Sunday, June 5, 2016

ഒമാൻ ഡയറി


അബുദാബിയിലേയും , ദുബായിലേയും പോലെ അംബരചുംബികളായ  കെട്ടിടങ്ങൾ അൽഐനിൽ കാണാൻ കഴിയില്ല.ഏറിയാൽ അഞ്ചോ, ആറോ നിലകളിൽ ഇവിടുത്തെ ഭൂപ്രകൃതിയെ കണക്കിലെടുത്ത് നിർമ്മിക്കുന്നവ .അത് കൊണ്ടാവാം മലയാളികളടക്കം  മിക്ക കുടുംബങ്ങളും വില്ലകളിൽ താമസിക്കുന്നവരാണ് .

കണ്ണിനും,മനസ്സിനും എത്ര ആസ്വാദ്യമായിരുന്നു നമ്മുടെ നാട്ടിലെ പ്രകൃതിദത്തമായ  പച്ചപ്പ് എന്ന് മനസ്സിലാകുന്നത് മണലാരണ്യത്തിൽ എത്തുമ്പോഴാണ്.
നാട്ടിൽ ഏക്കറുകണക്കിന് ഭൂമിയുണ്ടായിട്ടും ഒരു വെണ്ടവിത്ത് പോലും നട്ട് മുളപ്പിക്കാത്തവരും , എന്തെങ്കിലുമൊക്കെ ഇവിടത്തെ ഇത്തിരി മുറ്റത്ത് നട്ടുപിടിപ്പിക്കാൻ നോക്കും .
എന്റെ സ്നേഹിതയും,സഹപ്രവർത്തകയുമായിരുന്ന സുലൈഖ ടീച്ചറിന് സാമാന്യം നല്ല പൂന്തോട്ടം ഉണ്ടായിരുന്നു.അവർ പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങുമ്പോൾ എനിക്കൊരു മുല്ല സമ്മാനിച്ചിരുന്നു.മുല്ലപ്പൂക്കൾ ഏറെ ഇഷ്ട്ടമായിരുന്നതിനാൽ ദിനേന വെള്ളവും,വളവും നല്കി ഞാനതിനെ പരിപാലിച്ചു പോന്നിരുന്നു.മുല്ലവള്ളിയാകട്ടെ ടീച്ചറുടെ സ്നേഹത്തിന്റെ ബാക്കിപത്രം പോലെ ഒരുപാട് മുല്ലപ്പൂക്കൾ വിരിയിച്ച് സദാ എന്നെ പ്രസാദിപ്പിച്ചു കൊണ്ടേയുമിരുന്നു.

ഒമാനിലേക്ക് താമസം മാറുമ്പോൾ മറ്റൊന്നും കൊണ്ട് പോയില്ലെങ്കിലും എന്റെ മുല്ലച്ചെടിയെ കൂടെ കൂട്ടണമെന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു.
ചിലപ്പോഴെല്ലാം നമുക്ക് അതീവപ്രിയമുള്ളവയെ ഉപേക്ഷിക്കേണ്ടി വരും .
ഒന്നുകിൽ മനുഷ്യകരങ്ങൾ അകറ്റും,അല്ലെങ്കിൽ വിധി അകറ്റും.
പരോക്ഷമായി രണ്ടും ഒന്നുതന്നെ ! എങ്കിലും ഇവിടെ വിധിയെ പഴിക്കാനാണ് എനിക്കിഷ്ടം .( വിധി ചോദിക്കാനൊന്നും വരില്ലല്ലോ..:) )
എന്തിനേറെ പറയാൻ എനിക്കെന്റെ മുല്ലവള്ളിയെ ത്യജിക്കേണ്ടി വന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ ...
എന്റെ പ്രിയപ്പെട്ട അയല്ക്കാരി സൈനബിന്റെ ഉമ്മയുടെ കയ്യിൽ ആ ചെടി സുരക്ഷിതയായിരിക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .

