Monday, December 27, 2010

ജോലി എന്ന സ്വപ്നം.

മിക്ക വീട്ടമ്മമാരുടെയും പൂവണിയാത്ത സ്വപ്നമാണ് ഒരു ജോലി.വീട്ടില്‍ എടുത്തു തീര്‍ക്കാനാവാത്തത്ര ജോലിയുണ്ട് പക്ഷെ ആ ജോലി അല്ല ഈ ജോലി..ആ വീട്ടുജോലിക്ക് ശമ്പളമില്ല.അത് പോട്ടെ അത് വേതനമില്ലാ സേവനം...എന്നിട്ട് അതിനെന്തെങ്കിലും വില ആരെങ്കിലും കല്പിക്കുന്നുണ്ടോ..? അതൊക്കെ അവരുടെ കടമയല്ലേ..എന്ന മട്ടില്‍ ഒരു ചോദ്യ ചിഹ്നം മുഖത്ത് തെളിയുന്നുണ്ടല്ലേ..?


എന്തൊക്കെ ആയാലും എനിക്കും ഇങ്ങനെ ഒരു ജോലി എന്ന സ്വപ്നം കിടപ്പുണ്ടായിരുന്നു. സംഗതി പാസ്റ്റ് ടെന്സിലാണ്..(നോട്ട് ദി പോയിന്റ്..).ഇവിടെ പഠിച്ചവര്‍ക്ക് ജോലിയില്ല പിന്നെയല്ലേ വലിയ വിദ്യാഭ്യാസം ഒന്നുമില്ലാത്ത നിനക്ക് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കും...

മുന്‍പ്‌ എന്‍റെ കാഴ്ചപ്പാടില്‍ ജോലിക്ക് പോകുന്ന സ്ത്രീകള്‍ പരമ ഭാഗ്യവതികള്‍..രാവിലെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക് പോകാം..അവിടെ ഉള്ള സഹപ്രവര്‍ത്തകരോട് തമാശയും,നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞു വൈകും വരെ ഇരുന്നു ചിരിക്കാം..നല്ല രസം സുന്ദരം ജീവിതം..സ്വന്തമായി പണം സമ്പാദിക്കാം,ഇങ്ങനെയൊക്കെ ആണ് അകത്തിരിക്കുന്ന എന്നെ പോലുള്ള വീട്ടമ്മമാരും ചിന്തിക്കുക.

കാലം ഇത്രയൊക്കെ ആയപ്പോള്‍ ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ അനുഭവിക്കാവുന്ന വിഷമങ്ങളൊക്കെ എനിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞു.എന്നാലും ജോലി എന്ന സുന്ദര സ്വപ്നം മനസ്സില്‍ ഒളിമങ്ങാതെ കിടന്നു.കുഞ്ഞു കുഞ്ഞു പിള്ളാരെയും,അവരുടെ വലിയ കുഞ്ഞു ബാപ്പയെയും നോക്കാന്‍ പോലും ഉള്ള സമയം തികയാതിരിക്കുംപോഴും ഇടയ്ക്കിടെ ഞാന്‍ പറയും 'ഒരു ജോലിയുണ്ടായിരുന്നേല്‍............!!!!'

എന്‍റെ ഈ ജോലി പ്രേമം കണ്ട് മടുത്തിട്ടാവണം എന്‍റെ ഭര്‍ത്താവ് എനിക്ക് ഒരു "പണി" തന്നത്.അദ്ദേഹത്തിന്റെ ഓഫീസിലെ അക്കൌണ്ടന്റ് കുറച്ചു ദിവസത്തേക്ക് നാട്ടില്‍ പോയി..കുറെ വര്‍ക്ക് പെണ്ടിങ്ങിലാണ്..എന്നോട് പറഞ്ഞു.. 'നീ ഒരു കാര്യം ചെയ്യു  ഞാന്‍  കുറച്ചു  ഇന്‍വോയിസ് കൊണ്ടു വരാം നീ അത് എക്സെല്‍ ഉപയോഗിച്ച്(ഡാറ്റ എന്റര്‍)  ചെയ്തു  തരണം.ഭാവിയില്‍ നിനക്ക് ജോലി ചെയ്യാനുള്ള പരിശീലനവും ആകുമല്ലോ..'എന്ന് നമ്മടെ മനസ്സിലേക്ക് ഒരു ചൂണ്ടയുമിട്ടു.ആ ചൂണ്ടയില്‍ കൊത്തിയ ഞാന്‍ എവിടെ ഇന്‍വോയിസ്?എവിടെ എവിടെ..എന്നും ചോദിച്ചു തിരക്ക് കൂട്ടി.

