Thursday, July 22, 2010

ജീവിതം നമ്മള്‍ കരുതും പോലെ അല്ല പോകുക,അതിന്‍റെ വഴിയേ നമ്മള്‍ പോകുകയാണ്.ജീവിതത്തില്‍ എല്ലാവര്‍ക്കും പല വിഷമതകളും കാണും,നമ്മുടെ ആഗ്രഹങ്ങള്‍  സഫലമാകിതിരിക്കുമ്പോള്‍ അതോര്‍ത്തും,പ്രിയപ്പെട്ടവര്‍ വിദൂരത്തേക്കു ചേക്കേറുമ്പോള്‍ അതോര്‍ത്തും ഒക്കെ  എന്നാല്‍ ആ വിഷമം  ഒക്കെ കുറെ കഴിയുമ്പോള്‍ നമ്മള്‍ മറക്കും.പക്ഷേ നമ്മുടെ മനസ്സിന് ഏല്‍ക്കുന്ന ചില മുറിവുകള്‍ എത്ര തന്നെ ശ്രമിച്ചാലും അതങ്ങിനെ തന്നെ കിടക്കും;കാലത്തിനു ഉണക്കാനാവാതെ......
എന്‍റെ ബാല്യകാലത്തെ ഒരു അനുഭവം ആണിവിടെ നിങ്ങളോട് പങ്കുവെക്കുന്നത്.നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്,എനിക്കൊരു ഉറ്റ സുഹൃത്തുണ്ടായിരുന്നു.എന്‍റെ ബന്ധു കൂടിയാണ് അവള്‍,ഞങ്ങള്‍ എന്നും ഒന്നിച്ചാണ് സ്കൂളില്‍ പോകാറ്.ഒരു ദിവസം സ്കൂളില്‍ പോകുന്ന വഴിയെ റോഡ്‌ ക്രോസ് ചെയ്യുകയായിരുന്നു ഞങ്ങള്‍..ഒരു ബസ്‌ വന്നതിന്‍റെ ബഹളത്തില്‍ ഞാന്‍ അപ്പുരമെത്തിയിട്ടും അവളെ കണ്ടില്ല,അവള്‍ എതിര്‍വശത്തുള്ള കടയുടെ അടുത്ത് നില്‍പ്പാണ്,ഞാന്‍ കൈ കാട്ടി വിളിച്ചു അവള്‍ ഓടിവന്നു ,കയ്യില്‍ ഒരു ആപ്പിളും കൊണ്ട്
.ഞാന്‍ ചോദിച്ചു:"ഇതെവിടുന്നാ"
അവള്‍:ഞാനിതു ആ കടയില്‍ നിന്നെടുത്തതാ..
എനിക്ക് പേടി ആയി "സല്‍മാ അത് തിരികെ കൊണ്ട് ചെന്ന് വെച്ചേക്കു "
സാരമില്ല എന്‍റെ വീടിനടുത്തുള്ള കടയല്ലേ പിന്നെ പൈസ കൊടുത്തോളാം
ഞാന്‍ പറഞ്ഞതിന് അവളുടെ മറുപടി ഇതായിരുന്നു,ഞങ്ങള്‍ അത് പകുത്തു കഴിച്ചു...ദിവസങ്ങള്‍  കഴിഞ്ഞു ഞാനാ കാര്യമേ  മറന്നു....
ആ സമയം എന്‍റെ ഉപ്പ ഞങ്ങള്‍ക്കായി വീട് പണിയുന്നുണ്ടായിരുന്നു.ഉമ്മാന്റെ ഉമ്മയുടെ വീട്ടിലാണ് ഞങ്ങളുടെ താമസം,ആ പറമ്പിനടുത്തുതന്നെയാണ് പണിയുന്ന വീടും..അതിനടുത്തായി വലിയ രണ്ടു മാവുകള്‍ ഉണ്ട് ,നിറയെ മാങ്ങകള്‍ ഉള്ളതിനാല്‍ റോഡരികില്‍ ഇരിക്കുന്ന ചെറുപ്പക്കാര്‍ ഇടയ്ക്കിടെ കല്ലെറിഞ്ഞു മാങ്ങാ വീഴ്ത്തും ,വീട് പണി പുരോഗമിക്കുന്ന സമയം മുകള്‍ നിലയില്‍ ഗ്ലാസ്സ് ഫിറ്റ്‌ ചെയ്ത നാളുകളിലാണ്‌,വീട്ടില്‍ ഉമ്മയുടെ കൂടെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ..ഞായറാഴ്ച ആയതിനാല്‍  വീട് പണിയുന്നവരും ഇല്ല,കുറെ ചെറുപ്പക്കാര്‍ പതിവ് പോലെ  മാങ്ങയ്ക്ക് കല്ലെറിയാന്‍ തുടങ്ങി.ഉമ്മ എന്നോട് പറഞ്ഞു:മോള്‍ ചെന്ന് പറയു 'കല്ല് കൊണ്ടെരിയേണ്ട  വേണേല്‍ കയറി പറിചെടുതോ 'എന്ന്.ചില്ലിനു എല്ക്കാതിരിക്കാനാണ്....