അസിയുടെ സുഹൃത്തും , സതീർത്ഥ്യനുമായ റഷീദ്ക്കയുടെ പിക്കപ്പിലും,അസിയുടെ വണ്ടിയിലും ഉൾകൊള്ളാവുന്നത്ര സാധനങ്ങളുമായി ഞങ്ങൾ പുറപ്പെട്ടു .എമിഗ്രേഷനിലെ നിയമനടപടികൾ കഴിഞ്ഞ് അതിർത്തി കടക്കുമ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു.
യു എ ഐയിൽ നിന്നും ഞങ്ങൾ താമസിക്കുന്നയിടത്തേക്ക് (സോഹാർ)
120 km ദൂരം കാണും.കുട്ടികൾക്ക് പഠിക്കാനുള്ള സ്കൂൾ സൗകര്യം നോക്കിയാണ് സോഹാർ തിരഞ്ഞെടുത്തത് .
ഈ പൗരാണിക രാജ്യത്തേക്ക് ഒരു പഥികയായി പോലും എത്തുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ല : ഒമാൻകാണുക എന്നത് മോഹപ്പട്ടികയിൽ ഉണ്ടായിരുന്നത് സത്യമായിരുന്നിട്ട് കൂടി.
ഒമാന്റെ ചരിത്രത്തിലേക്ക് ഒന്നെത്തി നോക്കാം .
ഇന്ന് സുൽത്താനേറ്റ് ഒമാൻ എന്നറിയപ്പെടുന്ന ഒമാൻ നൂറ്റാണ്ടുകളോളം പല വിദേശ ശക്തികളുടേയും ആക്രമണത്തിന് വിധേയമായിട്ടുണ്ട് .നബ്ഹാനി രാജവംശത്തിൽ നിന്നും പോർച്ചുഗീസുകാർ  കൈക്കലാക്കിയ മസ്കറ്റ്  1515 മുതൽ ഏകദേശം 135 കൊല്ലങ്ങളോളം അവർ  അടക്കിവാണു .
പിന്നീട് ഒട്ടോമാൻസിൻറെയും , ഇറാനിയൻസിന്റെയും , അവസാനം ബ്രിട്ടന്റെയും ആധിപത്യത്തിനു കീഴിലായി ഒമാൻ.
1850 - ലെ ബ്രിട്ടന്റെ ഒമാനിലേക്കുള്ള കടന്നുകയറ്റം ഒമാന്റെ ഇന്നത്തെ രൂപകൽപനയ്ക്ക് വഴിതെളിച്ചു. 1951-ൽ ഇരു രാജ്യങ്ങളും ഒരു സൗഹൃദക്കരാറിൽ ഒപ്പ് വെച്ചു .1964 ൽ ഒമാൻ പൂർണ്ണ സ്വാതന്ത്രം നേടി.
1970 - ൽ  തന്റെ പിതാവും ഒമാന്റെ അവസാന സുൽത്താനുമായിരുന്ന സൈദ്‌ ഇബ്‌നു തൈമുറിനേ നിഷ്കാസനം ചെയ്തു കൊണ്ടാണ് ( ഇദ്ദേഹം ലണ്ടനിൽ വെച്ചാണ് മരിച്ചത് ) ഇപ്പോഴത്തെ ഭരണാധികാരി ഖാബുസ് ബിൻ സൈദ്‌ അൽ  സൈദ്‌ അധികാരത്തിലേറിയത് .(കടപ്പാട് :വിക്കി )

അങ്ങനെ ഒന്നരമണിക്കൂർ യാത്രയ്ക് ശേഷം ഞങ്ങൾ സോഹാറിലെത്തി .രാത്രിക്ക് കനം തൂങ്ങിയിരുന്നു.ഞങ്ങള്ക്കുള്ള താമസിക്കാൻ ഫ്ലാറ്റ് തയ്യാറാക്കി തന്ന മനുഷ്യൻ മുറികളൊക്കെ വൃത്തിയാക്കി ഞങ്ങളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.അതികായനായ ഒരു മനുഷ്യൻ!.മുഖത്തെ താടിരോമങ്ങളിൽ കറുപ്പും,വെളുപ്പും ഇടകലർന്നിരുന്നു യോഗിയുടേതെന്ന് തോന്നിപ്പിക്കുന്ന കണ്ണുകൾ..
ത്വാതിക ഭാവം ! ഞങ്ങൾ പരിചയപ്പെടുന്ന ആദ്യ ഒമാൻ മലയാളി!
(തുടരും )

അധികം സംസാരിക്കാതെ തന്റെ പ്രവർത്തിയിൽ മുഴുകിയിരിക്കുന്ന ആജാനുബാഹുവായ ആ മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന മലയാളിത്തം എനിക്കെളുപ്പം പിടികിട്ടി.
"മലയാളിയാണോ ?' എന്ന ചോദ്യത്തിന് മുഖമുയർത്തി നോക്കി പിശുക്കില്ലാത്ത ചിരിസമ്മാനിച്ച്, "അതേ" എന്ന മറുപടി.
കാസിംക്ക! പയ്യന്നൂർ സ്വദേശി .
ഞങ്ങൾക്ക് ഒമാനിലെ ആദ്യ മലയാളബാന്ധവം ..
അന്നുമുതൽ ഇന്നുവരെ ഒരു 'വിളി' യകലത്തിൽ കാസിംക്കയുണ്ട് .ഏതു സഹായത്തിനും തയ്യാറായി.