അന്ന് ഓഫീസില്‍ നിന്നു വരുമ്പോള്‍ ആ "കുറച്ച്" ഇന്‍ വോയ്സിന്റെ കൂമ്പാര കെട്ടും കൊണ്ടായിരുന്നു അദ്ദേഹം വന്നത്.ഫോട്ടോ എടുക്കാന്‍ മറന്നു അല്ലേല്‍ ആ കെട്ടു ഇവിടെ ഇടാമായിരുന്നു.ഒഫീഷ്യല്‍ അല്ലേലും ആദ്യത്തെ ജോലി അല്ലേ എന്ന വിചാരത്തോടെ പിറ്റേന്ന് കുട്ടികളെ സ്കൂളിലേക്ക് അയച്ചു ബിസ്മിയും കൂട്ടി ഞാന്‍ എന്‍റെ കന്നി  ജോലിക്ക് തുടക്കം കുറിച്ചു.

ആദ്യമൊക്കെ നല്ല രസത്തോടെയും ,പിന്നെ കുറച്ച് അഹങ്കാരത്തോടെയും ഞാനെന്റെ ജോലി ചെയ്തു തുടങ്ങി.രാവിലെ എട്ടുമണിക്ക് തുടങ്ങിയതാണ്‌ കുറെ അധികം ചെയ്തിട്ടും ആ കൂമ്പാര കെട്ടിന് ഒരു കുറവും ഇല്ല.
സമയം പന്ത്രണ്ടാവുന്നു..അയ്യോ..ചോറും,കറിയും ഉണ്ടാക്കണം ഇതിപ്പം എവിടേം എത്തിയതുമില്ല. ഏതായാലും അരമണിക്കൂര്‍ ലീവെടുത്ത് ഭക്ഷണം ഉണ്ടാക്കാന്‍ പോയി.വീണ്ടും ജോലി തുടങ്ങി.. ഈ ഇന്വോയിസസിന്റെ അടിയില്‍ നീലക്കൊടിവേരോ മറ്റോ ഉണ്ടോ എന്ന് സത്യമായും സംശയിച്ചുപോയി. മൂന്നു മണി ആവുമ്പോഴേക്കും ഏകദേശം കഴിഞ്ഞു.

കഴുത്ത് വേദന,മര്യാദക്ക് ടീവിയും കണ്ടോ,ബ്ലോഗും വായിച്ചോ ഇരിക്കാവുന്ന സമയം പോയിക്കിട്ടി.അന്ന് തന്നെ ജോലി സാധ്യതയിലെ മടുപ്പിക്കുന്ന സാധ്യത അനുഭവവേദ്യമായി..എന്‍റെ ജോലികണ്ട് തൃപ്തനായ ഭര്‍ത്താവ് പിറ്റേന്നും, ഒരു കെട്ട് 'സംഭവവും' ആയാണ് വന്നത്.എന്തെങ്കിലും പറയാന്‍ പറ്റുമോ..?ജോലി ജോലി എന്ന് വലിയവായില്‍ നിലവിളിക്കുമ്പോള്‍ എന്ത് കൊണ്ട് ഇതൊന്നും ഓര്‍ത്തില്ല..? അനുഭവിക്കുക തന്നെ..!

പക്ഷെ ഞാന്‍ പറയാതെ പുള്ളിക്ക് എന്‍റെ വീട്ടുജോലിയും ഈ ജോലിയും കൂടിയുള്ള വിഷമം മനസ്സിലായിരുന്നു.എന്നെ ഒരു പാഠം പഠിപ്പിക്കണം എന്നും കരുതിയിരിക്കാം...അതിനു ശേഷം എനിക്ക് ജോലിയുള്ള ആണിന്റെം, പെണ്നിന്റെം, വിഷമം മനസ്സിലായി.എന്നാലും മനസ്സില്‍ ഒരു ജോലി മോഹം കിടപ്പില്ലേ..എന്ന് ചോദിച്ചാല്‍ അത് ഉണ്ട് താനും....ജോലി എന്ന സ്വപ്നം.

