോദിച്ചിരുന്നില്ലേ..അതോര്‍മ്മ വന്നു പോയി....:)

Anonymous said...

ജസ്മികുട്ടി ..എല്ലാവരും പറഞ്ഞപോലെ ഇത് ഒരു സാഹസവും അല്ല ...എവിടെക്കെയോ കണ്ടു മറന്ന ഇപ്പോഴും മറഞ്ഞും തെളിഞ്ഞും നടക്കുന്ന കഥകള്‍ ...സത്യമാണ് എക്സ് പ്രവാസിനി പറഞ്ഞത് ..ഒരിക്കലും ഭര്‍ത്താവിന്റെ സ്നേഹം പങ്കു വെക്കപെടാന്‍ മിക്ക സ്ത്രീകളും സമ്മതിക്കില്ല ...ചുമ്മാ മനസ്സില്‍ ഒന്ന് സങ്കല്‍പ്പിച്ചാല്‍ പോലും ഞാന്‍ അറിയാതെ കരഞ്ഞു അസ്വസ്ഥമായി പോകും ..സ്വയം മരിക്കണം എന്ന് പോലും തോന്നുന്ന നിമിഷങ്ങള്‍ ...അതാണ്‌ സത്യം ....സമ്മാനങ്ങള്‍ കരസ്ഥമാക്കിയ ആ സ്കൂളില്‍ പഠിച്ചിരുന്ന അതെ ജസ്മികുട്ടിക്ക് ആശംസകള്‍ ....

Abdulkader kodungallur said...

സര്‍ഗ്ഗാത്മകത ഓളം തല്ലുന്ന മനസ്സില്‍ നിന്നല്ലാതെ ഇങ്ങനെ ഒരു കഥ , ഇങ്ങിനെയൊരു ശൈലി രൂപപ്പെടുത്തുവാന്‍ കഴിയില്ല .വായനക്കാരന്റെ ഹൃദയത്തിലേക്ക് എഴുത്തിന്റെ സൗന്ദര്യവും, സൌരഭ്യവും പരത്തുന്ന മുല്ലമൊട്ടുകള്‍ കഥാകാരി അനുസ്യൂതം വാരി വിതറിയിരിക്കുന്നു. മനുഷ്യനുള്ളിടത്തോളം കാലം നില നില്‍ക്കുന്ന പ്രമേയമായത് കൊണ്ടും പലരും പലവിധത്തിലും കൈകാര്യം ചെയ്തതു കൊണ്ടും പുതുമ അവകാശപ്പെടാനില്ല . ശൈലീ സൌന്ദര്യം കൊണ്ടു കഥാപാത്രങ്ങളെയും , അവരുടെ നൊമ്പരങ്ങളെയും അനുവാചക ഹൃദയത്തിലേക്ക് കടത്തി വിടാനുള്ള കഥാകാരിയുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ .ഇത്രയും നന്നായി ഭാഷ കൈകാര്യം ചെയ്തിട്ടും അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കാതെ പോയതില്‍ എനിക്കു ദുഖമുണ്ട്. കൂട്ടക്ഷരങ്ങളെ തീരെ അവഗണിച്ചിരിക്കുന്നു .
1 . അമര്‍ഷത്താല്‍
2 .ദേശ്യമല്ല ദേഷ്യം
3 .കിടത്തീട്ടുണ്ട്
4 .വിവാഹത്തിന്
5 .പോകുന്നെന്നറിഞ്ഞ
6 .പൂത്തിരി
7 .ചോറൂണ്
8 .പടികടന്നെത്തിയത്
9 .ചിത്തഭ്രമത്തിലേക്ക്
10 .ഒരേ വരിയില്‍ 'താന്‍' എന്ന് രണ്ടു പ്രാവശ്യം പ്രയോഗിക്കേണ്ടതില്ല.
ഈ തിരുത്തലുകള്‍ക്ക് ശേഷം എന്‍റെ അഭിപ്രായം നീക്കം ചെയ്യാം

jazmikkutty said...

പ്രിയപ്പെട്ട അബ്ദുല്‍ കാദര്‍ കൊടുങ്ങല്ലൂര്‍,
അത്ഭുതാവഹമായി തോന്നി താങ്കളുടെ നിര്‍ദ്ദേശങ്ങള്‍..വളരെ നന്ദി...
എഴുതാനിരുന്നതും എഴുതിയതും ഒന്നും ഓര്‍മ്മയില്ല.കീബോടിനു മുന്നിലിരുന്നു ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പോലെ ഒറ്റ എഴുത്തായിരുന്നു..സത്യത്തില്‍ കാര്യമായി എഡിറ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല..അലസതയാണ് പ്രധാന കാരണം..
പക്ഷെ ആരെങ്കിലും ഒരാള്‍ ഇത്ര സശ്രദ്ധം വായിച്ചു അഭിപ്രായം പറയുമെന്ന് സ്വെപ്നേപി കരുതിയില്ല.താങ്കളുടെ കമന്റ്‌ മായ്ക്കാന്‍ മാത്രം ദുരഭിമാനം എനിക്ക് തോന്നുന്നില്ല.മറിച്ച് അഭിമാനമേ ഉള്ളു..ഈ നിരൂപണത്തിന് തീര്‍ത്താല്‍ തീരാത്ത നന്ദി.