അയൽവാസിയായ ചങ്ങനാശ്ശേരിക്കാരായ ടിന്റുവും,എബിസണും.
അവരുടെ കുഞ്ഞുങ്ങളേയുമാണ് പിന്നെ പരിചയപ്പെട്ടത് .
ചിരപരിചിതരെന്നു തോന്നിപ്പിക്കുന്നവിധമായിരുന്നു ടിന്റുവുമായുള്ള കൂടിക്കാഴ്ച്ച .ഒരനിയത്തി കുട്ടിയെകൂടി സമ്മാനിച്ചു ഒമാൻ എന്ന് പറഞ്ഞാൽ ധാരാളമാവില്ല .തമിഴ്നാട്ടുകാരിയായ മഹേശ്വരിയും കൂടി വന്നതോടെ ഞങ്ങളുടെ കൂട്ടുകെട്ട് ശക്തിപ്രാപിച്ചു.
പൊങ്കൽ, ശിവരാത്രി,ദീപാവലി തുടങ്ങിയ വിശേഷദിവസങ്ങളിൽ മഹേശ്വരിയും,ക്രിസ്തുമസിനും,ഈസ്റ്ററിനും ടിന്റുവും,പെരുന്നാളുകളിൽ ഞാനും ഭക്ഷണം പങ്കുവെയ്ക്കുന്നു .

രക്തബന്ധങ്ങൾക്ക് നാം വളരെയേറെ പവിത്രത കൽപ്പിക്കാറുണ്ട്
'രക്തം രക്തത്തെ തിരിച്ചറിയും' എന്നൊക്കെ പറഞ്ഞു കേൾക്കാറുമുണ്ട് .എന്നാലിതൊക്കെ വെറും ആലങ്കാരിക പ്രയോഗങ്ങൾ മാത്രമാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.അതിലെല്ലാമുപരി മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുമ്പോഴാണു{ജാതി-മത രക്തബന്ധ - രാജ്യബന്ധമന്യേ} ശരിയായ രക്തബന്ധം ജനിക്കുന്നത്..
പ്രവാസിയായ ഏതൊരാൾക്കും ഈ പറഞ്ഞത് എളുപ്പം മനസ്സിലാകും.കാരണം നമ്മളോട് രക്തബന്ധം പോയിട്ട് യാഥോരു ബന്ധവുമില്ലാത്തവരാകും പലപ്പോഴും,ഇവിടെ ഒരു കൈത്താങ്ങായി ലഭിക്കുക

അസിയുടെ നാട്ടുകാരനും,സുഹൃത്തുമായ ഷനീദ് ഫേസ്ബുക്ക് വഴിയാണ് ഞങ്ങൾക്കരികിൽ, 'ഫലജ്' എന്ന സ്ഥലത്തുള്ള കാര്യം അറിയിച്ചത്.
ബാല്യം തൊട്ട് ഒമാനിലുള്ള ഷനീദിന്റെ സ്നേഹപുരസ്സരമുള്ള ക്ഷണം വേനലിൽ പെയ്യുന്ന മഴപോലെയാണ് എനിക്കനുഭവപ്പെട്ടത്.
ഷനീദിന്റെ ഉമ്മയും,ഉപ്പയും,ഭാര്യയും,സഹോദരിയും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യയും ,ആ കുടുംബസന്ദർശ്ശനവും ആദ്യകാല ഒമാൻദിനങ്ങളിലെ മറക്കാനാത്ത ഓർമ്മകൾ തന്നെ.


സോഹാർ കാഴ്ച്ചകൾ :-
പഴമയുറങ്ങുന്ന കരിമണൽ കടൽത്തീരമുണ്ട് സോഹാറിൽ ..
ഇവിടെ എത്രയെത്ര പത്തേമാരികൾ ജീവനോപാധി തേടി അണഞ്ഞിട്ടുണ്ടാവും! മത്സ്യബന്ധനം വരുമാനമാർഗമായി കണ്ടു ജീവിക്കുന്ന 'മുക്കുവ' കുടിലുകൾ ഇപ്പോഴും കാണാം ..സോഹാറിലെ മീഞ്ചന്തയിൽ പോയാൽ അറബിമുക്കുവർ പിടയ്ക്കുന്ന മീനുകൾ വിൽക്കുന്നതും കാണാം ...