38 comments:

Sameer Thikkodi said...

അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും. ഹ! ഹ!

നന്നായി ... അനുഭവം

ചെറുവാടി said...

തുടക്കത്തില്‍ ഒരു ഫെമിനിസം മണത്തത് കൊണ്ട് തുടര്‍ന്ന് വായിക്കണോ എന്നൊരു സംശയം വന്നു. പിന്നെ മുന്നോട്ട് പോയപ്പോള്‍ മനസ്സിലായി സംഗതി ഞങ്ങളുടെ വഴിക്ക് തന്നെയാണ് വരുന്നതെന്ന്. ഏതായാലും ജോലി ചെയ്യാനുള്ള ആഗ്രഹവും അത് ചെയ്തപ്പോള്‍ കുടുങ്ങിപോയതും എല്ലാം രസകരമായി അവതരിപ്പിച്ചു.
ശമ്പളം കിട്ടില്ലെന്നെയുള്ളൂ. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് നല്ലതല്ലേ. എന്ന് വെച്ച് നീ ഇതൊക്കെ ചെയ്യുമോ എന്ന് എന്നോട് ചോദിക്കല്ലേ ട്ടോ . ഉത്തരമില്ല.

ചാണ്ടിക്കുഞ്ഞ് said...

പണ്ട് സിനിമയില്‍ പറഞ്ഞ പോലെ, ഒരു ജോലി കിട്ടിയിട്ട് വേണം കുറച്ചു നാള്‍ ലീവെടുക്കാന്‍....
അക്കരെ നിക്കുമ്പം ഇക്കരെപ്പച്ച എന്ന് പറഞ്ഞ പോലെയായി കാര്യങ്ങള്‍...
ഇഷ്ടപ്പെട്ടു അനുഭവകഥ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അ..ആ..അപ്പ അതായിരുന്നല്ലേ...
ഇന്നലെ ടി.വി.യില്‍
കൗതുകവാര്‍ത്തകളില്‍ കണ്ടിരുന്നു
ഒരാള്‍ കാര്യമായിരുന്ന് ജോലി എടുക്കുന്ന വാര്‍ത്ത..
എന്തായാലും ഇപ്പോ മനസിലായില്ലേ ഈ ജോലി ജോലി എന്നു പറയണത്
ചുമ്മാ ഒരു നേരം പോക്കല്ലന്ന്....
നല്ല രസകരമായി അവതരിപ്പിച്ചു...------------------------------
പുതിയ പോസ്റ്റിടുമ്പോ ഒരു മെയില്‍ അയക്കൂ..
"ജോലി"യുള്ള കാരണം പുതിയ പോസ്റ്റുകള്‍ വരുന്നത് അറിയുന്നില്ല
ഹി ഹിഹി...

mayflowers said...

മോളെ,
നമ്മള്‍ ചെയ്യുന്ന ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്.ഒരു വീട് മാനേജ് ചെയ്യുക എന്ന് പറയുന്നത് ചില്ലറക്കാര്യമല്ല.വെറുതെയാണോ സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ ഭാര്യയെ 'home minister' എന്ന് വിളിക്കുന്നത്‌?
ഏതായാലും നന്നായി എഴുതി.

MyDreams said...

:)

പദസ്വനം said...

ഞാന്‍ ഇനി Comment-ഉന്ന പ്രശ്നമേ ഇല്ല... അത്രയ്ക്ക് വഴക്കാ... [-(
അതിരിക്കട്ടെ... അന്ന് ചെയ്ത ജോലിക്ക് ശമ്പളം വല്ലതും ?? ;)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

Christmas ആശംസകണ്ട് ഉദ്യോഗസ്ഥയുടെ തലക്കനം അളക്കാൻ വന്നാതാണിവിടെ കേട്ടൊ.
കണക്ക പിള്ളച്ചിയായില്ലെങ്കിലും നല്ലൊരു നർമ്മകഥപിള്ളച്ചിയെ ഇവിടെ ദർശിക്കുവാൻ കഴിഞ്ഞു...!