കല്ലെറിയുന്ന യുവാവിനോട് ഞാന്‍ ചെന്ന് 'ഇക്കാക മാങ്ങയ്ക്ക് കല്ലെറിയല്ലാ....എന്ന് പറയാന്‍ തുടങ്ങുംപോളെക്കും(ആ ആള്‍ എന്‍റെ സ്നേഹിതയുടെ അയല്‍വാസിയും ഞങ്ങളുടെ മറ്റൊരു സ്നേഹിതയുടെ അമ്മാവനും ആയിരുന്നു.)എന്നോട് പറഞ്ഞു:നിനക്ക് ആപ്പിള്‍ മോഷ്ടിക്കാം ഞങ്ങള്‍ക്ക് നിന്‍റെ മാങ്ങാ പറിചു കൂടാ അല്ലെ 'എന്ന്.ആദ്യം എനിക്കൊന്നും മനസ്സിലായില്ല ,പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുകളില്‍ വിവരിച്ച സംഭവം ഓര്‍മ്മ വന്നു.അല്‍പ നേരം പ്രഞജ അറ്റവളായി ഞാന്‍ ഉള്ളില്‍ തികട്ടി വന്ന തേങ്ങല്‍ അടക്കിപ്പിടിച്ചു ഉമ്മയുടെ പക്കലേക്ക് നടന്നു ,ഉമ്മ എന്നോട് പലതും ചോദിച്ചെങ്കിലും ഞാനീ കാര്യം മിണ്ടിയില്ല.എന്‍റെ പ്രിപ്പെട്ട സ്നേഹിത എന്നോടിങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല.അയാള്‍ പറഞ്ഞത് എനിക്ക്  തെറ്റായി കേട്ടതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്‌.എന്നാല്‍ രാത്രി മദ്രസയില്‍ ചെന്നപ്പോള്‍ എന്‍റെ കൂട്ടുകാരികളെല്ലാം പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ ആപ്പിള്‍ കള്ളി എന്ന് വിളിച്ചു.എന്‍റെ  ഹൃത്തടം സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി ,എവിടെന്നോ സംഭരിച്ച ധൈര്യത്തോടെ കരച്ചിലടക്കി പിടിച്ചു ഞാന്‍ അവളോട്‌ ചോദിച്ചു:'സല്‍മാ അത് നീയല്ലേ ചെയ്തത് 'എന്ന്.എന്നെ ഒന്ന് നോക്കിയാ ശേഷം അവള്‍ പറഞ്ഞു..അതെ ഞാനാണ്...കൂട്ടുകാരികള്‍ എല്ലാവരും തമാശ കേട്ടത് പോലെ പൊട്ടിച്ചിരിച്ചു,എന്‍റെ സ്നേഹിതയുടെ അമ്മാവന്റെ  മുന്നില്‍ പോയ മാനം എങ്ങനെ വീണ്ടെടുക്കണം എന്നറിയാതെ ഞാന്‍ ഇരുട്ടിന്‍റെ ശൂന്യതയിലേക്ക് തുറിച്ചു നോക്കിയിരുന്നു.
വാല്‍ക്കഷ്ണം:ഇതിന്റെ പേരില്‍ ഞങ്ങള്‍ അന്നുമിന്നും പിണങ്ങിയിട്ടില്ല ,പത്താം ക്ലാസ്സോടെ അവള്‍ടെ പഠിത്തം കഴിഞ്ഞു,അവള്‍ടെ കല്യാണം ആയിരുന്നു ഞങ്ങളെ അകറ്റിയത്.ഇന്നിപ്പോള്‍ 12 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .അവള്‍ക്കു കുഞ്ഞുങ്ങള്‍ ഒന്നും ആയിട്ടില്ല ,വല്ലപ്പോഴുമൊക്കെ കാണുമ്പോള്‍ അവള്‍ പറയും'എല്ലാവരും എന്നോട് കുട്ടികളില്ലേ എന്ന് കുത്തിനോവിക്കും,നീ മാത്രമാണ് അതിനൊരു അപവാദം 'എന്ന്.....പ്രിയപ്പെട്ട കൂട്ടുകാരി നിന്നെ ഒരിക്കലും ഞാന്‍ വിഷമിപ്പിക്കില്ല...എന്ന് എന്‍റെ മനസ്സ് പറയും...നമ്മള്‍ ജീവിതത്തില്‍ ആരെയും വേദനിപ്പിക്കരുത്,അതെ വേദന നമ്മുടെ നേര്‍ക്ക്‌ തിരിച്ചടിച്ചേക്കും....എന്‍റെ കൊച്ചു ജീവിതത്തില്‍ ഞാന്‍ പഠിച്ച വലിയ കാര്യമാണിത്.സ്നേഹിതയുടെ പേര് മാത്രം സാങ്കല്‍പ്പികം.ബാക്കി പരമ യാഥാര്‍ത്ഥ്യം .. 

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

നല്ല എഴുത്ത്. ഇത് പോലെ അനുഭവക്കുറിപ്പുകള്‍ ഇനിയും നിരത്തൂ.
ഞാന്‍ ഇനിയും ഈ വഴി വരാം. മറ്റു പോസ്റ്റുകളും സമയം പോലെ നോക്കാം.

ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

വിരല്‍ത്തുമ്പ് said...

സംശയമില്ലടോ!!!!! ഇത് ഹൃദയം തൊട്ട് എഴുതിതാ.........

നന്നായിട്ടുണ്ട്.....