കടൽത്തീരം വിട്ട് മലയാടിവാരത്തിലേക്ക് ചെന്നാൽ അറബ് ഇടയത്തികൾ ആട് 'മേച്ച് നടക്കുന്ന' കാഴ്ച്ച കാണാം ..
വൈകുന്നേരങ്ങളിൽ വീട്ടുമുറ്റത്തിരുന്ന് സൊറ പറയുന്ന അറബിപ്പെൺ മുഖങ്ങൾ കാണാം .അറബി സ്ത്രീകൾ കൺകൾ മാത്രം കാട്ടിനടക്കുന്ന യു ഇ ഇയിൽ നിന്നും എത്ര വ്യത്യസ്തമാണിവിടത്തെ പെൺകാഴ്ചകൾ!
ഏതൊരു സൂപ്പർമാർക്കറ്റിൽ ചെന്നാലും,മറ്റേത് സ്ഥാപനങ്ങളിൽ ചെന്നാലും അവിടെയൊക്കെ കൌണ്ടറുകളിൽ പെൺമുഖങ്ങൾ ദർശിക്കാം .
ഇവിടെ സ്ത്രീ പുരുഷ ഭേദമന്യേ തൊഴിൽ ചെയ്തു ജീവിക്കുന്നു. തൊഴിലിന്റെ വലുപ്പച്ചെറുപ്പം കാര്യമാക്കാതെയാണെന്നതും ഒരു പ്രത്വേകത തന്നെ !

ഒമാനികൾ പാരമ്പര്യവും,പൗരാണികതയും മുറുകെ പിടിക്കുന്നവരാണല്ലോ..
ഇവിടുത്തെ ജനങ്ങൾ കായികത്തിനും,അതുവഴി ആരോഗ്യ സംരക്ഷണത്തിനും ഏറെപ്രാധാന്യം കൊടുക്കുന്നവരാണ്‌ .
മുക്കിനുമുക്കിന് ഷോപ്പിങ്ങ്മാളുകൾ പണിയുന്നതിനു പകരം ഓരോ കിലോമീറ്റർ ചുറ്റളവിലും ഒന്നിലധികം കളിക്കളങ്ങൾ (ഫുട്ബോൾ മൈതാനങ്ങൾ) കാണാം.
ഒമാനികളുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് കാളപ്പോര്.
ഹംബാർ സ്ട്രീറ്റിലാണ് ഈ വിശാലമായ കാളപ്പോര് മൈതാനം ,
ഞങ്ങൾ താമസിക്കുന്നതിനടുത്തായതിനാൽ മിക്കപ്പോഴും കാണാൻ സാധിക്കാറുണ്ട്.ജെല്ലിക്കെട്ട് പോലെ അപകടം സൃഷ്ടിക്കുന്ന മത്സരമല്ലാത്തതിനാൽ കാണികൾ ഗ്യാലറിയിലോ,,കളിക്കളത്തിലോ തന്നെയിരുന്ന് പോര് വീക്ഷിക്കുന്നു.
മൂക്ക് കയറിട്ട രണ്ടുകാളക്കൂറ്റൻമാരെ പരസ്പരം കൊമ്പു കോർപ്പിക്കലാണു പരിപാടി.ഉടമസ്തരുടെ കൈകളിലെ കയറുകളിലെ ബന്ധനത്തിൽ ഇവർ നിയന്ത്രണവിധേയരായിരിക്കും .
ഈ പ്രാകൃത മത്സരം മാസത്തിൽ രണ്ട് തവണവീതം നടക്കുന്നുണ്ട്.  






5 comments:

Cv Thankappan said...

ഒമാനിലും മുല്ലപ്പൂ സുഗന്ധം പടര്‍ത്താന്‍ കഴിയുമാറാകട്ടെ!
ഡയറി വിശേഷം തുടരട്ടെ...
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പുതിയ വാസ സ്ഥലത്തിന്റെ
ചരിത്രം തൊട്ട് ചരിതം തുടങ്ങീയത്
നന്നായി ഇനി തുടരാതിരിക്കരുത് കേട്ടൊ

സുധി അറയ്ക്കൽ said...

നന്നായി എഴുതി.തുടർഭാഗങ്ങൾ ഉണ്ടെങ്കിൽ വരട്ടേ!!!

കുഞ്ഞൂസ് (Kunjuss) said...

ആഹാ, ഒമാനിൽ എത്തിയല്ലേ.... വിവരണത്തിനും ഒരു മുല്ലപ്പൂ മണം... :) തുടരുക ജാസ്മിക്കുട്ടീ ...

Muralee Mukundan , ബിലാത്തിപട്ടണം said...

Your new post not vissible for reading