മണ്ടി കൊണ്ടറിഞ്ഞു എന്നുപറയാൻ ഞാനളല്ലേ.............

പിന്നെ ഏത് ജോലിക്കും അതിന്റേതായ ഗുണഗണങ്ങൾ ഉണ്ടെന്ന് മനസ്സിലെന്നും ഓർത്തുവെക്കുമല്ലോ..!

$.....jAfAr.....$ said...

രസകരമായി അവതരിപ്പിച്ചു.....
അഭിനന്ദനങ്ങള്‍.....

കുഞ്ഞായി said...

ഹഹ..
ഇത് എല്ലാ പെണ്ണുങ്ങളുടേയും സ്വപ്നമല്ലേ ....

എന്റെ നല്ല പാതി ഇതുപോലെ ഒരാഗ്രഹം പ്രകടിപ്പിച്ചിരുന്നു..ഡിപ്ലോമ അത്ര മോശം ‘ഡിഗ്രി’യൊന്നുമല്ലെന്ന് പറഞ്ഞിറങ്ങിയെങ്കിലും പിന്നീടാണ് മനസ്സിലായത് നാട്ടില്‍ പറമ്പില്‍ കൊത്താന്‍ വരെ ബി ടെക്കുകാരെയാണ് വേണ്ടതെന്ന്..

പോസ്റ്റ് നന്നായിട്ടോ

kARNOr(കാര്‍ന്നോര്) said...

ഒരു ജോലി വേണം ജോലി വേണം ന്ന് പറഞ്ഞ് ചെവി തിന്നുന്ന ഭാര്യേ ഒന്നു വായിച്ചു കേള്‍പ്പിയ്ക്കണം. ഓഫീസീന്ന്‍ വീട്ടില്‍ ചെന്നിട്ടാകട്ടെ..

ചെറുവാടി said...
This comment has been removed by the author.
hafeez said...

രസകരമായി എഴുതി. പക്ഷെ ഇനിയുള്ള കാലത്ത്‌ രണ്ടു പേര്‍ക്കും ജോലിയില്ലെങ്കില്‍ ബുദ്ധിമുട്ടാണ്.(നഗര ജീവിതം).

മിസിരിയനിസാര്‍ said...

bharthavinu 100/100 mark nalkunnu........

സലീം ഇ.പി. said...

ജാസ്മി, ഇനിയെങ്കിലും ഞങ്ങള്‍ ഭര്‍ത്താക്കന്മാര്‍ ബ്ലോഗര്‍മാര്‍ എത്ര കഷ്ട്ടപെട്ടാണ് പോസ്റ്റുന്നത് എന്ന് മനസ്സിലാക്കി എല്ലാ ആണ്‍ ബ്ലോഗിലും പോയി കമന്ററി സഹായിക്കൂ...തല്ക്കാലം ജസ്മിയെ വേറൊരു പണിക്കു വിടാന്‍ ഞങ്ങള്‍ ആരാധകര്‍ സമ്മതിക്കില്ല, ബ്ലോഗെഴുത്ത് എന്താ അത്ര മോശം പണിയാണോ..പിന്നെ പണം, അത് ഹസ്സിന്റെ കീശയില്‍ ഇല്ലെ, പിന്നെന്തിനാ ജോലി..:)

pushpamgad said...

നല്ല സ്വപ്നം,ചീത്ത സ്വപ്നം എന്നൊക്കെ പോലെ ജോലിക്കാര്യത്തിലും അങ്ങിനൊക്കെ കണ്ടേക്കാം ജാസ്മി..
നാളെ ഇതുപോലെ ബ്ലോഗെഴുതുക,കമന്റിടുക എന്നതൊക്കെ ഒരു ജോലിയും വരുമാനവുമൊക്കെ ആയിത്തീരില്ല എന്നാരുകണ്ടു!
എല്ലാം നന്നായി എഴുതി.
ആശംസകള്‍...

salam pottengal said...