ആദില വന്നെത്തിയതിനു ഒത്തിരി നന്ദി.

സലീം ഇ.പി. said...

നന്നായി അവതരിപ്പിച്ചു.
ഈ ബൂലോകത്ത് വായിച്ചിരിക്കാന്‍ ഒരെഴുത്തുകാരി കൂടി..നിര്തത്തെ എഴുതുക..ഭാവുകങ്ങള്‍ !

junaith said...

മനോഹരമായ കഥ..
ആ തമിഴത്തിയുടെ കൊച്ചിനും പനിയാരിക്കുമോ?

~ex-pravasini* said...

ങ്ഹൂം....വലിയ നിരൂപണക്കമന്‍റൊക്കെ
കിട്ടി ഗമയിലിരിക്കുമ്പോ..
ഈയുള്ളവള്‍ ഒരു പോസ്റ്റിട്ടത്
ആരു കാണാന്‍..
ങ്ഹാ...
എന്‍റെ പോസ്റ്റും പൂക്കും...!!!

Jishad Cronic said...

ക്ഷണം കിട്ടി വരുംബോളെകും സദ്യയെല്ലാം കഴിഞ്ഞു,ഹാ എന്താ ചെയ്യാ എന്തേലും ബാക്കി ഉണ്ടോ എന്ന് നോക്കട്ടെ ട്ടോ ...

വെയിറ്റ്.... എന്തായാലും എനിക്കൊന്നു നൊന്തു ,കാരണം ഇങ്ങനെ ഒരു കഥാപാത്രത്തെ എനിക്ക് അറിയാമായിരുന്നു .

തെച്ചിക്കോടന്‍ said...

കഥ നന്നായിത്തന്നെ അവതരിപ്പിച്ചു, അഭിനനദനങ്ങള്‍.

Echmukutty said...

ഇതൊരു വെറും കഥയല്ലല്ലോ.
ഇനിയും എഴുതു.
ആശംസകൾ.

jazmikkutty said...

ഇതൊരു വെറും കഥയല്ലല്ലോ. ഇനിയും എഴുതു. ആശംസകൾ
എച്മൂ...എച്ച്മുന്റെ അഭിപ്രായം എനിക്ക് ഓസ്കാറിനു തുല്യമാ...
ഈ എളിയ എഴുത്തുകാരിയുടെ ബ്ലോഗ്‌ വായിക്കാനുള്ള സൌമനസ്യം എന്നെ അമ്പരപ്പിക്കാരുണ്ട്...നന്ദി..നന്ദി...

തെച്ചിക്കോടന്‍ നന്ദി...

Lonely Heart said...

സാഹസം എന്നു പറഞ്ഞു ഇകഴ്ത്തേണ്ടതില്ല..അവതരണവും പ്രമേയവും. എനിയ്ക്ക് പരിചയമുള്ള ഒരു വ്യക്തിയെ,ദേവയാനിയില്‍ കാണാന്‍ സാധിച്ചതിനാല്‍ കഥ കൂടിതലായി ഫീല്‍ ചെയ്തു..ആശംസകള്‍..

Akbar said...

കഥ വായിച്ചു. കഥയല്ല ജീവിതം തന്നെ സത്യസന്ധമായി പകര്‍ത്തുവാന്‍ ജാസ്മിക്കുട്ടിക്കു കഴിഞ്ഞു. പിന്‍വിളിക്ക് കാതോര്‍ത്ത് നടന്നകലുന്ന നായകനും "പോകട്ടെ..തന്റെ ജീവിതത്തില്‍ നിന്ന് എന്നേ അടര്‍ത്തി മാറ്റിയതാണീ മനുഷ്യനെ" എന്നു ആത്മഗതം ചെയ്യുന്ന നായികയും ഒരുപോലെ വായനക്കാരുടെ മനസ്സില്‍ വിഷാദം പരത്തുന്നു. കഥ തുടങ്ങിയതും അവസാനിപ്പിച്ചതും നല്ല കയ്യടക്കത്തോടെ.