സ്വന്തമായി ജോലി ചെയ്തു, സ്വയം തെളിയിച്ച് കാണിക്കാന്‍ ഉള്ളില്‍ വിങ്ങുന്ന പൊതു പെണ്‍മനസിന്‍റെ പരോക്ഷമായ നിലവിളി ഈ കുറിപ്പിലുണ്ട്. മതത്തിന്റെ വിധിവിലക്കുകള്‍ എണ്ണിപ്പറഞ്ഞു അവരെ പിറകോട്ടു വലിക്കുന്ന പൊതു ആണ്‍മനസ്സിന് വിധേയപ്പെടുന്ന ഒരു ദയാമനസ്സും ഇതിലുണ്ട്.
പോസ്റ്റ്‌ നന്നായി.

കൊച്ചു കൊച്ചീച്ചി said...

ജോലിക്ക് പോകണമെന്ന് തോന്നുന്നുണ്ടെങ്കില്‍ പോകണം എന്നുതന്നെയാണ് ഞാന്‍ പറയുക. ശമ്പളം പ്രശ്നമല്ല, അതിലൊരു മോക്ഷാനുഭൂതിയുണ്ട്. മുഴുവന്‍ സമയ ജോലി ബുദ്ധിമുട്ടാണെങ്കില്‍ ഏതെങ്കിലും പാര്‍ട്ട്‌-ടൈം ജോലിക്കോ ദയാപ്രവര്‍ത്തനത്തിനോ കുറച്ചു സമയം വീട്ടിനു പുറത്ത് ചെലവാക്കുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.

Naushu said...

രസകരമായി അവതരിപ്പിച്ചു.....

faisu madeena said...

നിങ്ങള്‍ ആളു കൊള്ളാമല്ലോ .....!!!!!!


ഇവിടെ ഞങ്ങള്‍ ആണുങ്ങള്‍ക്ക് തന്നെ പണി ഇല്ല്ല .......

സുജിത് കയ്യൂര്‍ said...

uchithamaaya post.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പണി കിട്ടിയത് പണിയായി അല്ലേ?
പക്ഷെ;ഇത്തരം അനുഭവങ്ങള്‍ നമ്മെ വിനയാന്വിതരാക്കും.
ഞങ്ങടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്-
'വരാന്‍ യാസീന്‍ ഓതി, പോകാന്‍ ഖത്തം തീര്‍ക്കേണ്ടി വന്നു' എന്ന്

ഹാപ്പി ബാച്ചിലേഴ്സ് said...

പണികിട്ടിയല്ലൊ സമാധാനമായി! പോസ്റ്റ് നല്ല രസകരമായി. ഇപ്പൊ എങ്ങനാ ജ്വാലി ജ്വാലി എന്ന ത്വര വരാരുണ്ടോ? പുതുവത്സരാശംസകൾ നേരുന്നു. (ആ ഡാൻസ് പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലേ?)

SONY.M.M. said...

ജോലി പുരാണം ഇഷ്ടായി ട്ടോ

അസീസ്‌ said...
This comment has been removed by the author.
അസീസ്‌ said...

രസകരമായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.

തെച്ചിക്കോടന്‍ said...

പണിയുടെ 'പണി'മനസ്സിലായില്ലേ ഇപ്പോള്‍ :)

പിന്നെ ഒരു കാര്യം, വീട്ടുജോലിയും ഒരു ജോലിതന്നെയാണ് കേട്ടോ!

ആശംസകള്‍.

~ex-pravasini* said...

ഏതായാലും രണ്ടു ദിവസം കൊണ്ട് ജോലിപ്പൂതി കഴിഞ്ഞല്ലേ..
ആവശ്യമെങ്കില്‍ മാത്രം സ്ത്രീകള്‍ ജോലിക്ക് പോയാല്‍ മതിയെന്ന പക്ഷക്കാരിയാണ് ഞാനെങ്കിലും,,
ലീവും കൂലിയുമില്ലാത്ത വീട്ടമ്മ റോളില്‍ ചില നേരങ്ങളില്‍ ദേഷ്യമിളകാറുണ്ട് ട്ടോ..
എങ്ങനെയൊക്കെയായാലും നമ്മുടെ കുട്ടികള്‍ക്ക് നമ്മള്‍ വീട്ടിലുണ്ടാകുന്നത് തന്നെയാണ് നല്ലത്.
നന്നായിട്ടെഴുതി ജസ്മിക്കുട്ടി,

elayoden said...

തല്‍ക്കാലം ഇനി വീട്ടു ജോലിയും ബ്ലോഗ്‌ ജോലിയുമായി കഴിഞ്ഞാല്‍ മതിയല്ലേ...ജോലി കിട്ടിയാലും വിഷമം, കിട്ടിയില്ലെങ്കിലും വിഷമം..
വായിക്കാന്‍ രസമായിരുന്നു.. ഇനി INVOIE കാണുമ്പോള്‍ ഓടുമോ?

വിരല്‍ത്തുമ്പ് said...

''രാവിലെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക് പോകാം..അവിടെ ഉള്ള സഹപ്രവര്‍ത്തകരോട് തമാശയും,നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞു വൈകും വരെ ഇരുന്നു ചിരിക്കാം..നല്ല രസം സുന്ദരം ജീവിതം..സ്വന്തമായി പണം സമ്പാദിക്കാം''

ഈ വരികളില്‍ ഉണ്ട് സ്വാതന്ത്ര്യം ആശിക്കുന്ന ഒരു നല്ല വീട്ടമ്മ.....

ആസ്വാദകൻ‍/ The Admirer said...

പണി കിട്ടി ആല്ലേ. അവതരണം നന്നായി.

ajeshchandranbc1 said...

ജാസ്മിക്കുട്ടിയുടെ സ്വപ്നത്തിലുള്ള "ആ" ജോലിയുണ്ടല്ലോ ,,
അതെല്ലാവരുടെയും മനസ്സിലുണ്ട്..
പ്രത്യേകിച്ച് ഒരു പണിയുമില്ലാത്ത, ഒരു പാട് സമയം ഫ്രീയായി ഇരിയ്ക്കാന്‍ പറ്റുന്ന എന്നാല്‍ കൈ നിറച്ച് ശമ്പളം കിട്ടുന്ന ഒരു ജോലി..
അത് തന്നെയാണ്‌ സ്വന്തമായി ജോലിയുള്ളവരുടെ ആഗ്രഹവും....

Akbar said...

ജോലി രാജിവെച്ച് ജോളിയായി ജീവിക്കൂ ജാസ്മിക്കുട്ടി.

ശിരോമണി said...

ജോലി ഒരു മഹാകാവ്യം . ഹ ഹ കലക്കി. http://shiro-mani.blogspot.com/

jazmikkutty said...

ആശംസകള്‍ നേര്‍ന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ആത്മാര്‍ഥമായ നന്ദി..കൂടെ പുതുവത്സരാശംസകളും...

SHAHANA said...

ഇതെന്താ ....എന്‍റെ കഥയാണോ ഇവിടെ എഴുതിവെച്ചിരിക്കുന്നെ ??? ഞാനും ഇത് പോലെ വര്‍ഷങ്ങളായി ഒരു ജോലിക്ക് വേണ്ടി കെട്ടിയവന്റെ സൌര്യം കെടുത്താന്‍ തുടങ്ങിയിട്ട് ,,,ഇപ്പൊ വീട്ടില്‍ ഇരുന്നും കിടന്നും നടന്നും ഡാറ്റ എന്‍ട്രി ചെയ്തു ചെയ്തു വെറുത്തു പോയി...കൂടാതെ കെട്ടിയവന്റെ ഓഫീസിലെ മഹത്തായ ഇന്‍വോയ്സ് കെട്ടുകളും .. ജോലി വേണമെന്ന് പറഞ്ഞു ഭര്‍ത്താക്കന്മാരെ പീഡിപ്പിക്കുന്ന ഭാര്യമാരെ പീഡിപ്പിക്കാന് ദൈവം അറിഞ്ഞുണ്ടാക്കിയ സാധനമാണ് ഈ ഇന്‍വോയ്സ്.....അല്ലേ ജാസ്മിക്കുട്ടി ??

SHAHANA said...
This comment has been removed by the author.
Shihab Aboobacker said...

Goood